വെഡ്ഡിം​ഗ് ഫോട്ടോഷൂട്ടിനെതിരെ കേരള പൊലീസിന്‍റെ സദാചാര പോസ്റ്റ്; രൂക്ഷവിമർശനമുയർത്തി സമൂഹമാധ്യമ ലോകം

By on

‘സേവ് ദ ഡേറ്റ്’ വെഡ്ഡിം​ഗ് ഫോട്ടോഷൂട്ടിനെതിരെ എഫ് ബി പേജിൽ സദാചാര പോസ്റ്റിട്ട് കേരള പൊലീസ്. അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ചില വിവാഹ ഫോട്ടോഷൂട്ടുകളെ പരോക്ഷമായി സൂചിപ്പിച്ചാണ് സേവ് ​ദ ഡേറ്റ് ആയിക്കോളൂ…കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള സമൂഹം കാണുന്നുണ്ട് എന്ന കുറ്റപ്പെടുത്തലുമായി കേരള പൊലീസ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ കേരള എന്ന എഫ് ബി പേജിൽ പോസ്റ്റിട്ടത്. കേരള പൊലീസ്, സ്റ്റേറ്റ് പൊലീസ് ചീഫ് എന്നീ ഹാഷ് റ്റാ​ഗുകളോടെയാണ് പോസ്റ്റ്.

എന്നാൽ കേരള പൊലീസിന്‍റെ പോസ്റ്റിലെ സദാചാര പൊലീസിം​ഗിനെതിരെ ആളുകൾ ശക്തമായ പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. പോലീസ് സദാചാര പൊലീസിം​ഗ് നടത്തരുത് എന്ന തരത്തിലുള്ള കമന്റുകൾക്ക് മറുപടിയായി സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കുറ്റകരമാണെന്ന് തങ്ങൾ പറഞ്ഞിട്ടില്ലല്ലോ എന്ന തരത്തിലാണ് പൊലീസ് മീഡിയ സെന്റർ കമന്റിലൂടെ പ്രതികരിച്ചത്.


പാലക്കാട് വാളയാറിൽ 9ഉം 13 ഉം വയസുള്ള ദലിത് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങൾ അവ​ഗണിച്ചു, ശരിയായ അന്വേഷണം നടത്താതെ പ്രതികളെ വെറുതെ വിടാനുള്ള സാഹചര്യം പൊലീസ് സൃഷ്ടിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങൾ നിലനിൽക്കെ നിയമവിരുദ്ധമല്ലാത്ത ഒരു പ്രവ‌‌ൃത്തിയിലെ ‘സദാചാര രാഹിത്യം’ പഠിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന വിമർശനം പലരും ഉയർത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി ഉപയോഗിച്ച് എറിഞ്ഞിട്ട സംഭവവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ വന്ന 19 കാരനെ തടയാന്‍ പോലീസുകാരന്‍ ലാത്തി എറിയുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് യാത്രികന്‍ എതിര്‍ ദിശയില്‍ വന്ന ഇന്നോവയില്‍ ഇടിച്ച് നിലത്ത് വീണു. ​ഇയാൾക്ക് ​ഗുരുതമായി പരിക്കേറ്റിരുന്നു.


Read More Related Articles