‘അവസാന നിമിഷം സ്പോണ്‍സര്‍ ചതിച്ചു’ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ പണമില്ലാതെ കേരളത്തിന്‍റെ ഉരുക്ക് വനിത

By on

റഷ്യയിൽ നടക്കുന്ന ലോക ഭാരോദ്വഹന മത്സരത്തിൽ പങ്കെടുക്കാൻ യോ​ഗ്യത ഉണ്ടായിട്ടും പണമില്ലാതെ കേരളത്തിന്‍റെ ഉരുക്ക് വനിത മജീസിയ ബാനു. പവർലിഫ്റ്റിം​ഗിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മോസ്കോയിൽ നടന്ന ലോക കപ്പിൽ ബെസ്റ്റ് ലിഫ്റ്റർ പുരസ്കാരം നേടിയ, ഏഷ്യൻ പവർലിഫ്റ്റിം​ഗ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി വെള്ളി നേടിയ, പഞ്ച​ഗുസ്തിയിൽ ദേശീയ തലത്തിൽ സ്വർണം നേടിയ കായിക താരമാണ് ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ ധനസഹായത്തിനായി ഫെയ്സ്ബുക്ക് പേജിലൂടെ അഭ്യർത്ഥന നടത്തിയത്. മോസ്കോയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി സ്പോൺ‌സർഷിപ്പ് വാ​ഗ്ദാനവുമായി മുന്നോട്ട് വന്ന ഒരു കമ്പനി വഞ്ചിച്ചുവെന്ന് ആരോപിച്ച് കൊണ്ടുള്ള പോസ്റ്റിന് പിന്നാലെയാണ് മജീസിയ ബാനു തന്‍റെ നിസഹായ അവസ്ഥ പങ്കുവെച്ചത്. രാജ്യത്തിനും സംസ്ഥാനത്തിനും ഒക്കെ ദേശീയ അന്തർദേശീയ വേദികളിൽ നിന്നും പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന കായികതാരങ്ങളുടെ സ്ഥിതി തന്നെയാണ് തന്‍റേതെന്ന് മജീസിയ ബാനു കീബോഡ് ജേണലിനോട് പറഞ്ഞു. ”സർക്കാരുകളുടെ ഭാ​ഗത്തു നിന്ന് സഹായം ലഭിക്കാത്തത് എനിക്ക് മാത്രമല്ല. എല്ലാ കായിക താരങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്, അതുകൊണ്ടാണ് സ്വകാര്യ സ്പോൺസർഷിപ് തേടേണ്ടി വരുന്നത്”. മജീസിയ പറഞ്ഞു.
മോസ്കോയിൽ നടക്കുന്ന പവർലിഫ്റ്റിം​ഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സ്പോൺസർ ചെയ്യാമെന്ന് സമ്മതിച്ച് എത്തിയ കമ്പനി  വാഗ്ദാനത്തില്‍ മാറ്റങ്ങൾ വരുത്തുകയും ഇതിൽ പ്രതിഷേധം അറിയിച്ചപ്പോൾ ഖത്തറിൽ നേരിട്ടെത്തിയാൽ വേണ്ട പണമായ 5 ലക്ഷവും തരാമെന്ന് പറഞ്ഞതായും മജീസിയ പറയുന്നു. ഇത് മറ്റ് ലക്ഷ്യങ്ങളോടെയുള്ള വാഗ്ദാനമാണ് എന്ന് മനസിലാക്കി കരാറിലെത്താതെ പിൻമാറി എന്നും മജീസിയ പറഞ്ഞു.

മെരിഡിയന്‍  ഗ്രൂപ് ഓഫ് കമ്പനീസ്, എസ്ജെ മെറ്റൽസ്, ദംസ എക്സിബിഷൻസ് ആന്‍റ് കോൺഫറൻസസ് എന്നീ ബിസിനസ്  കമ്പനി അഡ്രസുകളെ പ്രതിനീധികരിക്കുന്ന നസീർ കണ്ണൂർ എന്നയാളിനെതിരെയാണ് എഫ്ബി പ്രൊഫ‌ൈൽ സഹിതം മജീസിയ ബാനു ആരോപണം ഉന്നയിച്ചിരിക്കുന്നത്. മജീസിയയുടെ പോസ്റ്റിന്‍റെ ലിങ്ക്.

സേവ് എ ചൈൽഡ് ഫൗണ്ടേഷനും ഈ ഇടപാടിൽ പങ്കുണ്ടെന്നും മജീസിയ കമന്‍റില്‍ ആരോപിച്ചിട്ടുണ്ട്.

എന്നാൽ മജീസിയയുടെ ആരോപണം നിഷേധിച്ചുകൊണ്ട് സേവ് എ ചൈൽഡ് ഫൗണ്ടേഷൻ എഫ് ബി പേജിലൂടെ കുറിപ്പ് പ്രസിദ്ധീകരിച്ചു. നസീർ കണ്ണൂരും മജീസിയയുടെച ആരോപണം നിഷേധിച്ച് രം​ഗത്ത് വന്നു.

എന്നാൽ താൻ അനുഭവം പങ്കുവച്ചതോടെ നസീറിനെതിരെ ലൈം​ഗിക ഉപദ്രവം അടക്കം ആരോപിച്ച് നിരവധി പേർ സന്ദേശങ്ങൾ അയച്ചതായി മജീസിയ പറഞ്ഞു.
കേരള പവർലിഫ്റ്റിം​ഗ് അസോസിയേഷൻ കേരളത്തിന്റെ കരുത്തുറ്റ സ്ത്രീയായി മൂന്നുവട്ടം തെരഞ്ഞെടുത്തയാളാണ് മജ്ലീസിയ ബാനു. 2017 ലാണ് എഷ്യൻ പവർലിഫ്റ്റിം​ഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത്. ഒരു ദേശീയ പട്ടം ലഭിച്ചിട്ടുപോലും തനിക്ക് സ്ഥിരമായി ഒരു സ്പോൺസറെ കിട്ടുന്നില്ല എന്ന് മജീസിയ പറഞ്ഞത് 2017 ൽ ദ ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. 2017 ല്‍ മിസ് കേരള (ബോഡി ബില്‍ഡിംഗ്) ആയതോടെയാണ് ഹിജാബണിഞ്ഞ ബോഡി ബില്‍ഡര്‍ എന്ന വിശേഷണവുമായി മജീസിയ ബാനു മാധ്യമ ശ്രദ്ധയിലേക്ക് എത്തിയത്.


Read More Related Articles