കശ്മീർ പോസ്റ്റർ രാജ്യദ്രോഹ കേസ്; വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
മലപ്പുറം ഗവണ്മെന്‍റ് കൊളേജിൽ കശ്മീർ പ്രശ്നം ഉന്നയിക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് രാജ്യ ദ്രോഹ കേസ് ചുമത്തി അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മലപ്പുറം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിൻഷാദിന്റെയും ഫാരിസിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുക.
ഫെബ്രുവരി 21നാണ് റിൻഷാദിനെയും ഫാരിസിനെയും അറസ്റ്റ് ചെയ്തത്. സോളിഡാരിറ്റി വിത് കശ്മീർ പീപ്പിൾ, ആസാദി ഫോർ കശ്മീർ, ഫ്രീഡം ഫോർ കശ്മീർ, മണിപ്പൂർ, പലസ്തീൻ എന്നീ പോസ്റ്ററുകൾ രാജ്യദ്രോഹപരമാണെന്ന് കാണിച്ച് കൊളേജ് പ്രിൻസിപ്പൽ മായ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
പൾവാമ ചാവേർ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ എങ്ങും പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കശ്മീരികൾക്ക് നേരെ സംഘപരിവാർ സംഘടനകൾ നടത്തിവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെയാണ് റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രവർത്തകരായ റിൻഷാദും ഫാരിസും അടക്കമുള്ള വിദ്യാർത്ഥികൾ പ്രതിഷേധമറിയിച്ചുകൊണ്ട് പോസ്റ്റർ പതിച്ചത്.