ആയുഷ്മാൻ പദ്ധതിയിൽ ചേർന്നാൽ കേരളത്തിലെ സാധാരണക്കാർക്ക് ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല: കെ കെ ശൈലജ
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം
ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്ന ആശങ്കയുണ്ട്. പദ്ധതിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകും. ആര്‍.എസ്.ബി.വൈ.യില്‍ ഉള്‍പ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുന്നത്. ഈ പദ്ധതികള്‍ക്ക് 2019 മാര്‍ച്ച് 31 വരെ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളതും അതിനുള്ള പ്രീമിയം അടച്ചതുമാണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാന്‍ ഭാരതില്‍ ഉപഭോക്താക്കളെ നിശ്ചയിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ആയുഷ്മാന്‍ പദ്ധതിയിലൂടെ കേരളത്തില്‍ നിന്നും 18.5 ലക്ഷം കുടുംബങ്ങളാണ് 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ പരമാവധി ഉള്‍പ്പെടുന്നത്. ബാക്കിയുള്ള ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പുറത്താകുന്ന സ്ഥിതിയാണുള്ളത്.
മറ്റുള്ള സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി കേരളത്തിലെ വളരെ പാവപ്പെട്ടവരെ നിശ്ചയിച്ചാല്‍ നിലവിലെ ആനുകൂല്യം ലഭിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകും. മുമ്പ് കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിഹിതത്തിനായി എ.പി.എല്‍., ബി.പി.എല്‍. തരംതിരിച്ചതുപോലെയാകും. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക ദൂരീകരിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം കാത്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ മൊത്തത്തില്‍ 40 ശതമാനത്തിന് താഴെയുള്ള ആളുകള്‍ക്ക് മാത്രമാണ് ആയുഷ്മാന്‍ ഭാരതില്‍ പ്രയോജനം ലഭിക്കുക. ജീവിത നിലവാരം ഉയര്‍ന്ന സംസ്ഥാനമായ കേരളത്തിലേക്ക് വരുമ്പോള്‍ അത് വെറും 25 ശതമാനത്തില്‍ താഴെയുള്ളവര്‍ക്കേ ലഭ്യമാകൂ. അങ്ങനെ വരുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്നാണ് പ്രാഥമിക വിലയിരുത്തലില്‍ നിന്നും മനസിലായത്. കേരളത്തെ സംബന്ധിച്ച് ഇത് ഉള്‍ക്കൊള്ളാനാവില്ല.
ആരോഗ്യ രംഗത്ത് മുമ്പിലുള്ള കേരളം, ഒഡീഷ, തെലുങ്കാന, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ചേരാത്തതെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ സംസ്ഥാനങ്ങളെല്ലാം മികച്ച രീതിയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നുമുണ്ട്.
ആര്‍.എസ്.ബി.വൈ., ചിസ്, ചിസ് പ്ലസ് പദ്ധതികളില്‍ 1785 രോഗ ചികിത്സാ പാക്കേജുകളാണ് ഉള്‍പ്പെടുത്തിയിട്ടുണ്ടള്ളത്. അതേ സമയം ആയുഷ്മാന്‍ പദ്ധതിയില്‍ 1350 രോഗ ചികിത്സാ പാക്കേജുകള്‍ മാത്രമാണുള്ളത്.
ഇതുകൂടാതെ 30,000ല്‍ നിന്ന് 5 ലക്ഷത്തിലേക്ക് ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്തിന് അധികഭാരം ഉണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. പ്രളയ ക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഈ പദ്ധതി കടുത്ത സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായുള്ള ചര്‍ച്ചയിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ അപാകതകള്‍ പരിഹരിച്ച ശേഷം പദ്ധതിയില്‍ ചേരുന്നതിനാണ് കേരളം ആലോചിക്കുന്നത്.
ആയുഷ്മാന്‍ ഭാരത് പദ്ധതി നടത്തിപ്പിനെ സംബന്ധിച്ചുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ കീഴിലുള്ള എല്ലാ ചികിത്സാ പദ്ധതികളും കൂട്ടിയോജിപ്പിച്ച് 5 ലക്ഷം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനം തയ്യാറാക്കി വരികയാണ്. കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാനത്തിന് സ്വന്തമായി തന്നെ വിവിധ വകുപ്പുകളുടെ കീഴിലായി കാരുണ്യ, ചിസ് പ്ലസ് തുടങ്ങിയ ഇന്‍ഷുറന്‍സ് പദ്ധതികളും നിലവിലുണ്ട്.
ആര്‍.എസ്.ബി.വൈ. വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 56 വിവിധ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് ചിസ്. ആര്‍.എസ്.ബി.വൈ.യുടെ 40 ശതമാനം പ്രീമിയവു ചിസ് പദ്ധതിയുടെ 100 ശതമാനം പ്രീമിയവും സംസ്ഥാന സര്‍ക്കാരാണ് അടയ്ക്കുന്നത്. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പദ്ധതിയായ ചിസ് പ്ലസ് പദ്ധതി പ്രകാരം 70,000 രൂപയുടെ അധിക ചികിത്സാ സഹായവും നല്‍കി വരുന്നു. ആര്‍.എസ്.ബി.വൈ., ചിസ് പദ്ധതി 2008 ഒക്‌ടോബര്‍ 2 മുതല്‍ ഇതുവരേയും ഒരു ദിവസം പോലും മുടക്കമില്ലാതെ തുടര്‍ന്നു പോകുന്ന ഏക സംസ്ഥാനമാണ് കേരളം. 2018 മാര്‍ച്ച് 31 വരെ ഇന്ത്യയില്‍ മൊത്തം 140 ലക്ഷം ആള്‍ക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയപ്പോള്‍ കേരളത്തില്‍ 53.27 ലക്ഷം പേര്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്.
ഭിന്നശേഷിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടുലക്ഷം രൂപവരെ ഭിന്നശേഷിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രത്തെ വിശ്വസിച്ച് മറ്റേതൊരു സംസ്ഥാനത്തിനും മുമ്പേ കേരളം ഈ പദ്ധതിയേറ്റെടുത്തു. ഒരു മാസം കൊണ്ട് ഒരു ലക്ഷം പേരെ പദ്ധതിയില്‍ അംഗങ്ങളാക്കി ഭിന്നശേഷിക്കാരുടെ വിഹിതമായ 3.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടച്ചു. എന്നാല്‍ കേന്ദ്രം വിഹിതം നല്‍കി പദ്ധതി നടപ്പാക്കാന്‍ തയ്യാറായില്ല. ഇതോടെ ഒരു ഭിന്നശേഷിക്കാരനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ പ്രയത്‌നം വെറുതേയുമായി. അതിനാല്‍ തന്നെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേന്ദ്രം വ്യക്തത വരുത്തേണ്ടതാണ്.