ഇരിപ്പ് തൊഴിലാളികളുടെ അവകാശം; തൊഴിൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തി ഗവർണ്ണർ ഓർഡിനൻസ് പുറത്തിറക്കി
സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു. ഗവർണ്ണർ പി സദാശിവം ഇത് സംബന്ധിച്ച ഓർഡിനൻസ് പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്.
ജോലിക്കിടയിൽ വിശ്രമം എന്നത് തൊഴിലാളികളുടെ അവകാശമാക്കി സർക്കാർ 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമ സർക്കാർ ഭേദഗതി ചെയ്തു. തൊഴിലാളികളുടെ ദീർഘകാല ആവശ്യമാണ് സർക്കാർ നിയമം മൂലം നടപ്പിലാക്കിയത്. വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി. വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രന്റീസുകള്‍ ഉള്‍പ്പെടെ ഏത് സ്ഥാപനത്തിലും ജോലിചെയ്യുന്ന എല്ലാ വിഭാഗം തൊഴിലാളികളെയും ഗസറ്റ് വിജ്ഞാപനം വഴി തൊഴിലാളി എന്ന നിര്‍വചനത്തിന്‍െ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി. സ്ഥാപനത്തില്‍ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരുതൊഴിലാളിക്ക് 2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമകള്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ ഉടമകള്‍ക്ക് അനുമതി നല്‍കി.