ഒരു ഫോൺ കോളിന് വേണ്ടി ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ കാത്തുനിൽക്കുന്ന കശ്മീരി ജനത

By on

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പാക്കുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ കേന്ദ്രസർക്കാർ റദ്ദാക്കിയ ശേഷം ഇരുപത്തിയൊന്ന് ദിവസങ്ങൾ പിന്നിടുകയാണ്. ഇതുവരെയും സെെനിക നിയന്ത്രണവും ആശയ വിനിമയ നിരോധനങ്ങളും പിൻവലിച്ചിട്ടില്ല. ​സർക്കാർ ‌ഏർപ്പെടുത്തിയിരിക്കുന്ന സാറ്റലെെറ്റ് ഫോണിൽ നിന്നും കുറഞ്ഞത് ഒരു മിനിറ്റ് മാത്രമാണ് നിലവിൽ കശ്മീരികൾക്ക് പുറത്തുള്ള ബന്ധുക്കളോടും ഉറ്റവരോടും സംസാരിക്കാൻ സാധിക്കുന്നത്. സംസാരിക്കാൻ പോകുന്നത് എന്താണെന്ന് ഉദ്യോ​ഗസ്ഥരോട് വ്യക്തമാക്കിയ ശേഷമേ ഫോൺ കോൾ അനുവദിക്കപ്പെടുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ഫോൺ കോൾ ചെയ്യാൻ‌ വേണ്ടി കാത്തുനിൽക്കുന്ന കശ്മീരികളുടെ ചിത്രം കശ്മീരി ഫോട്ടോ​ഗ്രഫറും മാധ്യമപ്രവർത്തകയുമായ മസ്രത് സെഹ്റ ഫെയ്സ്ബുക്കിൽ‌ പോസ്റ്റ് ചെയ്തത്.

ഓ​ഗസ്റ്റ് അഞ്ച് മുതലാണ് കശ്മീരിൽ ഇന്ത്യൻ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കശ്മീരിൽ ഇതുവരെയും മൂന്നുപേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്ക് പെല്ലറ്റ് ​ഗൺ കൊണ്ട് പരിക്കേൽക്കുകയും ആറായിരം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പലരുടെയും ബന്ധുക്കൾക്ക് അവരിൽ പലരും എവിടെയാണ് തടവിൽ കഴിയുന്നത് എന്നറിയില്ല. മെഡിക്കൽ ഷോപ്പുകളിൽ സ്റ്റോക്ക് ഏറെക്കുറെ തീർന്നിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ പുറത്തുവരികയാണ്. കുഞ്ഞുങ്ങളുടെ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾക്കും ക്ഷാമം നേരിടുന്നു. ആശുപത്രികളിൽ സങ്കീർ‌ണ ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കശ്മീർ സന്ദർശിക്കാൻ ശ്രമിച്ച ​ഗുലാം നബി ആസാദ്, രാഹുൽ ​ഗാന്ധി, ഡി രാജ, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ ശ്രീന​ഗറിൽ വെച്ച് തടഞ്ഞിരുന്നു. തുടർന്ന് കശ്മീരിലെ സ്ഥിതി​ഗതികൾ കേന്ദ്രസർക്കാർ അവകാശപ്പെടുന്നതുപോലെ ശാന്തമല്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. ശ്രീന​ഗറിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിൽ ഒരു കശ്മീരി സ്ത്രീ രാഹുൽ ​ഗാന്ധിയോട് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ വിവരിക്കുന്ന വീഡിയോ വെെറലായിരുന്നു.

കശ്മീരി ജനതയുടെ ആരോ​ഗ്യാവസ്ഥകളിൽ ആശങ്കയറിയിച്ചുകൊണ്ട് ദ ലാൻസെറ്റ് എന്ന അന്താരാഷ്ട്ര മെഡിക്കൽ ജേണൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലും കശ്മീരിലെ സ്ഥിതി​ഗതികൾ ചൂണ്ടിക്കാട്ടി കശ്മീരികളുടെ ആരോ​ഗ്യാവസ്ഥയിൽ ആശങ്കയറിയിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ വംശജരായ അമേരിക്കൻ ഡോക്ടർമാരുടെ സംഘടന ലാൻസെറ്റിനെതിരെ വിമർശനമുയർത്തിയിരുന്നു.


Read More Related Articles