
നാൽപത് സെെനികർ കൊല്ലപ്പെട്ട കണക്കിന് നാൽപത് കശ്മീരികളെ തൂക്കിക്കൊല്ലണം, മെഹബൂബ മുഫ്തിയോട് ജെഎൻയു പ്രൊഫസർ അമിത സിംഗ്
പൾവാമ ആക്രമണത്തിൽ നാൽപത് സെെനികർ കൊല്ലപ്പെട്ടതിൽ വേദനയുണ്ടെങ്കിൽ മെഹ്ബൂബ മുഫ്തി നാൽപത് കശ്മീരികളെ തൂക്കിക്കൊല്ലണം എന്ന് ജെഎൻയു പ്രൊഫസർ അമിത സിംഗിന്റെ ട്വീറ്റ്. സ്ഫോടക വസ്തുക്കൾ വഹിച്ചുകൊണ്ട് അക്രമിയുടെ വാഹനത്തിന് പൾവാമയിൽ എത്താൻ കഴിഞ്ഞത് മൂന്ന് ചെക്പോസ്റ്റുകൾ മെഹ്ബൂബ മുഫ്തി നീക്കം ചെയ്തതുകൊണ്ടാണ് എന്നും മെഹ്ബൂബ മുഫ്തി നീക്കം ചെയ്ത ചെക് പോസ്റ്റുകൾ ഗവർണർ പുനസ്ഥാപിക്കണമെന്നുമാണ് അമിത സിംഗ് തന്റെ ട്വീറ്റിൽ ആവശ്യപ്പെടുന്നത്, എന്നാൽ ജമ്മു കശ്മീർ പിഡിപി ഹാൻഡിൽ ഈ ട്വീറ്റിനെ ശക്തമായി അപലപിച്ചു.
മെഹ്ബൂബ മുഫ്തിക്കെതിരെ കള്ളക്കഥകളും ആരോപണങ്ങളും ഉണ്ടാക്കുകയാണ് ജെഎൻയുവിലെ ഈ പ്രൊഫസർ ചെയ്യുന്നത്, അതുമാത്രമല്ല നാൽപത് കശ്മീരികളെ തൂക്കിക്കൊല്ലാനും ഇവർ ആഹ്വാനം ചെയ്യുന്നു. അമിത സിംഗിനെതിരെ നിയമപരമായ നടപടിയെടുക്കും എന്നും പിഡിപി ട്വീറ്റിലൂടെ വ്യക്തമാക്കി.
ഡെറാഡൂണിലെ കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഷെഹ്ലാ റാഷിദിന്റെ ട്വീറ്റിന്റെ പേരിൽ ഷെഹ്ലയ്ക്കെതിരെ ഡെറാഡൂൺ പൊലീസ് എഫ്ഐആർ ഫയൽ ചെയ്ത സംഭവത്തെ അനുകൂലിച്ചും അമിത സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഇത് വെറും തുടക്കമാണെന്ന് കരുതട്ടെ. ക്യാംപസുകളിൽ വെറുപ്പ് പടർത്തിക്കൊണ്ട് നടക്കുന്ന സ്ഫോടനാത്മകമായ വിദ്വേഷ യന്ത്രങ്ങൾ സമാധാനം തകർക്കുകയാണ്.” എന്നാണ് ഷെഹ്ലയ്ക്കെതിരെ എഫ്ഐആർ ചുമത്തിയ വാർത്ത ട്വീറ്റ് ചെയ്തുകൊണ്ട് അമിത സിംഗ് എഴുതിയത്.
ഇതിനുമുമ്പും അമിത സിംഗ് മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയിട്ടുണ്ട്. ജെഎൻയു ക്യാംപസിനകത്ത് മുസ്ലിം വിദ്യാർത്ഥികളെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ അമിത സിംഗിനെതിരെ ന്യൂനപക്ഷ കമ്മീഷൻ അന്വേഷണം നടത്താൻ ഉത്തരവിട്ടത് ജനുവരി 24നാണ്.