”അവർക്ക് മൗലികാവകാശങ്ങൾ നഷ്ടമായിട്ട് ഇന്ന് 19 ദിവസമായി”; കശ്മീർ വിഷയം ഉന്നയിച്ച് രാജിവച്ച ഐഎഎസ് ഉദ്യോ​ഗസ്ഥൻ കണ്ണൻ ​ഗോപിനാഥൻ

By on

”കഴി‍ഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളിൽ; നമ്മിലെ ഒരു വലിയ ജനതയ്ക്ക് അവരുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നതിൽ ഞാൻ ആശങ്കപ്പെടുകയാണ്. അതിനോടുള്ള പ്രതികരണത്തിന്‍റെ അഭാവം ഉണ്ട്. നമ്മളെല്ലാവരും അക്കാര്യത്തിൽ ഒട്ടും ആശങ്കയില്ലാത്തവരായി കാണപ്പെടുന്നു. ചെറിയൊരു രീതിയിൽ ഞാനും അതിന്‍റെ ഭാ​ഗമായതായി എനിക്ക് തോന്നുന്നു. ‍

ഞാൻ കരുതുന്നത്, എനിക്ക് ഒരു പത്രമുണ്ടായിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മുന്‍ പേജില്‍ ഞാൻ അച്ചടിക്കുക ’19’ എന്ന് മാത്രമായിരിക്കും കാരണം ഇന്ന് 19 ആം ദിനമാണ്”.

എന്നാണ് കണ്ണൻ ​ഗോപിനാഥൻ തന്റെ രാജിക്കാര്യവുമായി ബന്ധപ്പെട്ട് ദ ഹിന്ദുവിനോട് പറഞ്ഞത്. ഇന്ത്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസിന്‍റെ അരുണാചല്‍ പ്രദേശ്- ഗോവ-മിസോറം കേന്ദ്രഭരണ കേഡറിലെ ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ ഈ മാസം 21 ന് രാജി നല്‍കിയത്. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗര്‍ഹവേലിയില്‍ നഗര വികസന ആസൂത്രണ വകുപ്പ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. കശ്മീരില്‍ നിന്നും സിവില്‍ സര്‍വീസിലെത്തുകയും പിന്നീട് ഐഎഎസ് ഉപേക്ഷിച്ച് കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ഷാ ഫൈസലിന്‍റെ കസ്റ്റഡിയെക്കുറിച്ച് ഇത് വരെ യാതൊരു പ്രതികരണമില്ലാത്തതിനെക്കുറിച്ചും കണ്ണന് ഗോപിനാഥന് സൂചിപ്പിച്ചതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
”ജനങ്ങള്‍ക്ക് ശബ്ദം നല്‍കാമെന്ന് കരുതിയാണ് ഞങ്ങള്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ തന്നെ ശബ്ദം എടുത്തുമാറ്റപ്പെട്ടവരായി അവശേഷിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍, അത് ഹോങ്കോംഗ് ആവട്ടെ ഏതു ജനാധിപത്യവുമാവട്ടെ, ഒരു ഭരണകൂടം ഒരു തീരുമാനം എടുത്താല്‍ അത് അവരുടെ തീരുമാനമാണ്. പക്ഷേ ആ തീരുമാനത്തോട് പ്രതികരിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്.

ഇവിടെ നാം ഒരു തീരുമാനമെടുത്തിരിക്കുന്നു എന്നിട്ട് നാം എല്ലാവരേയും തടങ്കലിലാക്കിയിരിക്കുന്നു. ആ തീരുമാനത്തോട് പ്രതികരിക്കാന്‍ പോലും അവര്‍ക്ക് അനുവാദമില്ല. അത് അപകടമാണ്” കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു.

കോട്ടയം സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്. പുതുപ്പള്ളിയില് സ്കൂള്‍ വിദ്യാഭ്യാസം ചെയ്ത ശേഷം ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇലക്റ്റ്രിക്കല്‍ എഞ്ജിനീയറിംഗില് ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വ്വീസിലേക്ക് എത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനെന്ന വിവരം മറച്ച് വച്ച് 2018 ലെ പ്രളയ കാലത്ത് ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയും പിന്നീട് ഒരു സഹപ്രവര്‍ത്തകന്‍ തിരിച്ചറിഞ്ഞതിലൂടെ കണ്ണന്‍ ഗോപിനാഥന്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്ത വ്യക്തിയാണ്.


Read More Related Articles