ലോക് ഡൗണ്‍ മാത്രമല്ല കോവിഡ് 19നുള്ള പ്രതിരോധം, വലിയ തോതില്‍ പരിശോധനയും ഉറപ്പാക്കണം; ഡോ. കഫീല്‍ ഖാന്‍

By on

കോവിഡ് 19 പ്രതിരോധത്തിന് ലോക് ഡൗണ്‍ മാത്രമല്ല പ്രതിരോധമെന്നും കോവിഡ് പരിശോധന വ്യാപകമായി ഉറപ്പാക്കണമെന്നും ഡോക്ടര്‍ കഫീല്‍ ഖാന്‍. മഥുര ജയിലില്‍ നിന്നും അയച്ച അഞ്ചാമത്തെ കത്തിലാണ് ഡോ.കഫീല്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് ഡോ.കഫീല്‍ ഖാന്റെ കത്ത്.

”ഇന്ന് മുഴുവന്‍ രാജ്യവും കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ജയിലറയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതില്‍ നിസ്സഹായത തോന്നുന്നു, എനിക്ക് മേല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് എന്തിന് എന്ന് ആലോചിക്കുമ്പോഴല്ല, ഞാനെന്തുകൊണ്ട് ഇത് അനുഭവിക്കേണ്ടിവരുന്നു എന്ന് ആലോചിക്കുമ്പോഴോ അല്ല, രാജ്യത്തിന്റെ സമരത്തില്‍ എനിക്കും ഞാനും ഭാഗമാകേണ്ടതായിരുന്നു, കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടതായിരുന്നു. എന്റെ ജനങ്ങളെ സംരക്ഷിക്കേണ്ടതായിരുന്നു. അതിനുപകരം ഞാന്‍ തടവറയിലാണ്.
എല്ലാവരും ഇപ്പോള്‍ വെന്റിലേറ്ററുകളെപ്പറ്റി സംസാരിക്കുന്നുണ്ട്, വെറും 5% ഡോക്ടര്‍മാര്‍ക്കാണ് വെന്റിലേറ്ററുകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നത്. ഐസിയുവിലെ പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഈ സാഹചര്യത്തില്‍ എനിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും.”

ദേശീയ സുരക്ഷ നിയമം ചുമത്തപ്പെട്ടതിനാല്‍ ഗൊരഖ്പൂരില്‍ എഴുപത് കുഞ്ഞുങ്ങളുടെ മരണത്തിന് ആരാണ് ഉത്തരവാദിയെന്ന് എനിക്ക് ചോദിക്കാന്‍ കഴിയില്ല, എന്നെ മോചിപ്പിച്ച് ജോലി ചെയ്യാന്‍ അനുവദിക്കുക, കോവിഡിന് ശേഷം എന്നെ നിങ്ങള്‍ക്ക് വീണ്ടും തടവിലാക്കാം. ഡോ കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏഴ് വര്‍ഷം വരെ തടവനുഭവിക്കുന്ന തടവുകാരെ മൂന്നുമാസത്തേക്ക് പരോള്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെ പോലും ഡോ.കഫീല്‍ ഖാന്‍ തടവില്‍ തുടരുകയാണ്.


Read More Related Articles