എന്‍റെ അല്ലാഹു വിളി വ്യക്തിപരമാണ്, വെടിയേറ്റപ്പോള്‍ ഗാന്ധി വിളിച്ച ഹേ റാം പോലെ-ലദീദ ഫര്‍സാന

By on

ഡിസംബർ ആദ്യവാരങ്ങളിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ ശക്തിപ്പെട്ടത്. അതിന് തുടക്കമെന്ന രീതിയിൽ മനസ്സിലാക്കാവുന്നതാണ് ജാമിഅ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലും അലിഗഢ് സർവ്വകലാശാലയിലും ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ. ഇന്നിത് രാജ്യവ്യാപകമായി മാറിക്കഴിഞ്ഞു.ഇതിന്റെ മുന്നോട്ടുള്ള ഗതിയെ ലദീദ എങ്ങനെയാണ് നോക്കിക്കാണുന്നത്? 
ഇത് പലയിടങ്ങളിലായി പല സമരങ്ങളിലായി തുടങ്ങിയതാണ്. ജാമിഅയ്ക്ക് സമരം ചെയ്യാനുള്ള പ്രചോദനമായത് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയാണ്. അസമിലെ ജനങ്ങൾ എത്രയോ മുന്നേ തെരുവിലിറങ്ങിയിട്ടുണ്ട്. സമാന്തരമായി പലയിടത്തായി തുടങ്ങിയ സമരമാണിത്. വിദ്യാർത്ഥികൾ തുടങ്ങി, വിദ്യാർത്ഥികൾ പ്രധാന പങ്കുവഹിച്ചു എന്ന് പറയുന്നതോടൊപ്പം തന്നെ, സാധാരണക്കാരായ ജനങ്ങൾ തെരുവിൽ നിലകൊള്ളുന്ന സമരമായി മാറിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ, ഹെെദരാബാദിൽ,ലഖ്നൗവില്‍, മുംബെെയില്‍ തുടങ്ങി അസം, കേരളം, ഡൽഹി, എല്ലായിടത്തും ജനങ്ങളിപ്പോൾ തെരുവിലാണ്, വലിയ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഇത് എവിടെയും നിർത്താൻ ആരും ഉദ്ദേശിക്കുന്നില്ല. ഇതൊരു ബില്ലിനോടുള്ള പോരാട്ടം എന്നതിനോടൊപ്പം തന്നെ നമ്മൾ വായിക്കേണ്ടത്, ഇത് രണ്ടാമത്തെ തവണയാണ് ബിജെപി ഗവണ്മെന്‍റ് അധികാരത്തിൽ വരുന്നത്. അതിനോടുള്ള, ഇത്രയും കാലം ഫാസിസ്റ്റ് ഭരണകൂട സമീപനങ്ങൾ സഹിച്ച് നിന്നൊരു ജനങ്ങളിൽ നിന്നുണ്ടാകുന്ന ഒരു റിയാക്ഷനാണ് ഈ സമരം. എൻആർസി, സിഎഎ, എൻപിആർ ഇതെല്ലാം വരുന്നതോടുകൂടി ജനങ്ങൾ കാണിക്കുന്നത് ഇതുവരെ ഉണ്ടായിരുന്ന ഫാസിസ്റ്റ് സമീപനങ്ങളോടുള്ള എതിർപ്പ് കൂടിയാണ്. ഇതെവിടെയും നിൽക്കില്ല എന്നാണ് ഞാനിതിൽ പോസിറ്റീവായി മനസ്സിലാക്കുന്ന കാര്യം. സമരങ്ങൾ ശക്തമായ ശേഷമുള്ള അമിത് ഷായുടെ പ്രസ്താവനകൾ ശ്രദ്ധിച്ചാൽ മതി, അവർ മയപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരർത്ഥത്തിൽ നമുക്കത് ക്ലെവർ നിലപാടാണ് എന്ന് പറയാം, അതോടൊപ്പം നമ്മളെ മയപ്പെടുത്തുന്ന സമീപനങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അതിനോട് നമ്മളൊരിക്കലും മയപ്പെടില്ല, സമരസപ്പെടില്ല. ഈ നിയമം പിൻവലിക്കുക എന്നത് തന്നെ ഒന്നാമത്തെ ആവശ്യമായി നിലനിൽക്കുന്നുണ്ട്. ഇത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ സമരമാണ്, പലരും പല വേദികളിലായി പ്രഖ്യാപിച്ച പോലെ ഈയൊരു ഫാസിസ്റ്റ് ഭരണകൂടം, ബിജെപി ഗവണ്മെന്‍റ് ഒരർത്ഥത്തിൽ താഴെയിറങ്ങുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നതാണ് ഞാൻ മനസ്സിലാക്കുന്ന പോസിറ്റീവ് വശം.
ഒരുപാട് വർഷങ്ങൾക്ക് മുമ്പേ ഡ്രാഫ്റ്റ് ചെയ്ത് ഒടുവിൽ 2019ൽ അത് നിയമമായി മാറി. ഈയൊരു നിയമം ഏറ്റവുമാദ്യം ലക്ഷ്യം വെക്കുന്നത് ഇന്ത്യയിലെ മുസ്ലിങ്ങളെയാണ്. അങ്ങനെ ഒരു സമുദായം ഈ നിയമത്തിന്‍റെ അതിക്രമം അനുഭവിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്, അസമിലത് നടന്നുകഴിഞ്ഞു.ഇന്ത്യൻ മെയ്ൻലാൻഡിലും അത് ലക്ഷ്യമിടുകയാണ്. പല സംസ്ഥാനങ്ങളും ഇതിനെതിരെ നിലപാടെടുത്തെങ്കിലും അതിന്‍റെയൊന്നും സാങ്കേതികതകളെപ്പറ്റി അധികം വ്യക്തമായിട്ടില്ല ഇപ്പോഴും. ഇങ്ങനെയൊരു സാഹചര്യത്തിൽ ഈ മുന്നേറ്റത്തിന്‍റെ സഖ്യം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കേരളത്തിൽ. ഇതിനെ എങ്ങനെയാണ് സമീപിക്കുന്നത്?
ഇതൊരു കുട്ടിക്കളിയായി കാണരുതെന്നാണ് ഒന്നാമതായി പറയാനുള്ളത്. എന്‍റെ വ്യക്തിപരമായ അഭിപ്രായം, എൻആർസിക്കും സിഎഎയ്ക്കും എതിരെയുള്ള സമരമാണെങ്കിൽ അതിൽ ഏതറ്റം വരെ യോജിക്കാൻ പറ്റുമോ യോജിക്കാൻ പറ്റുന്ന ഒരു അംശം കാണുന്നെങ്കിൽ ഞാനതിനോട് യോജിക്കും എന്നാണ്, എന്നെ ഏതർത്ഥത്തിൽ ഫ്രെയിം ചെയ്താലും. എന്നെ സംബന്ധിച്ച് ഇത് വലിയൊരു വിപത്താണ്. ഭരണഘടനയെ ബാധിക്കുന്ന, ഭരണഘടന മെെനോറിറ്റിക്ക് നൽകുന്ന അവകാശങ്ങളെ ഹനിക്കുന്ന, അതിനെ ഇല്ലാതാക്കുന്ന വലിയൊരു കാര്യമാണ്. അതിനെ അതിന്‍റെ ഗൗരവത്തിലെടുക്കാൻ പറ്റണം, ഇപ്പോഴും സമരമുന്നണിയിൽ ആര് വേണം ആര് വേണ്ട എന്ന തർക്കങ്ങളൊക്കെ മാറ്റിവെക്കാനുള്ളതാണ് എന്നതാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ഇത് സമരങ്ങളിലെ ബഹിഷ്കരണങ്ങളോടുള്ള സമരമല്ല. ഇത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കാൻ പോകുന്ന ഒരു നിയമത്തിനെതിരെ, ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെയുള്ള സമരമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആരെ കൂട്ടണം ആരെ കൂട്ടണ്ട എന്ന തർക്കങ്ങളൊക്കെ ബാലിശമാണ് എന്നാണ് എനിക്ക് പറയാനുള്ളത്. യോജിക്കാൻ പറ്റുന്നിടത്തൊക്കെ യോജിക്കട്ടെ. എനിക്ക് രാഷ്ട്രീയമുണ്ടാകാം, നിലപാടുണ്ടാകാം, എന്‍റെ എതിർവശത്തുള്ളയാൾ‍ക്കും രാഷ്ട്രീയമുണ്ടാകാം നിലപാടുണ്ടാകാം. പക്ഷേ ഈ ആക്റ്റ്, ഈ ബിൽ, ഈ ബിജെപി ഗവണ്‍മെന്‍റിനെതിരെയുള്ള നിലപാട് നമ്മളെ സംബന്ധിച്ച് ഒന്നായിരിക്കുമ്പോൾ ഒന്നായി നിന്ന് തന്നെ ഇതിനെതിരെ സമരവുമായി മുന്നോട്ടുപോകണം എന്നാണ് എന്‍റെ അഭിപ്രായം. അതിൽ എല്ലാവരുടെയും ശബ്ദങ്ങൾ വരട്ടെ. ആരും ആരെയും തടയേണ്ടതില്ല. ഞാൻ അങ്ങോട്ടും തടയണ്ട അവർ ഇങ്ങോട്ടും തടയണ്ട. ഒരു കോമൺ കോസിന് വേണ്ടി എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട ആവശ്യകതയുണ്ട്. കേരളത്തിലുള്ളവർക്ക് ഇതിന്‍റെ ഗൗരവം മനസ്സിലാകാഞ്ഞിട്ടാണോ എന്നുപോലും എനിക്ക് സംശയമുണ്ട് ഇങ്ങനെയുള്ള സംശയങ്ങൾ കാണുമ്പോൾ. എനിക്കിവിടത്തെ ആളുകളോട് പറയാനുള്ളത് ജനങ്ങൾ മരിച്ചുവീഴുകയാണ് ഉത്തർപ്രദേശിലൊക്കെ, വീടുകളിൽ കയറിയാണ് മുസ്ലിങ്ങളെ കൊല്ലുന്നത്. എന്താണിതിന്‍റെ കാരണം എന്ന് പറയാതെ നമുക്കിതിനെ ചെറുക്കാൻ കഴിയില്ല. യുപിയിലുള്ള എട്ടുവയസ്സുകാരനായ ചെറുക്കൻ, ബിജെപിക്കെതിരെ ആ കുട്ടി കുട്ടിയുടേതായ രീതിയിൽ സമരം ചെയ്യുമ്പോൾ അവനെയൊക്കെ വെടിവെച്ചുകൊന്നു എന്നുള്ളതാണ്. എട്ടുവയസ്സുകാരനെ എന്തുകൊണ്ട് കൊന്നു? അവൻ മുസ്ലിം ബാലൻ ആയതുകൊണ്ട് കൊന്നു എന്നതാണ് ഉത്തരം. അത് പറയാതെ ഒരിക്കലും മുന്നോട്ടുപോകാൻ കഴിയില്ല, അത് മതവാദമല്ല, ഇരവാദവുമല്ല, ഭരണഘടന നൽകുന്ന അവകാശത്തെക്കുറിച്ചുള്ള സംസാരിക്കലാണത്, എന്‍റെ അവകാശത്തെക്കുറിച്ച് സംസാരിക്കലാണ്. ഉത്തർപ്രദേശിൽ അമ്പതിനായിരം പേർ ജയിലിലാണ്. ഒന്ന് ആലോചിക്കണം, മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് ജയിലിലടക്കുകയാണ്. അവർ എന്തിന് സമരം ചെയ്യുന്നു? മുസ്ലിം ആയ  അവരുടെ അവകാശങ്ങളെ ഹനിക്കുന്നതുകൊണ്ട്, അത് ഇല്ലാതാക്കുന്നത് കൊണ്ട് സമരം ചെയ്യുന്നു. ഇനി സമരം ചെയ്യാത്തവർ‍ തന്നെ, വീട്ടിനകത്തിരിക്കുന്നവരെ തന്നെ പിടിച്ചുകൊണ്ടുപോകുകയാണ്, ജയിലിലടക്കുകയാണ്. എന്തിന്‍റെ പേരിൽ? സമരം ചെയ്യുന്നു എന്ന കാരണം അവിടെയില്ല. അങ്ങനെ നോക്കുമ്പോൾ കാണുന്ന കാരണം അവർ മുസ്ലിം ആണ് എന്നാണ്. അതിനെക്കുറിച്ച് സംസാരിക്കുന്നതിനെ മതവാദം എന്ന് പറയരുത്. ഗവണ്മെന്‍റ് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൃത്യത്തെക്കുറിച്ച് നമ്മൾ തുറന്നുസംസാരിക്കുകയാണ്, സത്യം പറയുകയാണ്, രാഷ്ട്രീയ സത്യസന്ധത കാണിക്കുകയാണ്. അങ്ങനെ പറഞ്ഞുകൊണ്ട് തന്നെ ഫാഷിസത്തെ എതിർക്കുന്നു എന്ന രീതിയിൽ അഭിസംബോധന ചെയ്യട്ടെ. ഒരു പ്രശ്നവുമില്ല. സമരം ചെയ്യരുതെന്ന് ഒരിക്കലും ആരും പറയില്ല, പക്ഷേ ഇതിൽ ഇരകളാക്കപ്പെടുന്നവരെ കുറിച്ച് സംസാരിക്കുമ്പോൾ അങ്ങനെ പറയരുത് എന്ന് തിരിച്ചുപറയാൻ പാടില്ല. യോജിക്കാൻ പറ്റുന്നതിന്‍റെ ഒരംശമെങ്കിലും കണ്ടെത്തുക എന്നുള്ളതാണ്. എന്നിട്ടിതിനെതിരെ നിലകൊള്ളുക അതിന് വേണ്ടി വിശാലമായൊരു വേദിയുണ്ടാക്കുക. കേരളത്തിലുണ്ടാവട്ടെ. എല്ലാവരും മുസ്ലിങ്ങളെ പരിഹസിക്കുന്ന കാര്യമാണ്, അവരുടെ സംഘടനകൾ തമ്മിൽ തന്നെ ഐക്യമില്ല എന്ന്, ഇന്ന് നമ്മൾ കൊച്ചിയിൽ എന്താണ് കാണുന്നത്? കൊച്ചി സ്തംഭിച്ചു, അഞ്ച് ലക്ഷത്തോളം പേരുള്ളൊരു റാലി അവിടെ നടക്കുകയാണ്. ഐക്യപ്പെടാൻ പറ്റുന്ന ഒരു കണികയെങ്കിലും കണ്ടെത്തി ഐക്യപ്പെടുക. ഇടതായിക്കോട്ടെ ലിബറൽ ആയിക്കോട്ടെ സെക്യുലർ ആയിക്കോട്ടെ മുസ്ലിങ്ങൾ ആയിക്കോട്ടെ, ഹിന്ദുക്കൾ ആയിക്കോട്ടെ മതങ്ങളായിക്കോട്ടെ, എങ്ങനെ ആണെങ്കിലും ഈ ഭരണകൂടത്തിന്‍റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ ഈ വംശഹത്യക്ക് എതിരെ ഐക്യപ്പെടാൻ പറ്റുന്ന ഒരു കണിക കണ്ടെത്തി ഐക്യപ്പെടുക.
ജാമിഅയിലും അലിഗഢിലും നടന്ന പൊലീസ് ലാത്തിച്ചാർജിനെയും വെടിവെപ്പിനെയും കുറിച്ച് എടുത്തു പറയുന്നത് എന്തുകൊണ്ടാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. മലയാളികളായ വിദ്യാർത്ഥികൾ അതിന്‍റെ എല്ലാത്തരത്തിലുള്ള ആക്രമണങ്ങളും നേരിട്ട് തിരിച്ചെത്തുമ്പോഴും കേരളത്തിലുള്ള പലരും സമരത്തിലെ നിങ്ങളുടെ പങ്കാളിത്തത്തിനെ കുറിച്ച് പല വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
അതിനോടൊന്നും പ്രത്യേകിച്ചൊന്നും പറയാനില്ല. കാരണം അവിടത്തെ ഭീകരത നേരിട്ട് കണ്ട ആളുകളാണ് നമ്മൾ. അവിടത്തെ എല്ലാ വിദ്യാർത്ഥികളും അത് കണ്ട് അനുഭവിച്ചതാണ്. മുബഷീർ ഉണ്ട്, കാലൊടിഞ്ഞ് കിടക്കുകയാണ്. എൻഎസ് അബ്ദുൽ ഹമീദ് ഉണ്ട്, അവന്‍റെ കെെ ഒടിഞ്ഞിരിക്കുകയാണ്, സമരത്തിലെല്ലാം അബ്ദുൽ ഹമീദ് ഇപ്പോഴും ഉണ്ട്. ബാസിൽ ഇസ്ലാം എന്ന മറ്റൊരു വിദ്യാർത്ഥി, അവന് നല്ല അടി കിട്ടി, ശരീരം മൊത്തം ചതവുകളായിട്ട്.. ഇവിടെ വന്ന് തിരിച്ചുപോയി, സമരമുഖത്ത് തന്നെ ഉണ്ട്. ഒരുപാട് പെൺകുട്ടികൾ… ഓർമ വരുന്ന പേരുകളാണ് പറയുന്നത്. ഫോട്ടോഗ്രാഫർമാരായ ശ്രീകാന്ത് ആയാലും അർജുൻ ആയാലും, ഇവരെല്ലാം വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവരാണ്. പക്ഷേ അവിടെ നിൽക്കുന്നത് ഒരുമിച്ചാണ്. ഇതിന്‍റെ ഭീകരവശം ഇതാണ്, പൊലീസ് തല്ലുന്നു എന്ന് പറയുന്നു, ആർഎസ്എസ് ഗുണ്ടകൾ പൊലീസ് യൂണിഫോമിൽ വന്ന് തല്ലുന്നുണ്ട്, യൂണിഫോമില്ലാതെ വന്ന് തല്ലുന്നുണ്ട്.അതെല്ലാം കാണുകയും എന്താണ് അവിടത്തെ രാഷ്ട്രീയമെന്ന് കൃത്യമായി മനസ്സിലാക്കുകയും അതിന് പരസ്പരം സഹായിച്ചുകൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുകയാണ് അവിടത്തെ വിദ്യാർത്ഥികൾ. ഒരുമിച്ച് നിൽക്കേണ്ടവരാണ്.പക്ഷേ ആളുകൾ ചെയ്യുന്നത് നുണകൾ പ്രചരിപ്പിക്കലാണ്, സംഘപരിവാർ ഉണ്ടാക്കുന്ന സ്ക്രീൻഷോട്ടുകൾ, പോസ്റ്ററുകൾ എടുത്ത് അത് ഷെയർ ചെയ്യുക. നിങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത്. സമരമുഖത്തുള്ള ആളുകൾ തന്നെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നു. ചെറിയൊരു കാര്യം പറഞ്ഞ് നിങ്ങൾ തമ്മിൽ തല്ലാൻ വരുമ്പോൾ ആലോചിക്കേണ്ടത് ഇതിന്‍റെ പിന്നിൽ ഒരു ഐറ്റി സെൽ  പ്രവർത്തിക്കുന്നുണ്ട്, അവരുണ്ടാക്കുന്ന നുണക്കഥകൾ അതൊന്നും അറിയാതെ നിങ്ങളും ഷെയർ ചെയ്യുന്നുണ്ട്, നിങ്ങളും അതിന്‍റെ ഭാഗമായിപ്പോകുന്നുണ്ട്. തമ്മിൽ തല്ലുന്നവർ അതിനെപ്പറ്റി ബോധമുള്ളവരാകണം എന്നാണ്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. അതാണ് ഞാനതിന്‍റെ തർക്ക വശങ്ങളിലേക്ക് അധികം പോകാത്തത്. ഞാൻ പറയുന്നതിനോട് വിയോജിപ്പുള്ളതുപോലെ എനിക്ക് അങ്ങോട്ടും വിയോജിപ്പുണ്ടാകാം. പക്ഷേ ഞാനതിനെക്കുറിച്ച് വിള്ളലുണ്ടാക്കുന്ന രീതിയിൽ സംസാരിക്കാൻ പോലും  മെനക്കെടാത്തത് എനിക്ക് അത് ഇപ്പോൾ പറയേണ്ട കാര്യമല്ല എന്ന ബോധ്യത്തിൽ നിന്നാണ്. അതുകൊണ്ടാണ് ഞാൻ പിന്നെയും പിന്നെയും പറയുന്നത് എവിടെയെങ്കിലും യോജിക്കാൻ പറ്റുന്നുണ്ടോ യോജിക്കാൻ പറ്റുന്ന ഒരു പോയിന്‍റ് കണ്ടെത്തുക. അവിടെ ഐക്യപ്പെടുക. പരസ്പരം ചെളിവാരിയെറിയുന്ന സമീപനം ഒഴിവാക്കിക്കൊണ്ട് ഒരു കോമൺ കോസിന് വേണ്ടി ഒന്നിച്ചുപോകുക എന്നാണ്.
ഈ സമരത്തിന്‍റെ കേരളത്തിലെ സ്വഭാവത്തെ പറ്റി കൂടുതൽ സംസാരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഈ സമരത്തിന് കേരളത്തിൽ നിലനിൽക്കുന്ന രണ്ട് വാദമുഖങ്ങൾ, മതേതര ലിബറൽ സമൂഹം ഭരണഘടനാ അവകാശങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള, അതിന് മുൻഗണന കൊടുത്തുകൊണ്ടുള്ള ഒരു മുന്നേറ്റം. അതുപോലെ മുസ്ലിം സമുദായം സ്വത്വം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഭരണഘടനയും ഉയർത്തിപ്പിടിച്ച് ചെയ്യുന്ന മുന്നേറ്റം. കേരളത്തിൽ അങ്ങനെയൊരു വ്യത്യാസം വ്യക്തമാണ്. ആശയപരമായ പ്രതിസന്ധിയുടെ ഒരു ഘട്ടം ഉണ്ടാകുന്നുണ്ട്. ഏറ്റവും അടുത്ത ശത്രുവിനെ ചെറുക്കേണ്ടുന്ന സമയത്ത് ഈ മുന്നേറ്റത്തെ ഇത്തരം ആശയപരമായ ഫ്രിക്ഷനുകൾ ഈ മുന്നേറ്റത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നാണ്  മനസ്സിലാക്കുന്നത്?
ഒരു ഉദാഹരണം പറയുകയാണെങ്കിൽ സംസാരിക്കുമ്പോൾ എന്നോട് യോജിപ്പുള്ളവർ പറയും, ആത്മാഭിമാനം പണയപ്പെടുത്തി സംസാരിക്കരുത് എന്ന്. ചിലർ പറയും നിങ്ങൾ മുസ്ലിങ്ങളാണ് അക്രമിക്കപ്പെടുന്നത് എന്ന് പറയുന്നു. ഇൻഷാ അല്ലാഹ് ആലോചിക്കും, ഇൻഷാ അല്ലാഹ് വിജയിക്കും എന്ന് പറയുമ്പോൾ അത് മതേതരത്വത്തെ തകർക്കുന്നു എന്ന് പറയുന്നു, എനിക്ക് പറയാനുള്ളത്, ഞാൻ പറയുന്നത് എന്‍റെ നിലപാടാണ്. ഞാൻ പറയുന്ന ഒന്നും ഒരു സംഘടനയോടും ചേർത്ത് വെക്കേണ്ട ഒന്നല്ല. ഞാനെന്ന വ്യക്തിയുടെ നിലപാടാണ്. ഞാൻ മതേതര മൂല്യങ്ങൾ തകർക്കുന്നു എന്ന് പറയുമ്പോൾ സമരം ചെയ്യുന്ന ആളുകളോട് ഞാൻ പറയുന്നതുപോലെ പറഞ്ഞ് സമരം ചെയ്യൂ എന്ന് ഒരിക്കലും പറയില്ല. അവർ സമരം ചെയ്യുന്ന രീതിയിൽ അവർ ചെയ്യട്ടെ. അതവരുടെ അവകാശമാണ്. എന്‍റെ നിലപാടെന്ന രീതിയിൽ എനിക്ക് ചേർത്തുവെക്കാനുള്ള കാര്യം ഞാൻ, ഒരു ഉദാഹരണം പറയാം, എനിക്ക് താരതമ്യം ചെയ്യാൻ താൽപര്യമില്ലെങ്കിലും ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒരുദാഹരണം പറയുകയാണ്. അടി കൊള്ളുമ്പോൾ ഞാൻ പടച്ചോനെ വിളിക്കും. എനിക്കൊരു സങ്കടമുണ്ടാകുമ്പോൾ ഞാൻ അല്ലാഹ് എന്ന് വിളിക്കും. ഇന്നലില്ലാഹ് എന്ന് പറയും. അതൊക്കെ വിശ്വാസത്തിന്‍റെ ഭാഗമായിട്ടുള്ള പ്രയോഗങ്ങളാണ്. ഗാന്ധിക്ക് വെടികൊള്ളുമ്പോൾ ഗാന്ധി ഹേ റാം! എന്ന് പറഞ്ഞാണ് മരിക്കുന്നത്. കൃത്യമായും അത് മതമാണ്. ഹിന്ദു മതത്തിന്‍റെ, ഗാന്ധി വിശ്വസിക്കുന്ന ഒരു മതത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമാണ് ഹേ റാം. സ്വന്തത്തിന് ഒരു അപകടമുണ്ടാകുമ്പോൾ നമുക്ക് നമ്മളോട് ഏറ്റവും ചേർന്നുനിൽക്കുന്ന വിശ്വാസത്തിന്‍റെ ഭാഗമായ കാര്യമാണ് പറയുക. ഇന്ത്യ ഭരണഘടനാപരമായി അനുവദിക്കുന്ന മതേതരത്വത്തിന്‍റെ ഭാഗമാണത്. ഗാന്ധി ഹേ റാം! വിളിച്ചപ്പോൾ ആർക്കും അത് മതേതരത്വത്തെ തകർക്കുന്നതായി തോന്നിയിട്ടില്ല. എനിക്ക് അടി കിട്ടുമ്പോൾ ഞാൻ അള്ളാനെ വിളിക്കും. എനിക്ക് പ്രതീക്ഷയുള്ള ഒരു കാര്യം സംസാരിക്കുമ്പോൾ ഇൻഷാ അല്ലാഹ് പറയും. അതേ പോലെ തന്നെ ഭരണഘടന എനിക്ക് അനുവദിച്ചിരിക്കുന്ന അവകാശം, ഒന്നാമത്തെ കാര്യം. പിന്നെ പറയുന്നത് നിങ്ങൾ പൊതുവേദിയിൽ പറയരുത് എന്നാണ്. പൊതുവേദിയിൽ പറയുന്നത് എങ്ങനെയാണ് മതേതരത്വത്തെ തകർക്കുന്നത്? ഇന്ത്യയെ, മതേതരത്വത്തെ ഞാൻ മനസ്സിലാക്കിയിടത്തോളം അങ്ങനെയൊന്ന് ഉണ്ടെങ്കിൽ തന്നെ അതിൽ പറയുന്നത് എല്ലാ മതക്കാർക്കും അവരവരുടെ വിശ്വാസവും ആചാരവുമായി ജീവിക്കാൻ പറ്റുന്ന ഇടമായിട്ടാണ്. എല്ലാ മതത്തെയും ഒഴിവാക്കിയിട്ട് മതമില്ലാത്തൊരു രാജ്യമായിട്ടല്ലേ ഇന്ത്യയുടെ മതേതരത്വത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ മതേതരത്വം തന്നെ എല്ലാ മതക്കാരും അവരവരുടെ വിശ്വാസങ്ങളും അവരവരുടെ ആചാരങ്ങളുമായിട്ട് ജീവിക്കാൻ, അതെവിടെയാണെങ്കിലും ചെയ്യാനുള്ള സാഹചര്യം, അന്യരുടെ മൂക്കിന്‍റെ അറ്റം വരെയെ ഉള്ളൂ സ്വാതന്ത്ര്യം. അവിടെ തൊടാനില്ല. എന്‍റെ വിശ്വാസം ഒന്നിനെയും ഹനിക്കാത്തിടത്തോളം, ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല, നിർബന്ധിച്ചിട്ടില്ല, ഇൻഷാ അല്ലാഹ് പറയണം എന്ന് ഞാൻ ഇതേ വരെ പറഞ്ഞിട്ടില്ല. പക്ഷേ ഞാനതിൽ വിശ്വസിക്കുന്നിടത്തോളം കാലം ഞാൻ പറയും, അതെനിക്ക് ഭരണഘടന നൽകുന്ന എന്‍റെ അവകാശത്തെ തടയലാണ്. ഹെെദരാബാദിലെ ഉർദു യൂണിവേഴ്സിറ്റി (MANUU) യിൽ പോയപ്പോൾ അവിടെ പൊലീസ് വഴിതടഞ്ഞ് നമ്മളോട് പറയുകയാണ് ഇവിടത്തെ കുട്ടികളും നമ്മളുമായി വലിയ പ്രശ്നമൊന്നുമില്ല നിങ്ങളായിട്ട് പ്രകോപനപരമായി സംസാരിച്ച് പ്രശ്നമുണ്ടാക്കരുത് എന്ന്. ഇതൊരിക്കലും കനയ്യ കുമാറാണ് പോകുന്നതെങ്കിൽ അവർ പറയില്ല.അതിനെ അഭിസംബോധന ചെയ്യാൻ നമുക്ക് പറ്റണം. അതിനെക്കുറിച്ച് സംസാരിക്കാൻ പറ്റണം. എന്തുകൊണ്ട് നമ്മളോടിത് പറയുന്നു, എന്തുകൊണ്ട് കനയ്യ കുമാറിനോട് ഇത് പറയില്ല എന്നതും ഇവിടത്തെ പൊതുബോധം ഉണ്ടാക്കിയ ഇസ്ലാമോഫോബിയ ആണ്. അതിനെപ്പറ്റിയും സംസാരിക്കാൻ പറ്റണം. അതിനെപ്പറ്റി സംസാരിക്കില്ല എന്ന് ഒരു കൂട്ടം ആളുകൾ പറയുകയാണെങ്കിൽ അവരോട് പറയാനുള്ളത്, നിങ്ങൾ സമരം ചെയ്തോ, അത് ബിജെപി ഗവണ്മെന്റിന് എതിരായിരിക്കുവോളം ഞാനതിന്‍റെ ഭാഗമാകുകയും ചെയ്യും എന്‍റെ നിലപാട് ഞാൻ പറയുകയും ചെയ്യും. അതാണെന്‍റെ നിലപാട്. ഒന്നും ഒന്നിനെയും റദ്ദ് ചെയ്യരുത്. ആരും എതിരിൽ ഉള്ളവരുടെ അവകാശങ്ങളിലേക്ക് കെെകടത്തരുത്. ഭരണഘടന സംരക്ഷിക്കണം.
ഈ നിയമം ഭരണഘടനാവിരുദ്ധമാണ്. എങ്ങനെയാണ് ഇത് ഭരണഘടനാവിരുദ്ധമാകുന്നത്? ന്യൂനപക്ഷ വിരുദ്ധമാകുന്നതോടുകൂടി തന്നെയാണ് അത് ഭരണ‌ഘടനാവിരുദ്ധമാകുന്നത്. ഭരണഘടനാവിരുദ്ധമാകുന്നത് അത് ന്യൂനപക്ഷ വിരുദ്ധമായതുകൊണ്ടാണ് എന്നാണ് നമ്മൾ പറയുന്നത്, ഇനി ഒരു വിഭാഗം തീരുമാനിക്കുകയാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് മാത്രമേ പറയുകയുള്ളൂ ന്യൂനപക്ഷ വിരുദ്ധമാണ് എന്ന് പറയില്ല എന്നാണ് പറയുന്നതെങ്കിലും കുഴപ്പമില്ല, പക്ഷേ അത് ന്യൂനപക്ഷ വിരുദ്ധമാണ് എന്ന് പറയുന്നവരെ തടയരുത്. ഇതിനെ പല രീതിയിൽ സമീപിക്കുന്നവരുണ്ടാകും പക്ഷേ ഇതിന്‍റെ കോമൺ കോസ് ബിജെപി ഗവണ്മെന്റിനെതിരെ തന്നെയാണ്, അസമിലും ഉത്തർപ്രദേശിലും നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ എന്ന് പറയപ്പെടുന്ന ഈ എല്ലാ കൂട്ടങ്ങളും ഉള്ളതെങ്കിൽ അതിലേക്ക് യോജിച്ചുകൊണ്ട് സമരം ചെയ്യാം.


Read More Related Articles