മുഖം രക്ഷിക്കാൻ സിബിഐ ഡയറക്ടറെ മാറ്റി; രാകേഷ് അസ്താനയെ നിര്‍ബന്ധിത അവധിയില്‍ വിട്ടു

By on

സിബിഐ ഉന്നതതലത്തിൽ നടക്കുന്ന ചേരിപ്പോരിനിടയില്‍  ഡയറക്ടര്‍ക്കും സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കും എതിരെ നടപടി സ്വീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചു. അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ജോയിന്‍റ് ഡയറക്ടര്‍ നാഗേശ്വര റാവുവിന് താത്കാലികമായി ചുമതല നല്‍കി. സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

2017 ലാണ് അലോക് വര്‍മ ഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്‌പെഷല്‍ ഡയറക്ടറായിരുന്ന അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.

കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ തന്നെ കേസെടുത്തിരുന്നു. എന്നാൽ അഴിമതിക്കുറ്റം അലോക്​ വർമ ​​തന്‍റെ മേൽ കെട്ടിവെക്കുകയാണെന്ന്​ അസ്​താന ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഇരുവരെയും പ്രധാനമന്ത്രി വിളിച്ചുവരുത്തിയിരുന്നു.

സിബിഐ തലപ്പത്ത് നടക്കുന്ന ചേരി തിരിവ് സർക്കാരിനെ ബാധിക്കുന്ന തരത്തിലെത്തിയപ്പോഴാണ് ഇപ്പോഴത്തെ നടപടി. നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ സിബിഐ തലപ്പത്തെ വഴക്കിനെതിരെ നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.


Read More Related Articles