മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഡൽഹി മുൻ പ്രസിഡന്റ് തോക്ചോം വീവോണിനെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്തു
മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഡൽഹിയുടെ മുൻ പ്രസിഡന്റും ഇപ്പോൾ സംഘടനയുടെ ഉപദേഷ്ടാവും എഴുത്തുകാരനുമായ വിദ്യാർത്ഥി നേതാവ് തോക്ചോം വീവോണിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വാറണ്ട് ഇല്ലാതെ ഇന്ന് വെെകുന്നേരമായിരുന്നു അറസ്റ്റ്. പൗരത്വ (ഭേദഗതി) ബില്ലിനെതിരെ ഡൽഹിയിൽ നടന്ന മണിപ്പൂരികളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചവരിൽ ഒരാളാണ് തോക്ചോം വീവോൺ. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോലം കത്തിച്ചായിരുന്നു പാർലമെന്റിന് സമീപം വിദ്യാർത്ഥികളും സ്ത്രീകളും പ്രതിഷേധിച്ചത്.
ഡൽഹിയിൽ തോക്ചോമിന്റെ താമസസ്ഥലത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്തത്. ചെരിപ്പ് പോലും ഇടാൻ സമ്മതിക്കാതെ തോക്ചോമിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു പൊലീസ് എന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് അറിയിച്ചിരുന്നില്ല എന്നും സുഹൃത്ത് സെസിൽ തോനാജം ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. പിന്നീട് ജനക്പുരി പൊലീസ് സ്റ്റേഷനിലേക്ക് തോക്ചോമിനെ കൊണ്ടുപോയതായി വിവരം കിട്ടി. തോക്ചോമിനെ പൊലീസ് മർദ്ദിച്ചിരുന്നു എന്നും കാരണം വ്യക്തമാക്കാതെ തന്നെ തോക്ചോമിനെ മണിപ്പൂരിലേക്ക് കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം എന്നും സെസിൽ പറയുന്നു.
പൗരത്വ (ഭേദഗതി) ബില്ലിനെതിരെ മണിപ്പൂരിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നിരുന്ന ഒരു ദിവസം മണിപ്പൂർ പൊലീസ് തോക്ചോമിന്റെ വീട് റെയ്ഡ് ചെയ്തിരുന്നു. രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും അവരുടെ ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഫെബ്രുവരി 12ന് തോക്ചോം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ഫെബ്രുവരി 13 പാർലമെന്റിന്റെ അവസാന സെഷൻ നടക്കുന്ന ദിവസം മറ്റ് ചില വിഷയങ്ങളിലുണ്ടായ ബഹളം കാരണം ബിൽ അവതരിപ്പിക്കാൻ കഴിയാതെ പോകുകയും ബിൽ അസാധുവാകുകയും ചെയ്യുകയായിരുന്നു. മണിപ്പൂരികളുടെയും മറ്റ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെയും പ്രതിരോധത്തിന് മുന്നിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാകുകയായിരുന്നു. ബിൽ അസാധുവായി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥി നേതാവായ തോക്ചോം വീവോണിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.