കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടി
ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കൾ എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടി. 2008ൽ പി.ചിദംബരം ധനമന്ത്രിയായിരിക്കെ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎൻ.എക്സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയതിന്‍റെ മറവിൽ നടന്ന സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ഐ.എൻ.എക്സ് മീഡിയ കമ്പനിയിൽ നിന്നും 10 ലക്ഷം രൂപ കോഴവാങ്ങിയ കേസിലാണ് നടപടി.
4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ എഫ്.ഐ.പി.ബി ഐ.എൻ.എക്സ് മീഡിയക്ക് അനുമതി നൽകിയത്. എന്നാൽ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച കമ്പനി ഓഹരി വിലയിലും കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കം 54 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്‌സലോണയിലെ വസ്തുക്കള്‍ എന്നിവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമേ, ഇംഗ്ലണ്ടിലെയും സ്പെയിനിലെയും സ്വത്തുകളാണ് കണ്ടുകെട്ടിയത്.