മണിപ്പൂരി റോക്ക് ബാൻഡ് ഇംഫാൽ റ്റോക്കീസ് നാളെ കൊടുങ്ങല്ലൂരിൽ

By on

മണിപ്പൂരിൽ നിന്നുള്ള റോക്ക് സം​ഗീത ബാൻഡായ ഇംഫാൽ റ്റോക്കീസ് നാളെ കൊടുങ്ങല്ലൂരിൽ സം​ഗീത പരിപാടി അവതരിപ്പിക്കും. വടക്ക് കിഴക്കൻ മേഖലയിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പയ്ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ സം​ഗീതം കൊണ്ടുയർത്തിയ ‌പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഇംഫാൽ റ്റോക്കീസിന്റെ ആദ്യ കേരള പര്യടനമാണ് ഇപ്പോൾ നടക്കുന്നത്.

കൊടുങ്ങല്ലൂർ കോട്ടപ്പുറം ബോട്ട് ജെട്ടിയിലെ നദീതീര ആംഫി തിയേറ്ററിലാണ് ഇംഫാൽ റ്റോക്കീസ് സം​ഗീത പരിപാടി അവതരിപ്പിക്കുക. വൈകിട്ട് 6. 30നാണ് പരിപാടി. ബാൻഡിന് നേത‌ൃത്വം നൽകുന്ന അഖു ചിങാങ്ബം, ഇറോം സിങ്തോയ്, അമർജിത് എന്നിവരാണ് പരിപാടി അവതരിപ്പിക്കുന്നത്. ​‌കീബോ‍ഡ് ജേണലും കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മീഡിയ ഡയലോ​ഗ് സെന്ററും ചേർന്നാണ് ഇംഫാൽ റ്റോക്കീസിന്റെ സം​ഗീത പരിപാടി ഒരുക്കുന്നത്.

കോട്ടപ്പുറം ആംഫി തിയേറ്റര്‍

പൂർണമായും ഭരണകൂട ശക്തികളാൽ ആവിഷ്കാരങ്ങൾ സെൻസർ ചെയ്യപ്പെടുന്ന ഇടത്ത് നിന്നാണ് ഇംഫാൽ ടോക്കീസ് പാടുന്നത്. 2008ൽ അഖു രൂപീകരിച്ച ഇംഫാൽ ടോക്കീസ് ഇതിനകം ലോകത്തെ പാട്ടിലൂടെ അറിയിച്ചിരിക്കുന്നത് വടക്കുകിഴക്കൻ തദ്ദേശീയ ജനത സ്വയം നിർണയാവശം ഉന്നയിക്കുന്നത് കാരണം നേരിടുന്ന ഭരണകൂട അടിച്ചമർത്തലുകളെപ്പറ്റിയാണ്. ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പാട്ടുകളിലൂടെയാണ് സമീപകാലത്ത് ഇംഫാൽ റ്റോക്കീസ് ചർച്ചയായത്. Stand United Against CAB എന്ന ​ഗാനം സമൂ​​‌ഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ബം​ഗ്ലാദേശിലും അസമിലുമുള്ള മണിപ്പൂരി ഡയസ്പോറയെപ്പറ്റിയുള്ള ഇമാ ​ഗി വാരി ആണ് ഇംഫാൽ ടോക്കീസിന്റെ ഏറ്റവും പുതിയ ആൽബം.


Read More Related Articles