‘അഭിനന്ദൻ യുദ്ധമവസാനിപ്പിച്ചവൻ’ പാക് കസ്റ്റഡിയിലെ ഇന്ത്യന്‍ കമാന്‍ഡര്‍ക്ക് സമൂഹമാധ്യമങ്ങളിൽ നന്ദി പ്രവാഹം

By on

ഇന്ത്യയുടെ വ്യോമ സേന വിമാനം തകർക്കപ്പെട്ട് പാകിസ്താന്‍റെ കസ്റ്റഡിയിലായ ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദിന്‍റേതാണ് ഇപ്പോൾ ഇന്ത്യയിൽ സമൂഹമാധ്യങ്ങളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പേര്. യുദ്ധമവസാനിപ്പിച്ചവൻ എന്നാണ് അഭിനന്ദനെ, നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പുകളിൽ വിശേഷിപ്പിക്കുന്നത്. ദക്ഷിണേന്ത്യക്കാരനെന്ന നിലയിലും അഭിനന്ദന് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ. തകർന്ന വിമാനത്തിൽ നിന്നും പിടിക്കപ്പെട്ട അഭിനന്ദിന്‍റെ ആദ്യ ചിത്രം പുറത്തു വന്നപ്പോൾ പാകിസ്താൻ സൈനികരുടെ ക്രൂര മർദ്ദനത്തിൽ അഭിനന്ദന് പരിക്കേറ്റുവെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ ഭൂരിപക്ഷവും റിപ്പോർട്ട് ചെയ്തത്. എന്നാൽ തൊട്ടുപിന്നാലെ ചായ കുടിച്ചുകൊണ്ട് പാകിസ്താനി സൈനികോദ്യോ​ഗസ്ഥരുടെ മുന്നിൽ അഭിനന്ദന്‍ ഇരിക്കുന്നതിന്‍റെയും ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന്‍റെയും വിഡിയോ പുറത്ത് വന്നതോടെ ചിത്രം മാറി. ഈ വിഡിയോയ്ക്ക് പിന്നാലെയാണ് അഭിനന്ദന്‍ വർദ്ധമാൻ എന്ന വിം​ഗ് കമാൻഡർ സോഷ്യൽ മീഡിയ തരം​ഗമായി മാറിയത്.
പാകിസ്താനി സൈനികോദ്യോ​ഗസ്ഥനും അഭിനന്ദും തമ്മിലുള്ള സംഭഷണം ഇങ്ങനെയായിരുന്നു.

പാക് മേജർ-എന്താണ് നിങ്ങളുടെ പേര്?
അഭിനന്ദന്‍- വിം​ഗ് കമാൻഡർ അഭിനന്ദ്
പാക് മേജർ-നിങ്ങളോട് ഞങ്ങൾ നന്നായി പെരുമാറിയെന്ന് വിശ്വസിക്കട്ടെ
അഭിനന്ദന്‍-അതെ, ഞാൻ ഇത് രേഖാ മൂലം പറയാൻ ആ​ഗ്രഹിക്കുന്നു, ഞാൻ എന്‍റെ രാജ്യത്തേയ്ക്ക് മടങ്ങിയാലും എന്‍റെ വാക്കുകൾ ഞാൻ തിരുത്തില്ല, പാകിസ്താനി സൈനിക ഉദ്യോ​ഗസ്ഥർ എല്ലാവരും എന്നോട് നന്നായാണ് പെരുമാറിയത്. എന്നെ പ്രദേശവാസികളിൽ നിന്നും രക്ഷപ്പെടുത്തിയ ക്യാപ്റ്റൻ മുതൽ സൈനികരും മറ്റെല്ലാ ഉദ്യോ​ഗസ്ഥരും ന‌ന്നായാണ് പെരുമാറിയത്, എന്‍റെ സേനയും ഇങ്ങനെ തന്നെ പെരുമാറണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്, എനിക്ക് വളരെ മതിപ്പ് തോന്നുന്നു.
പാക് മേജർ- വിം​ഗ് കമാൻഡർ, നിങ്ങൾ ഇന്ത്യയിൽ ഏത് സ്ഥലത്ത് നിന്നാണ്?
അഭിനന്ദന്‍-ഞാനത് നിങ്ങളോട് പറയേണ്ടതുണ്ടോ? മേജർ എന്നോട് ക്ഷമിക്കണം, ഞാൻ കുറേ തെക്കു നിന്നാണ്
പാക് മേജർ-നിങ്ങൾ വിവാഹിതനാണോ?
അഭിനന്ദന്‍-അതെ
പാക് മേജർ- നിങ്ങൾക്ക് ചായ ഇഷ്ടമായെന്ന് കരുതുന്നു?
അഭിനന്ദന്‍-ചായ ​ഗംഭീരമാണ്, നന്ദി.
പാക് മേജർ-അപ്പോൾ വിശദാംശങ്ങളിലേക്ക് കടക്കാം, ഏത് വിമാനമാണ് നിങ്ങൾ പറത്തിയിരുന്നത്?
അഭിനന്ദന്‍-ക്ഷമിക്കമം മേജർ ഞാൻ ഇത് നിങ്ങളോട് പറയാൻ പാടില്ല. പക്ഷേ (വിമാനത്തിന്‍റെ) അവശിഷ്ടങ്ങൾ നിങ്ങൾ കണ്ടെത്തിയെന്ന് എനിക്ക് ഉറപ്പാണ്
പാക് മേജർ-എന്തായിരുന്നു നിങ്ളുടെ ദൗത്യം?
അഭിനന്ദന്‍-ക്ഷമിക്കണം എനിക്കത് പറയാനാവില്ല
പാക് മേജർ-ശരി, നന്ദി

ചായ കുടിച്ചുകൊണ്ടുള്ള ഈ ചോദ്യോത്തര വേളയിൽ നിന്നും പ്രചോദിതമായി ”ചായ ഉണ്ടാക്കൂ, യുദ്ധമല്ല” എന്ന യുദ്ധ വിരുദ്ധ പ്രചാരണവും അഭിനന്ദിന്‍റെ ചിത്രം ഉപയോ​ഗിച്ചുള്ള പോസ്റ്ററുകൾ ഉണ്ടാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പടരുകയാണ്. അപകടസ്ഥലത്ത് നിന്നും അഭിനന്ദനെ പാക് സൈനികർ വാഹനത്തിൽ കൊണ്ട് പോവുന്നതിന്‍റെ വിഡിയോയും ഇതിനിടയിൽ പുറത്തു വന്നു.

 


Read More Related Articles