ഡാനിഷിന്‍റെ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേരള പൊലീസ്; ആരോപണങ്ങൾ നിഷേധിച്ച് പൊലീസ് സൂപ്രണ്ട്

By on

വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ഡാനിഷിന്‍റെ കുടുംബത്തിന്‍റെ പരാതി. പൊലീസിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് പൊലീസ് സൂപ്രണ്ടിന്‍റെ മറുപടി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒക്ടോബർ അഞ്ച് 2018ന് പാലക്കാട് മണ്ണാർക്കാട് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഡാനിഷിന്‍റെ കോയമ്പത്തൂരിലെ വീട്ടിൽ പൊലീസ് അതിക്രമിച്ചു കയറി ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 2018 ഡിസംബർ 26നാണ് സംഭവം. എന്നാൽ ഈ പരാതിയിൽ പറയുന്ന സംഭവങ്ങൾ അ​ഗളി അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് നിഷേധിച്ചു.

കേരള രജിസ്ട്രേഷ‌ൻ വാഹനത്തിൽ സാധാരണ വേഷത്തിൽ നാലുപേരും പൊലീസ് വേഷത്തിൽ രണ്ട് പേരും ഡാനിഷിന്‍റെ വീട്ടിലെത്തി രക്ഷിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഏതൊക്കെയോ പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി ഡാനിഷിന്‍റെ അച്ഛൻ സെൽവകുമാർ കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മീഷനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി അയച്ചിരുന്നു. ഡാനിഷിന്‍റെ സഹോദരി സജിതയോട് പൊലീസ് വീട്ടിലെ റേഷൻ കാർഡ് എടുത്തുകൊണ്ടുവരാൻ പറയുകയും അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നതായി സെൽവകുമാർ പരാതിയിൽ പറയുന്നു.

പരാതിയിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾ തന്‍റെ അറിവോടെ നടന്നിട്ടില്ലെന്നും പൊലീസ് ഉദ്യോ​ഗസ്ഥരെ ഡാനിഷിന്‍റെ വീട്ടിലേക്ക് അയച്ചിട്ടില്ലെന്നും അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഫെബ്രുവരി 13ന് മറുപടി നൽകി. നിലവിൽ തൃശൂർ സെൻട്രൽ ജയിലിലാണ് ഡാനിഷ് ഉള്ളത്. ഡാനിഷിന്‍റെ അച്ഛൻ സെൽവരാജൻ സ്ട്രോക്ക് ബാധിതനാണ്. ഡാനിഷിൻ‌റെ അമ്മ അനത ജ്യോതിയാണ് കുടുംബം നോക്കുന്നത്. സഹോദരി സജിത, അമ്മയുടെ അച്ഛൻ രാമചന്ദ്രൻ എന്നിവരും അടങ്ങുന്നതാണ് കുടുംബം.

തടവില്‍ കഴിയുന്ന ഡാനിഷിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അവരിൽ നിന്നും പല രേഖകളിൽ ഒപ്പു വാങ്ങിക്കുകയും ചെയ്തതായി പരാതിപ്പെട്ടപ്പോള്‍ അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്ന പൊലീസിന്‍റെ മറുപടിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധമുയരുന്നുണ്ട്.


Read More Related Articles