ഘര്‍വാപസി കേന്ദ്രങ്ങള്‍ പിടികൂടാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ പൂര്‍ണ്ണരൂപം

By on

സെമിറ്റിക് മതക്കാരായ യുവാക്കളെയും ദലിത് യുവാക്കളെയും പ്രണയിക്കുന്ന ഹിന്ദു യുവതികളെയും, മറ്റ് മതങ്ങള്‍ സ്വീകരിച്ച യുവതികളെയും തടവില്‍ പാര്‍പ്പിച്ച് ശാരീരിക, മാനസിക പീഡനങ്ങള്‍ക്കിരയാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന ഘര്‍വാപസി കേന്ദ്രങ്ങളെ പിടികൂടാന്‍ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്ന് ഉത്തരവിട്ടു കൊണ്ടുകൊണ്ട് കേരള ഹൈക്കോടതി 2017 ഡിസംബര്‍ 19 ന് പുറപ്പെടുവിച്ച വിധിയുടെ പൂര്‍ണ്ണ രൂപം.

ഒരുവള്‍ ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായ തടവിലാണെന്ന നേരിയ സംശയം തോന്നിയാല്‍ പോലും അവളുടെ വ്യക്തിസ്വാതന്ത്ര്യം തുറന്നു കൊടുക്കാനും രാജ്യത്തെ ഏറ്റവും ഏഴയായവരുടേതും വ്യക്തിസ്വാതന്ത്യം സംരക്ഷിക്കാനും കോടതിയ്ക്ക് അത്യുത്സാഹം ഉണ്ടായിരിക്കണം എന്നാണ് ഭരണഘടനയുടെ 21 ആം അനുച്ഛേദം ഉദ്ധരിച്ചുകൊണ്ട് കോടതി വിധിയില്‍ പറഞ്ഞത്.  കേരളത്തിലെ എല്ലാ സാമുദായികേതര പ്രണയങ്ങളെയും ലവ് ജിഹാദായും ഘര്‍ വാപസിയായും ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജാതി വ്യവസ്ഥ രാജ്യത്തിന് ശാപമാണ്, എത്ര നേരത്തെ അതിനെ നശിപ്പിക്കുന്നുവോ അത്രയും നല്ലതാണ് എന്നും മറ്റൊരു കോടതിവിധിയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞിട്ടുണ്ട്. ”വ്യത്യസ്ത ജാതികളിൽ നിന്നുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ ദേശീയ താൽപര്യത്തിലുള്ളതാണ് കാരണം അവ ജാതിയെ നശിപ്പിക്കും”.

മനോജ് ഗുരുജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഘര്‍വാപസി കേന്ദ്രത്തിനെതിരെ ആദ്യമായി ഫയല്‍ ചെയ്യപ്പെട്ട കേസാണ് അനീസ് ഹമീദിന്‍റെ പരാതി. വിധിയുടെ പൂര്‍ണരൂപം വായിക്കാം.

അനീസ് ഹമീദ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള
W.P.(Crl).No.313/2017 ഉം അനുബന്ധ കേസുകളും
ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് സുരേഷ് നെെനാൻ
ഒക്ടോബർ 19, 2017.

കോടതിവിധി-ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് സതീഷ് നെെനാൻ

“പ്രണയം അതിരുകളറിയുന്നില്ല
അത് വേലികള്‍ ചാടും, തടസങ്ങളെ മറികടക്കും
ചുവരുകൾ തുളച്ചുകടക്കും പ്രതീക്ഷാ നിർഭരമായി
അതിന്റെ ലക്ഷ്യത്തിലെത്താൻ.”
എന്ന് അമേരിക്കൻ കവിയും പൗരാവകാശ പ്രവർത്തകയുമായ മയാ എയ്ഞ്ചലോ പറഞ്ഞിട്ടുണ്ട്.

2. പിലാത്തറ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കൊളേജിൽ ബിഎസ് സി പഠിക്കുമ്പോഴാണ് ശ്രുതി മേലേടത്ത് എന്ന ശ്രുതി സഹപാഠിയായ അനീസ് ഹമീദുമായി പ്രണയത്തിലാകുന്നത്. ശ്രുതി ഫിസിക്സിൽ എം എസ് സി പഠനം തുടർന്നു, അനീസ് എൻഡിറ്റി ആൻഡ് പെെപിങ് ഡിസെെൻ ആൻഡ് എഞ്ചിനിയറിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ എംബിഎ മാർക്കറ്റിങ് കോഴ്സിന് ചേർന്നു.

അനീസിനെ വിവാഹം ചെയ്യാനുള്ള ആ​ഗ്രഹം ശ്രുതി രക്ഷിതാക്കളെ അറിയിച്ചപ്പോൾ ശക്തമായ എതിർപ്പുയർന്നു, രണ്ടുപേരും വ്യത്യസ്ത മതങ്ങളിൽ പെട്ടവരായതിനാൽ സമ്മതിക്കാൻ കഴിയില്ല എന്നതായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം. 2017 മെയ് 16ന് ശ്രുതി രക്ഷിതാക്കളുടെ വീട്ടിൽ നിന്നും ഇറങ്ങി. ശ്രുതിയും അനീസും ന്യൂഡൽ​ഹിയിലേക്ക് പോയി. വിവാഹത്തിന് ശേഷം ശ്രുതി ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.

ആദ്യകാലത്ത് ഡൽഹിയിൽ ഒരു മാസത്തോളം ശ്രുതിയും അനീസും ലിവ് ഇൻ റിലേഷൻഷിപിലായിരുന്നു, പിന്നീട് ഇവർ ഹരിയാനയിലെ സോൻപതിലേക്ക് മാറി, ഈ കാലയളവിൽ അനീസ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു,

3. പരിയാരം മെഡിക്കൽ കൊളേജ് പൊലീസ് സ്റ്റേഷനിൽ ശ്രുതിയുടെ അച്ഛൻ മകളെ കാണാനില്ല എന്ന് പരാതി Cr Number.329/2017 നൽകി. 2017 ജൂൺ 20ന് പൊലീസ് ഇവരെ സോൻപതിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയും മം​ഗലാപുരം വഴി ഫ്ലെെറ്റിൽ കൊണ്ടുവന്ന് പരിയാരം മെഡിക്കൽ കൊളേജ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. മൊഴി രേഖപ്പെടുത്തുന്ന സമയത്ത് തമ്മിൽ കാണാതിരിക്കാനായി രണ്ട് പേരെയും രണ്ട് സമയങ്ങളിലായാണ് പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ശ്രുതിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, രക്ഷിതാക്കൾ അവരെ എറണാകുളം ഉദയംപേരൂരിലെ ഒരു യോ​ഗാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. നാൽപതിലധികം നിസ്സഹായരായ യുവതികൾക്കൊപ്പം യോ​ഗാകേന്ദ്രത്തിലാക്കി. അനീസ് വീണ്ടും പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു, C.M.P.No.4727/2017 എന്ന കേസില്‍. ശ്രുതിക്ക് വേണ്ടി കോടതി 27.06.2017ന് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചു. ശ്രുതിയെ തടവിൽ നിന്നും വിട്ടുകിട്ടാൻ അനീസ് ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു ( W.P.(Crl.)No.313/2017).

4. ജുഡിഷ്യൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച സെർച്ച് വാറണ്ട് ക്വാഷ് ചെയ്യാൻ ഹെെക്കോടതിയെ സമീപിച്ചു കേസ് ഫയല്‍ ചെയ്തു(Crl.M.C.No.5684/2017)  18.08.2017ന് ശ്രുതിയെ അവർ കോടതിയിൽ ഹാജരാക്കി. നന്നായി ഭയപ്പെട്ടിരുന്നതിനാൽ ശ്രുതി രക്ഷിതാക്കൾക്കൊപ്പം തന്നെ തുടരാൻ തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയും യോ​ഗാ കേന്ദ്രത്തിൽ താമസിപ്പിച്ചതിനെ പറ്റിയും അവിടെ നേരിട്ട പീഡനങ്ങളെപ്പറ്റിയും ഒന്നും പറയാതിരിക്കുകയും ചെയ്തു. ശ്രുതിയെ യോഗാകേന്ദ്രത്തിലാക്കിയത് അനീസിൽനിന്നും വേർപെടുത്താൻ മാത്രമല്ല അനീസുമായുള്ള ബന്ധം അവസാനിപ്പിച്ച് എന്നേക്കും ഹിന്ദുവായി ജീവിക്കുവാൻ കൂടിയാണ്. പക്ഷേ 2017 ഓ​ഗസ്റ്റ് 22ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ശ്രുതി അനീസുമായി ഒന്നിക്കുന്നതിനെ കുറിച്ച് തന്നെ കോടതിയെ ബോധ്യപ്പെടുത്തി, ആ വിചാരണയിലാണ് ഡിവിഷൻ ബെഞ്ച് താഴെ കൊടുത്തിരിക്കുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തടവിലാക്കപ്പെട്ട ഈ സ്ത്രീ ഈ കോടതി മുമ്പാകെ അറിയിച്ചത് സ്വന്തം രക്ഷിതാക്കൾക്കൊപ്പം പോകാൻ തയ്യാറാണ് എന്നാണ്.
5. Crl. M.C. No.5684/2017ൽ എതിർ കക്ഷിയുടെ പരാതിയനുസരിച്ച് ശ്രുതിയെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി. രക്ഷിതാക്കൾക്കൊപ്പം പോകാൻ തയ്യാറാണെന്ന് ശ്രുതി മൊഴി നൽകി.

6. ഞങ്ങൾ‌ തടവുകാരിയുമായി സംസാരിച്ചു. ജഡ്ജിക്ക് മുമ്പാകെ ശ്രുതി അത്തരത്തിലൊരു മൊഴി നൽകിയത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് എന്ന് ശ്രുതി തന്നെ പറയുന്നു. തടവിലാക്കപ്പെട്ടതിന്റെ നാല് ദിവസം മുമ്പാണ് ശ്രുതിയുടെ മുത്തച്ഛൻ മരിക്കുന്നത്. രണ്ട് മാസത്തോളം ശ്രുതി വീട്ടുതടങ്കലിലായിരുന്നു. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‌റെ ഭാ​ഗത്തുനിന്നും രക്ഷിതാക്കൾക്കൊപ്പം പോകാൻ സമ്മർദ്ദമുണ്ടായിരുന്നതായി ശ്രുതി പറയുന്നു. പരാതിക്കാരനായ അനീസിനെ വിവാഹം ചെയ്യാനാണ് ശ്രുതി താൽപര്യപ്പെടുന്നത്, മതം മാറുന്നതിനെപറ്റി ശ്രുതി ചിന്തിക്കുന്നില്ല.

5. 2017 സെപ്തംബർ 28ന് ശ്രുതി വീണ്ടും കോടതിയിൽ ഹാജരായി. 22.06.2017 മുതൽ കോടതിയിൽ ഹാജരാക്കപ്പെട്ട 22.08.2017 വരെ യോ​ഗ കേന്ദ്രത്തിനകത്ത് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെപ്പറ്റി ശ്രുതി പറഞ്ഞു. യോ​ഗ കേന്ദ്രത്തിൽ മറ്റനേകം പെൺകുട്ടികളും ഉണ്ടായിരുന്നു എന്നും എല്ലാ ദിവസവും 4.30നു ഉണരേണ്ടിയിരുന്നു എന്നും ദിവസം മുഴുവൻ പട്ടാളച്ചിട്ടയിലുള്ള ദിനചര്യകളിലൂടെ കടന്നുപോകേണ്ടിയിരുന്നു എന്നും ശ്രുതി പറഞ്ഞു. ബാക്കിയുള്ള സമയത്ത് പെൺകുട്ടികൾ ഭക്ഷണമുണ്ടാക്കൽ യോ​​ഗാകേന്ദ്രം വൃത്തിയാക്കൽ തുടങ്ങിയ അധിക ജോലികളും ചെയ്യേണ്ടിയിരുന്നു, അതിനിടയിൽ യോ​ഗ പരിശീലിക്കാൻ നിർബന്ധിതരാകുകയും സത്സം​ഗ ലെക്ചർ ക്ലാസുകളിൽ പങ്കെടുക്കാൻ നിർബന്ധിതരാകുകയും ചെയ്യാറുണ്ടായിരുന്നു. തുറന്ന കോടതിയിൽ ശ്രുതി വിതുമ്പിക്കരയുകയും അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ യോ​ഗ കേന്ദ്രത്തിലെ പെൺകുട്ടികളെ മുഖത്ത് അടിക്കാറുണ്ടെന്നും അടിവയറ്റിൽ തൊഴിക്കാറുണ്ടെന്നും ശ്രുതി മൊഴി നൽകി. അനീസിനൊപ്പം പോകണം എന്നു പറഞ്ഞ് കരഞ്ഞപ്പോൾ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ അവർ വായിൽ തുണി തിരുകിയിരുന്നു എന്നും ശ്രുതി പറഞ്ഞു.

ശ്രുതിയുടെ വാക്കുകളിൽ നിന്ന് രൂപപ്പെട്ട ചിത്രം ഇങ്ങനെയാണ്, യോ​ഗാ കേന്ദ്രം നടത്തിപ്പുകാർ സ്ഥാപനം നടത്തുന്നത് അന്തേവാസികളെ അവരുടെ മതത്തിലേക്ക് അതായത് ഹിന്ദുമതത്തിലേക്ക് മടങ്ങിവരാൻ ബലംപ്രയോ​ഗിക്കുകയാണ് എന്നാണ്.

6. ഞങ്ങൾ കൊച്ചി പൊലീസ് കമ്മീഷണറെയും തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്പെക്ടറെയും കേസിൽ കക്ഷി ചേർത്തു, പ്രാഥമിക വിവരാന്വേഷണ റിപ്പോർ‍ട്ട് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചു. യോ​ഗാ കേന്ദ്രം അധ്യക്ഷനും അയാളെ സഹായിക്കുന്ന മറ്റ് എട്ടു പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കൊച്ചി പൊലീസ് കമ്മീഷണർ റിപ്പോർട്ട് നൽകി. ഇന്ത്യൻ ശിക്ഷാനിയമം വകുപ്പുകൾ 323, 342, 506 എന്നിവയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 34 ഉം ആണ് വകുപ്പുകൾ. ഉദയംപേരൂർ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതേ പൊലീസ് സ്റ്റേഷനിൽ മറ്റൊരു യുവതി നൽകിയ പരാതിയെ കൂടാതെയാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പരാതിക്കാരിക്കും അതിഭീകരമായ പീഡനങ്ങളെപ്പറ്റിയാണ് പറയാനുണ്ടായിരുന്നത്. ശ്രുതിയുടെ രക്ഷിതാക്കൾ പെൻഡിങ് ആയ കേസിനെപ്പറ്റി, Crl.M.C.No.5684/2017യും ജഡ്ജിക്കുമുന്നിൽ നൽകിയ ശ്രുതിയുടെ മൊഴിയെപ്പറ്റിയും കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. Crl.M.C.No.5684/2017 കോടതി പരി​ഗണിക്കാൻ തീരുമാനിക്കുകയും W.P.(Crl).No.313/2017 നോടൊപ്പം (അനീസിന്റെ ഹർജി) അന്തിമ വിചാരണയ്ക്ക് കേസിലുൾപ്പെട്ടവരോട് 2017 ഒക്ടോബർ 10ന് കോടതിയിൽ ഹാജരാകാൻ പറയുകയും ചെയ്തു.

7. Crl.M.C.No.5684/2017 പെൻഡിങ് ആയിരിക്കുമ്പോൾ W.P.(Crl)No.313/2017 പരി​ഗണിക്കുന്നതിനോട് ശ്രുതിയുടെ രക്ഷിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. ഭരണഘടനയിലെ 226ആം വകുപ്പ് പ്രകാരം W.P (Crl)No.313/2017 10.8.2017നാണ് ഫയൽ ചെയ്തിരിക്കുന്നത്. നാല് ദിവസങ്ങൾക്ക് ശേഷം 14.08.2017ന് ആണ് Crl.M.C.No.5684/2017 ഫയൽ ചെയ്തിട്ടുള്ളത്. WP(Crl)No.313/2017 അനീസ് ഫയൽ ചെയ്ത കേസാണ്. Crl.M.C.No.5684/2017 ശ്രുതിയുടെ രക്ഷിതാക്കളാണ് ഫയൽ ചെയ്തത്, രണ്ട് പരാതികളും നിയമവിരുദ്ധമായ തടവിനെക്കുറിച്ചുള്ളതാണ്.

8. ഭരണഘടനാപരമായി വലിയ പ്രാധാന്യമുള്ളത് ഹേബിയസ് കോർപസ് ഹർജിക്കാണ് എന്നിരിക്കെ, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം അപകടത്തിലായിരിക്കേ ഇത്തരത്തിലുള്ള സാങ്കേതിക തടസ്സങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ കഴിയില്ല.

9. ഞങ്ങൾ ശ്രുതിയെ തുറന്ന കോടതിയിൽ ഹാജരാക്കി. Crl.M.C.no.5684/2017ന്റെ ആദ്യ ഹിയറിങ്ങിൽ രക്ഷിതാക്കൾക്കൊപ്പം പോകാൻ ആ​ഗ്രഹം പ്രകടിപ്പിച്ച ശ്രുതിയുടെ നിലപാടിൽ W.P(Crl)No.313/2017 കേസ് പരി​ഗണിച്ചപ്പോൾ മാറ്റമുണ്ടായിട്ടുണ്ട്. 17.8.2017ൽ ശ്രുതിയുടെ മുത്തച്ഛൻ മരിച്ചപ്പോൾ അവരെ യോ​ഗാകേന്​ദ്രത്തിൽ നിന്നും കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ എറണാകുളത്തേക്ക് തിരിച്ചെത്തിച്ചുവെന്നും ശ്രുതി കോടതിയോട് പറഞ്ഞു. അതേ ദിവസം തന്നെ Crl.M.C.No.5684/2017 കേസിന്റെ ഹിയറിങ്ങിനായി കോടതിയിൽ എത്തിച്ചപ്പോഴേക്കും മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിലായിരുന്നു താനെന്നും ശ്രുതി കോടതിയോട് പറഞ്ഞു. തന്നെ ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാൻ സിറിയയിലേക്കോ യെമനിലേക്കോ കടത്താൻ പോകുകയാണെന്ന് പറയുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരിലുള്ള നോട്ടീസ് യോ​ഗ കേന്ദ്രം നടത്തിപ്പുകാർ തന്നെ തന്നെ ഭയപ്പെടുത്താൻ വേണ്ടി ഉണ്ടാക്കിയതാണെന്നും ശ്രുതി പറഞ്ഞു. WP (Crl)No.313/2017 ഹിയറിങ്ങിനിടെ മാത്രമാണ് അനീസുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെെടുത്താൻ ശ്രുതിക്ക് കഴിഞ്ഞത്.

10. പല അപരിചിതരും WP(Crl)No.313/2017ൽ കക്ഷിചേരാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പരാതികൾ ഫയൽ ചെയ്തു, ഈ കേസ് ലവ് ജിഹാദ് ആണെന്നും കോടതി ഇതിനെ ​ഗൗരവപൂർവ്വം പരി​ഗണിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജികൾ. യോ​ഗാ കേന്ദ്രത്തിൽ അന്തേവാസിയായിരുന്ന ആതിര ഘർവാപസിയുടെ പേരിൽ അവിടെ നടത്തിക്കൊണ്ടിരുന്ന പീഡനമുറകളെക്കുറിച്ച് കോടതിയെ അറിയിക്കാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് I.A. No.I5973/2017 ഫയൽ ചെയ്തു. I.A.No.15979/2017 ഫയൽ ചെയ്തത് ക്രിസ്റ്റ്യൻ ഹെൽപ് ലെെൻ‍ ആണ്. ലവ് ജിഹാദിലൂടെ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടുന്ന ക്രിസ്റ്റ്യൻ പെൺകുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള സംഘടനയാണ് ക്രിസ്റ്റ്യൻ ഹെൽപ് ലെെൻ. I.A.No.15980/2017 ഫയൽ ചെയ്തത് വിജ്ഞാനഭാരതി എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസെെറ്റിയാണ്. ശ്രുതിയും മറ്റൊരു അന്തേവാസിയും നൽകിയ പരാതികൾ നിരസിച്ചുകൊണ്ടാണ് യോ​ഗാകേന്ദ്രത്തിന്റെ നടത്തിപ്പുകാർ കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയത്.

ഒരു ഹേബിയസ് കോർപസ് ഹർജിയില്‍ തീർപ്പുകൽപിക്കാൻ മുന്നിൽ നിൽക്കുന്ന ഒരേയൊരു ചോദ്യം തടവിലാക്കപ്പെട്ടയാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്, അസ്വാതന്ത്ര്യത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നതാണ്. കക്ഷി ചേരുന്ന പരാതിക്കാർക്ക് കേസിൽ ഇതിനകം അന്വേഷണം ആരംഭിച്ചുകഴിഞ്ഞ പൊലീസിൽ സത്യവാങ്മൂലം നൽകാം, റിട്ട് കോടതി അവരുടെ ആവലാതി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല. മേൽ സൂചിപ്പിച്ച എല്ലാ പരാതികളും അതിനാൽ കോടതി നിരാകരിക്കുന്നു പരാതിക്കാർക്ക് വേണമെങ്കിൽ അന്വേഷണത്തിന്റെ ഭാ​ഗമാകാവുന്നതാണ്.

11. കേരളത്തിൽ രണ്ട് വ്യത്യസ്ത മതങ്ങളിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ ലവ് ജിഹാദ്, ഘർ വാപസി എന്നിവയുമായി ബന്ധപ്പെടുത്തി ഭീതി ജനിപ്പിക്കുന്ന പ്രവണത ഞങ്ങളെ ഭയപ്പെടുത്തുന്നതാണ്. ഈ കേസും ശ്രുതിയുടെ രക്ഷിതാക്കൾ ലവ് ജിഹാദ് ആയി ചിത്രീകരിക്കപ്പെട്ടതാണ്, ഹിന്ദു മതത്തിലേക്ക് ശ്രുതിയെ തിരിച്ചെത്തിക്കാനുള്ള ശ്രമമായി ഈ കേസിൽ ഘർവാപസി നടത്താൻ രക്ഷിതാക്കൾ ശ്രമിക്കുകയാണ് എന്ന് അനീസ് ആരോപിക്കുന്നു. നിർബന്ധിത മതപരിവർത്തനമോ പുനപരിവർത്തനമോ നടത്തുന്ന ഇത്തരം കേന്ദ്രങ്ങൾ പൊലീസ് പിടികൂടേണ്ടതാണ്, അത് നടത്തുന്നത് ഹിന്ദുവോ മുസ്ലിമോ ക്രിസ്റ്റ്യനോ ആയിക്കൊള്ളട്ടെ അത്തരം സ്ഥാപനങ്ങൾ അത് ഭരണഘടനാ അവകാശങ്ങളെ അവഹേളിക്കുന്നവയാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25(1) ഏതൊരു വ്യക്തിക്കും ഏത് മതത്തിലും വിശ്വസിക്കാനും ഏത് മതം പ്രചരിപ്പിക്കാനും ഉള്ള അവകാശം നൽകുന്നുണ്ട്. ഏതെങ്കിലും മത സംഘടനകൾക്കോ വിധ്വംസക ശക്തികൾക്കോ അത് ചവിട്ടിയരക്കാൻ കഴിയില്ല.

അനീസുമായുള്ള വിവാഹത്തിലേക്കും സുസ്ഥിരമായ ബന്ധത്തിലേക്കും നയിച്ച അതിശക്തമായ പ്രണയത്തിലാണ് ശ്രുതി എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശ്രുതി മരണം വരെയും താൻ ഹിന്ദുവായി തുടരുമെന്ന് ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്, അനീസ് മുസ്ലിമായും തുടരും, അവർ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്റ്റ് (1954) പ്രകാരം തളിപ്പറമ്പ് മാര്യേജ് ഓഫീസർ 9.10.2017ന് പുറപ്പെടുവിച്ച വിവാഹ സർട്ടിഫിക്കറ്റിൽ നിയമപരമായി വിവാഹിതയായ ഭാര്യയുടെ പദവിയെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന പരാതികളുമായി നീതിയുടെ വഴി തെറ്റിക്കാൻ ശ്രമിച്ച രക്ഷിതാക്കളുടെ ശ്രമങ്ങളെ ശക്തമായി ചെറുത്ത ശ്രുതിയുടെ അസാമാന്യ ധെെര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ശ്രുതി ഒരു പോസ്റ്റ് ​ഗ്രാജ്വേറ്റ് ആണ്. പക്വത നേടിയ വ്യക്തിയാണ്. സ്വന്തം ജീവിതപങ്കാളിയെ അവർ അനീസിൽ കണ്ടെത്തിയിരിക്കുന്നു. ശ്രുതിയുടെ ആ​ഗ്രഹങ്ങൾ‍ക്ക് വിരുദ്ധമായി രക്ഷിതാക്കളുടെ വീട്ടിലോ യോ​ഗാ കേന്ദ്രത്തിലോ അവരെ തടവിലാക്കാൻ പറ്റില്ല. ശ്രുതിയെ സ്വതന്ത്രയാക്കണമെന്നും ശ്രുതിയും അനീസുമാണ് അവരുടെ ഭാവി ജീവിതത്തെക്കുറിച്ച് തീരുമാനിക്കേണ്ടതെന്നും അതിന് ശ്രുതിയുടെ രക്ഷിതാക്കളിൽ നിന്ന് തടസ്സങ്ങളുണ്ടാകാൻ പാടില്ലെന്നും രക്ഷിതാക്കളിൽ നിന്നോ മറ്റാരിൽ നിന്നോ തടസ്സങ്ങളുണ്ടാകരുത് എന്ന് പൊലീസ് ഉറപ്പാക്കണമെന്നും ഇതിനാൽ ഉത്തരവിടുന്നു.

12. ഈ കോടതിവിധി പൂർണമാകണമെങ്കിൽ ഇതിൽ ലതാ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് (2006 (3) KLT 375 (SC)=(2006) 5SCC 475) ൽ നിന്നും ഉദ്ധരിക്കേണ്ടിയിരിക്കുന്നു, അതിങ്ങനെയാണ്,

17. ജാതി വ്യവസ്ഥ രാജ്യത്തിന് ശാപമാണ്, എത്ര നേരത്തെ അതിനെ നശിപ്പിക്കുന്നുവോ അത്രയും നല്ലതാണ്. ഐക്യത്തോടെ രാജ്യം മുന്നിൽക്കണ്ട വെല്ലുവിളികളെ നേരിടാൻ തുടങ്ങുമ്പോഴാണ് ജാതി രാജ്യത്തെ വിഭജിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ, വ്യത്യസ്ത ജാതികളിൽ നിന്നുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ ദേശീയ താൽപര്യത്തിലുള്ളതാണ് കാരണം അവ ജാതിയെ നശിപ്പിക്കും. എന്നിരുന്നാലും വ്യത്യസ്ത ജാതികളിൽ പെട്ടവർ തമ്മിൽ വിവാഹിതരാകുമ്പോൾ അവർ അതിക്രമ ഭീഷണി നേരിടുന്നുണ്ട്, അല്ലെങ്കിൽ അവർ അതിക്രമങ്ങൾക്ക് ഇരകളാകുന്നുണ്ട്. ഞങ്ങളുടെ അഭിപ്രായത്തിൽ അത്തരത്തിലുള്ള ഭീഷണികളും അതിക്രമങ്ങളും തീർത്തും നിയമവിരുദ്ധമാണ്. അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ കടുത്ത ശിക്ഷയർഹിക്കുന്നു. ഇതൊരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്ക് പ്രായപൂർത്തിയായാൽ അവനോ അവൾക്കോ ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം. ഇത്തരം വിവാഹങ്ങളിൽ രക്ഷിതാക്കൾക്ക് താൽപര്യമില്ലെങ്കിൽ അവർക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം മകളോ മകനോ ആയുള്ള എല്ലാത്തരം സാമൂഹ്യബന്ധങ്ങളും വിച്ഛേദിക്കാം എന്നതാണ്, പക്ഷേ അവർക്കൊരിക്കലും അതിന്റെ പേരിൽ മകളെയോ മകനെയോ ആക്രമിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ കഴിയില്ല. വ്യത്യസ്ത ജാതികളിലുള്ളവർ വിവാഹം ചെയ്താലും വ്യത്യസ്ത മതങ്ങളിലുള്ളവർ വിവാഹം ചെയ്താലും ഇത് ബാധകമാണ്.

വ്യത്യസ്ത മതവിഭാ​ഗങ്ങളിൽ പെട്ടവർ തമ്മിലുള്ള ഏത് വിവാഹത്തെയും മതപശ്ചാത്തലത്തിൽ മാത്രം ചിത്രീകരിക്കാൻ പാടില്ല. ദെെവത്തിന്‍റെ സ്വന്തം നാടായ കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദത്തിൽ വിള്ളലുണ്ടാക്കരുത്.


Read More Related Articles