കശ്മീര്‍ പോസ്റ്റര്‍: പോലീസ് അതിക്രമത്തെ ചോദ്യം ചെയ്ത പോസ്റ്ററുകൾ പോലീസ് പരസ്യമായി കീറിക്കളഞ്ഞു

By on

മലപ്പുറം ഗവണ്മെന്റ് കോളേജിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് രാജ്യദ്രോഹ കേസ് ചുമത്തിയ നടപടിയെ ചോദ്യം ചെയ്ത പോസ്റ്ററുകൾ പോലീസ് പരസ്യമായി നശിപ്പിച്ചു . പോലീസ് അറസ്റ്റു ചെയ്ത മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ റിൻഷാദിന്റെ നാട്ടിൽ പോലീസ് അതിക്രമങ്ങൾക്കെതിരായ വിദ്യാർത്ഥി യുവജന കൂട്ടായ്മ, പുരോഗമന യുവജന പ്രസ്ഥാനം എന്നീ സംഘടനകളുടെ പേരിൽ പതിച്ച പോസ്റ്ററുകളാണ് ഇന്ന് വൈകീട്ടോടെ പാണ്ടിക്കാട് എസ്‌ഐയും സംഘവും നശിപ്പിച്ചത്.

കശ്മീര്‍ പ്രശ്നം അഭിസംബോധന ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേരള സർക്കാർ നടപടിയെ ചോദ്യം ചെയ്യുന്നതായിരുന്നു പോസ്റ്ററുകൾ. കാശ്മീർ കീ ആസാദി മുദ്രാവാക്യം മുഴക്കിയ കനയ്യ കുമാറിനെ പിന്തുണച്ച സിപിഐ(എം) വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിലൂടെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂട അജണ്ടയാണ് നടപ്പിലാക്കുന്നത് എന്ന് പോസ്റ്ററിൽ സംഘടനകൾ ആരോപിക്കുന്നു.

പിണറായി സർക്കാർ സംഘപരിവാർ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും സിപിഐഎമ്മിന്റെ ഈ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും പോസ്റ്ററുകളിൽ പറയുന്നു. ചിന്തിക്കുന്ന മസ്തിഷ്കങ്ങളെയാണ് ഫാസിസം എക്കാലത്തും ഭയപ്പെടുന്നത്, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട റിൻഷാദ്, ഫാരിസ് എന്നിവരെ നിരുപാധികം വിട്ടയക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന 124 A വകുപ്പ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ പോസ്റ്ററുകളിലൂടെ ഉന്നയിക്കുന്നു. ഇന്ന് ഉച്ചയോടെ മലപ്പുറം പാണ്ടിക്കാട് അങ്ങാടിയിലും ബസ് സ്റ്റാൻഡിലുമായി പതിച്ച പോസ്റ്ററുകൾ വൈകീട്ടോടെ എസ്‌ഐയുടെ നേതൃത്വത്തിൽ നശിപ്പിക്കുകയാണുണ്ടായത്.

“കേരളം ഇന്ന് പ്രത്യക്ഷമായ ഫാസിസ്റ്റ് ഭരണത്തിലാണ്, ഇടതുപക്ഷം എന്ന് പറയുന്ന പിണറായിയുടെ ഭരണകൂടത്തിന് കീഴിൽ പോസ്റ്റർ പ്രചാരണത്തിന് പോലും സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണ്. കേന്ദ്രത്തിൽ മോദി നടപ്പിലാക്കുന്ന അതെ ഫാസിസ്റ്റു നടപടികൾ തന്നെയാണ് കേരളത്തിൽ സിപിഐഎമ്മും പിന്തുടരുന്നത്. ഓരോ ദിവസം കഴിയുമ്പോഴും പിണറായി മോദിയുടെ പ്രതിപുരുഷനായി മാറുകയാണ്.

ഇത്തരം നിസ്സാരമായ വിഷയങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തരുത് എന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണ് പോലീസ് വിദ്യാർത്ഥികളെ രാജ്യദ്രോഹികളാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ കേരള ജനതയുടെ മൗനം ദൗർഭാഗ്യകരവും ഭയപ്പെടുത്തുന്നതുമാണ്. പോസ്റ്റർ നശിപ്പിച്ച പോലീസ് നടപടി ജനാധിപത്യ വിരുദ്ധമാണ് . കാശ്മീർ എന്ന് മിണ്ടിയാൽ പോലും രാജ്യദ്രോഹിയാക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ കേരളത്തിലും വന്നു ചേർന്നിരിക്കുന്നത്.” മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ പോലീസ് നടപടിക്കെതിരെ അണിനിരക്കണമെന്നും പോലീസ് അതിക്രമങ്ങൾക്കെതിരായ വിദ്യാർത്ഥി യുവജന കൂട്ടായ്മ കൺവീനർ ശ്രീകാന്ത് പറഞ്ഞു.


Read More Related Articles