ശബരിമല യുവതി പ്രവേശനം; കോണ്‍ഗ്രസ് നിലപാടിനെതിരെ കെ എസ് യു കൂട്ടായ്മ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരായ കോണ്‍ഗ്രസ് നിലപാടിനെതിരെ ഒരു കൂട്ടം കെ എസ് യു പ്രവര്‍ത്തകര്‍ രംഗത്ത്. കെ.പി.സി.സി നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ യോഗം ചേർന്നു. അനൂപ് മോഹൻ, ഗംഗാ ശങ്കർ പ്രകാശ്, ഷമീം ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകർ യോഗം ചേർന്നത്.
വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം വരുന്ന കെ.എസ്.യു പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. വിശ്വാസത്തെ ഉപയോഗിച്ച് ഭരണഘടനയ്ക്ക് മേൽ സവര്‍ണ്ണാധിപത്യം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സമരത്തിന്റെ പേരിൽ നടക്കുന്നതെന്നും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം കൈക്കൊള്ളുന്നതെന്നും യോഗം ആരോപിച്ചു. ശബരിമലക്ക് മേൽ പന്തളം രാജകൊട്ടാരത്തിന് ആചാരപരമായ അധികാരം മാത്രമാണ് ഉള്ളത് എന്നിരിക്കെ ആചാരപരമായി ശബരിമലയിൽ അധികാരം ഉണ്ടായിരുന്ന ആദിവാസി-ഈഴവ കുടുംബംങ്ങളുടെ അവകാശത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയും രാജകൊട്ടാരത്തിന്റെ അധികാരത്തിനുവേണ്ടി വാദിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നു.
ആചാരസംരക്ഷണത്തിനു വേണ്ടി ശബരിമലയിൽ ചോരവീഴ്ത്താൻ ആഹ്വാനം ചെയ്യുന്നവർ തന്ത്രിയുടെ തന്നെ ഒത്താശയോടെ യുവതിയെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിനെ കുറിച്ച് മിണ്ടാത്തത് എന്താണെന്നും കൂട്ടായ്മ ചോദിക്കുന്നു. ദേവസ്വം ബോഡ് ക്ഷേത്രങ്ങളിൽ ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുവരെ മേൽശാന്തിമാരായി നിയമിക്കാൻ ഉള്ള തീരുമാനത്തെ ദളിത് – പിന്നോക്ക വിഭാഗങ്ങളെ ഉപയോഗിച്ച് തന്നെ അട്ടിമറിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും, അതിന് കോൺഗ്രസ് കൂട്ട് നിൽക്കരുതെന്നും കൂട്ടായ്മ യോഗ ശേഷം പുറത്തറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദൂരവ്യാപകമായി സംഘപരിവാർ സംഘടനകൾക്ക് ഗുണം ചെയ്യുന്ന കോൺഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാനും ധാരണയായതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.