കശ്മീരിൽ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേന്ദ്ര നടപടി; മെഹ്ബൂബയും ഒമർ അബ്ദുള്ളയും വീട്ടുതടങ്കലിൽ

By on

കശ്മീരിൽ നിലനിൽക്കുന്ന ആശങ്ക നിറഞ്ഞ അന്തരീക്ഷത്തെ തീവ്രമാക്കിക്കൊണ്ട് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർഅബ്ദുള്ള, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ എന്നിവരെ വീട്ടു തടങ്കലിലാക്കി. ”ഇന്ന് പാതിരാത്രി മുതൽ ഞാൻ വീട്ടുതടങ്കലിലാക്കപ്പെടുകയാണെന്ന് വിശ്വസിക്കുന്നു. മറ്റ് മുഖ്യധാരാ നേതാക്കളെയും വീട്ടുതടങ്കലിലാക്കി തുടങ്ങിയിട്ടുണ്ട്. ഇത് സത്യമാണോ എന്നറിയാൻ യാതൊരു വഴിയുമില്ല, ഇത് സത്യമാണെങ്കിൽ എന്താണോ സംഭവിക്കാനിരിക്കുന്നത് അതിന്റെ അപ്പുറത്ത് കാണാം. എല്ലാവരും ശാന്തരായി ഇരിക്കൂ. അല്ലാഹ് നമ്മളെ രക്ഷിക്കട്ടെ”. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഒമർ അബ്ദുല്ല ഇന്നലെ 11.30ന് ട്വീറ്റ് ചെയ്തു.

”ഇത്രയും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ വരുന്നതെന്തായാലും നമുക്ക് ഒന്നിച്ചു നേരിടാം എന്ന് ഉറപ്പുതരുന്നു. പൂർണമായും നമ്മുടേതായ ഒന്നിനുവേണ്ടിയുള്ള നമ്മുടെ പോരാട്ടത്തെ ഒന്നിനും തകർക്കാൻ കഴിയില്ല. സമാധാനത്തിന് വേണ്ടി പോരാടിയ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ‍ഞങ്ങൾ വീട്ടുതടങ്കലിലാക്കപ്പെടുന്നത് എന്ത് വിരോധാഭാസമാണ്. ജമ്മു കശ്മീരിലെ ജനങ്ങളും അവരുടെ ശബ്ദവും ഇല്ലാതാക്കപ്പെടുമ്പോൾ ലോകം ഇതെല്ലാം കാണുന്നുണ്ട്. മതേതര ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്മീർ തന്നെ സങ്കൽപിക്കാൻ പറ്റാത്തത്ര അളവിൽ അടിച്ചമർത്തൽ നേരിടുകയാണ്. ഉണരൂ ഇന്ത്യ”. മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

ഇന്നലെ വെെകുന്നേരം നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ വീട്ടിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോ​ഗത്തിൽ ജമ്മു കശ്മീരിന് സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയാനുള്ള ഇന്ത്യയുടെ നീക്കങ്ങളെ ഒരുമിച്ച് എതിർക്കുമെന്ന് തീരുമാനമെടുത്തിരുന്നു. ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നീ വകുപ്പുകളിലുള്ള കൂട്ടിച്ചേർക്കലോ എടുത്തുകളയലോ, ജമ്മു കശ്മീരിനെ ഭരണഘടനാവിരുദ്ധമായി മൂന്നാക്കി തരംതിരിക്കലോ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനതയ്ക്ക് എതിരാണ് എന്നും ഇന്നലെ ചേർന്ന സർവ്വ കക്ഷി യോ​ഗത്തിനൊടുവിൽ ഫറൂഖ് അബ്ദുള്ള മാധ്യമങ്ങളെ അറിയിച്ചിരുന്നു.ജമ്മു കശ്മീരിന്റെ സ്വത്വവും പരമാധികാരവും പ്രത്യേക പദവിയും സംരക്ഷിക്കാൻ യോ​ഗം പ്രതിജ്ഞ ചെയ്തു.

1,80000 സെെനികരെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി കശ്മീരിൽ വിന്യസിച്ച അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തിലാണ് കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വങ്ങളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. കശ്മീരികളല്ലാത്ത എല്ലാവരോടും കശ്മീർ‌ വിട്ടുപോകാൻ നേരത്തെ തന്നെ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.കാർ​ഗിലിലെ സർക്കാർ ഉദ്യോ​ഗസ്ഥരോട് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാതെ സജ്ജരായിരിക്കാൻ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ശ്രീന​ഗറിൽ 144 പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ പലയിടങ്ങളിലേക്കുമുള്ള ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.

ഓ​ഗസ്റ്റ് അഞ്ച് മുതൽ 1200 മണിക്കൂറുകളിലേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരും. ഈ ഉത്തരവനുസരിച്ച് പൊതുജീവിതം ഉണ്ടായിരിക്കരുത്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞിരിക്കും. ഈ ഉത്തരവിന്റെ കാലാവധിയിൽ ഏതെങ്കിലും തരത്തിലുള്ള പൊതു യോ​ഗമോ റാലികളോ നടത്താൻ പാടില്ല. ആവശ്യമുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കാനുള്ള പാസ് ആയി അടിയന്തര സർവീസുകളിലുള്ള ഉദ്യോ​ഗസ്ഥരുടെ ഐഡന്റിറ്റി കാർഡുകൾ കണക്കാക്കപ്പെടും എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
കശ്മീരിൽ കൂടുതൽ സെെനികരെ വിന്യസിപ്പിച്ച് സർക്കുലറുകൾ പുറത്തിറക്കി സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന സൂചന പോലും ലഭിക്കാത്തതിന്റെ ഭയാശങ്കകളിലാണ് കശ്മീരിലെ ജനങ്ങൾ. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും കശ്മീരിൽ നിന്നുള്ള വാർത്തകളും ഇനി ലഭ്യമാകുകയില്ല. സമാനതകളില്ലാത്ത സംഭവങ്ങളാണ് കശ്മീരിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംഭവിക്കുന്നത്.

അമർനാഥ് യാത്രികരെ തിരിച്ചയച്ച സംഭവം കശ്മീരിന്റെ ചരിത്രത്തിൽ ആദ്യമാണ് എന്ന് ഒമർ അബ്ദുള്ള പറയുന്നു.

ജമ്മുകശ്മീർ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ ആർട്ടിക്കിൾ 370 എടുത്തുകളയാൻ സർക്കാർ ഉപദേശം തേടിയതായും റിപ്പോർട്ടുകളുണ്ട്. ”രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ രാഷ്ട്രീയ നേതാക്കൾ കശ്മീരിന് നൽകിയ വാഗ്ദാനങ്ങളുടെ ഭാ​ഗമാണ് ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നിവ. കശ്മീരി ജനതയുടെ വേദനകൾ കേൾക്കാതെ ഈ വകുപ്പുകൾ കൊണ്ട് കളിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് നല്ലതല്ല” എൽജെഡി അധ്യക്ഷൻ ശരദ് യാദവ് കേന്ദ്രസർക്കാർ നീക്കങ്ങളെ വിമർശിച്ചു.


Read More Related Articles