ശബരിമലയിൽ സുപ്രീംകോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ; മാധ്യമ പ്രവർത്തകയെയടക്കം മടക്കി അയപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By on

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാം എന്നത് മൗലികമായ അവകാശമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ബാധ്യത നടപ്പാക്കാതെ സംസ്ഥാന സർക്കാർ തന്നെ ഇന്ന് രണ്ട് യുവതികളെ സന്നിധാനത്ത് പ്രവേശിക്കുന്നത് തടഞ്ഞു. തെലു​ഗു മാധ്യമ പ്രവർത്തക കവിത ജക്കാള്‍, മോഡൽ രഹ്ന ഫാത്തിമ എന്നിവരെയാണ് ദേവസ്വം മന്ത്രി കടകംപള്ളിയുടെ നിർദ്ദേശ പ്രകാരം ക്ഷേത്ര സന്ദർശനത്തിൽ നിന്നും പിന്തിരിപ്പിച്ചത്.
“സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതുണ്ട്. എന്നാല്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടേ സര്‍ക്കാരിന് പോവാനാവൂ. അവര്‍ക്ക് സുരക്ഷ നല്‍കും. എന്നാല്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല. അതിനാല്‍ നിങ്ങളുടെ ആക്ടിവിസം നടത്താനുള്ള ഒരിടമായി ശബരിമലയെ കാണരുത്. വരുന്നവര്‍ വ്രതമെടുത്ത വിശ്വാസികളാണോ എന്നു നോക്കേണ്ട ബാധ്യത പൊലീസിനുണ്ട്. പൊലീസ് അവരുടെ പശ്ചാത്തലം മനസ്സിലാക്കിയേ കൂട്ടിക്കൊണ്ടുപോവാന്‍ പാടുള്ളായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ശബരിമലയെ ഒരു സംഘര്‍ഷ ഭൂമിയാക്കരുത്. ആക്ടിവിസ്റ്റുകള്‍ക്ക് കയറി ഇടപെടാനുള്ള ഒരു സ്ഥലമായി ശബരിമലയെ മാറ്റാന്‍ സര്‍ക്കാർ സമ്മതിക്കില്ല” എന്നാണ് കടകംപള്ളി പറഞ്ഞത്.

പൊലീസ് ഹെൽമറ്റ് ധരിച്ചാണ് കവിതയും, രഹ്നയും നടപ്പന്തൽ വരെയെത്തിയത്. പൊലീസ് ഇവർക്ക് സംരക്ഷണം വലയം തീർത്താണ് സഞ്ചരിച്ചത്. യുവതികൾ പ്രവേശിക്കുന്നതിനെതിരെ അയ്യപ്പഭക്തർ പ്രതിഷേധം തീർത്തപ്പോൾ ഐജി ഡി ശ്രീജിത് ഇവരോട് സംസാരിച്ചു. സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് ഐജി എസ്.ശ്രീജിത്ത് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
ഇവർ നിങ്ങളെ ഉപദ്രവിക്കാൻ വന്നവരല്ല. നിയമത്തിന്‍റെ നിയോഗം നടപ്പാക്കാൻ ബാധ്യത പൊലീസിനുണ്ട്. പൊലീസിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കാനുണ്ട്. വിശ്വാസം മാത്രമല്ല നിയമവും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ട്. സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ശ്രീജിത് ആവശ്യപ്പെട്ടു. തുടർന്നാണ് ദേവസ്വം മന്ത്രി യുവതികളെ പ്രവേശിപ്പേക്കണ്ടതില്ല എന്ന് നിർദ്ദേശം നൽകിയത്. എത്തിയ യുവതികൾ ആരെന്ന് അന്വേഷിക്കാതെ കടത്തിവിട്ട പൊലീസിനെയും മന്ത്രി വിമർശിച്ചു. വന്നവർ ആരെന്ന് പൊലീസ് മനസ്സിലാക്കേണ്ടിയിരുന്നുവെന്നു കടകംപള്ളി പറഞ്ഞു. പ്രതിഷേധത്തെ തുടർ‌ന്ന് യുവതികളെ നടപ്പന്തലിന് സമീപമുള്ള ഇൻസ്പെക്ഷൻ ബം​ഗ്ളാവിലേക്ക് മാറ്റിയിരുന്നു.

യുവതികൾ ക്ഷേത്രപ്രവേശനത്തിന് എത്തുന്നതിൽ തന്ത്രിമാരും പ്രതിഷേധിച്ചു. യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ച് മടങ്ങുമെന്ന് തന്ത്രി കണഠര് രാജീവര്. താക്കോൽ ഓഫിസിൽ ഏൽപ്പിക്കുമെന്ന് തന്ത്രി പറഞ്ഞു.തന്നോട് തന്ത്രി സംസാരിച്ചിരുന്നുവെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു. യുവതികൾ മുന്നോട്ടു പോയാൽ ആചാരലംഘനമാകും. അങ്ങനെയായാൽ നട അടയ്ക്കുമെന്ന് തന്ത്രി അറിയിച്ചു. ഇക്കാര്യം യുവതികളെ അറിയിച്ചതോടെ മടങ്ങാൻ തയാറാണെന്ന് യുവതികൾ വ്യക്തമാക്കിയെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. തിരിച്ചു പോകാൻ പൊലീസ് സുരക്ഷയൊരുക്കും. പൊലീസിനൊപ്പം തന്നെ അവരും തിരികെ പോകുമെന്നും ഐജി വ്യക്തമാക്കി. തുടർന്ന് രണ്ട് യുവതികളും ക്ഷേത്ര സന്ദർശനം നടത്താതെ മടങ്ങി.

അതേസമയം ശബരിമല കയറിയ രഹ്ന ഫാത്തിമയുടെ എറണാകുളത്തെ വീട് അക്രമികൾ അടിച്ചു തകർത്തു. പനമ്പള്ളി നഗറിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.


Read More Related Articles