ശബരിമല വിധി നവോത്ഥാനത്തിന്‍റെ തുടർച്ച; വിധി നടപ്പാക്കാൻ പിണറായിയുടെ പുരോഗമന സർക്കാർ ആർജ്ജവം കാട്ടണമെന്ന് കെപിഎംഎസ്
കേരളത്തിന്‍റെ നവോത്ഥാന പ്രക്രിയയുടെ തുടർച്ചയാണ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെന്ന് കേരള പുലയ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വിധി നടപ്പാക്കുന്നതിന്‍റെ അടിത്തറ തെരുവിലെ ആള്‍ക്കൂട്ടങ്ങളിലാണ് സര്‍ക്കാര്‍ തേടുന്നതെങ്കില്‍ തെരുവിലിറങ്ങാത്ത ലക്ഷക്കണക്കിന് വിശ്വാസി സമൂഹം സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട് എന്ന കാര്യം മറക്കരുതെന്നും പുന്നല ശ്രീകുമാര്‍ ഫെയ്സ്ബുക് ലൈവില്‍ പറഞ്ഞു.
”വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഭരണഘടനാ ബാധ്യതയാണ്. വിധി നടപ്പാക്കാൻ വൈകുന്നത് അതിന്റെ അന്തസത്ത ഇല്ലാതാക്കും. കേരളത്തിൽ തുടക്കമിടുകയും തുടർന്ന് വരുന്നതുമായ നവോത്ഥാന പ്രക്രിയയുടെ തുടർച്ചയാണ് യഥാർത്ഥത്തിൽ ഈ വിധി. ആ വിധി നടപ്പിലാക്കാൻ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പുരോഗമന സർക്കാർ ആർജ്ജവം കാട്ടണമെന്നാണ് കെപിഎംഎസിന് പറയാനുള്ളത്” പുന്നല ശ്രീകുമാർ പറഞ്ഞു.
”നമ്മുടെ നാടിന്‍റെ ചരിത്രം പരിശോധിച്ചാൽ അയിത്തത്തെ നിയമം മൂലം നിരോധിക്കേണ്ട വന്ന നാടാണ് നമ്മുടേത്. 19936 ൽ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടാവുന്നത് വരെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്നവരാണ് നമ്മുടെ നാട്ടിലെ അധസ്ഥിത വിഭാഗക്കാർ. അതിപ്പോഴും പൂർണ്ണമായിട്ടില്ല എന്ന് മനസിലാക്കണം. ക്ഷേത്രഭരണ പ്രക്രിയയിലും അതുപോലെ തന്നെ താന്ത്രിക വിദ്യ അഭ്യസിച്ചവർക്ക് പൗരോഹിത്യത്തിലേക്കും കടന്നുവരാനും നിയമത്തിന്‍റെ പിൻബലം വേണ്ടി വന്ന നാടാണ് നമ്മുടേത്. അധസ്ഥിത വിഭാഗങ്ങളുടെ ആത്മീയരംഗത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി നിയമത്തിന്‍റെയും പോരാട്ടത്തിന്‍റെയും ആവശ്യകത ഉണ്ടായ ഈ നാട്ടിൽ 1888ൽ ആത്മീയ രംഗത്ത് ശ്രീനാരായണ ഗുരു തുടങ്ങി വച്ച വിപ്ലവ പ്രവർത്തനത്തിന്‍റെ തുടർച്ചയായി ചരിത്രപ്രധാനമായി ഈ വിധിയെ കാണേണ്ടതുണ്ട്. കേരളത്തിന്‍റെ നവോത്ഥാന പ്രക്രിയയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി നവോത്ഥാന പൈതൃകമുള്ള, പാരമ്പര്യമുള്ള, പരിഷ്കരണ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും ഐക്യം രൂപപ്പെടേണ്ട ഒരു ഘട്ടത്തിലാണ് നാം. കേരളത്തിന്‍റെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് കെപിഎംഎസ് പ്രതിജ്ഞാബദ്ധമാണ്. തെരുവിലുണ്ടാകുന്ന ആൾക്കൂട്ടങ്ങളിലാണ് കോടതി വിധി നടപ്പാക്കുന്നതിന്‍റെ അടിത്തറ സർക്കാർ കണ്ടെത്തുന്നതെങ്കിൽ തെരുവിലിറങ്ങാത്ത ലക്ഷോപലക്ഷം ആളുകൾ സർക്കാരിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതുണ്ട് എന്ന് മനസിലാക്കണം”. പുന്നല ശ്രീകുമാർ പറഞ്ഞു.