ന്യൂസിലൻഡ് മസ്ജിദുകളിലെ ഭീകരാക്രമണത്തെ ന്യായീകരിച്ച ഓസ്റ്റ്രേലിയൻ സെനേറ്ററുടെ തലയിൽ മുട്ടയുടച്ച് 17 കാരൻ

By on

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളികളിൽ വെളുത്ത വർ​ഗാധീശവാദിയായ ഭീകരൻ നടത്തിയ വെടിവെയ്പിനെ ന്യായീകരിച്ച ഓസ്റ്റ്രേലിയൻ സെനേറ്ററുടെ തലയിൽ മുട്ടയുടച്ച് 17 കാരൻ. ക്വീൻസ്ലൻഡിൽ നിന്നുള്ള സെനറ്റംമായ ഫ്രേസർ ആനിം​ഗിന്റെ തലയിലാണ് 17 കാരൻ മുട്ടകൊണ്ടടിച്ചത്. ഈ കൗമാരക്കാരനെ ഫ്രേസർ അപ്പോൾ തന്നെ മർദ്ദിക്കുകയും പിന്നീട് ഫ്രേസറുടെ അനുയായികളായ വലതുപക്ഷവാദികൾ കൈകാര്യം ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു.

തീവ്രവലതുപക്ഷവാദിയായ ആനിം​ഗ് ഇന്നലെ 49 ഓളം പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലാണ് സംസാരിച്ചത്. ഓസ്റ്റ്രേലിയയിലും ന്യൂസിലൻഡിലും മുസ്ലിം അഭയാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നത് ഭയം ജനിപ്പിക്കുന്നു എന്നാണ് ഫ്രേസർ ഇന്നലെ പറഞ്ഞത്. ഫ്രേസർ മാധ്യമപ്രവർത്തരോട് സംസാരിക്കുന്നതിനിടയിലാണ് 17 കാരൻ മുട്ടകൊണ്ട് തലയ്ക്കടിച്ചത്. പെട്ടെന്ന് ഫ്രേസർ‌ തിരിഞ്ഞ് കുട്ടിയുടെ കരണത്തടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ സമൂഹ​മാധ്യമങ്ങളിൽ പടർന്നു.

ഫ്രേസറുടെ തലയില്‍ മുട്ടയുടച്ച കുട്ടിയെ വലതുപക്ഷ വാദികള്‍ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കുന്നതിന്‍റെ വിഡിയോ കൂടി പുറത്തു വന്നു. എബിസി മാധ്യമ പ്രവര്‍ത്തകന്‍ പോള്‍ ബാരിയാണ് വിഡിയോ റ്റ്വിറ്ററിലൂടെ പുറത്ത് വിട്ടത്. നീ വെറും ദുര്ബലനായ ഒരു മനുഷ്യജീവിയാണെന്ന് പറഞ്ഞുകൊണ്ടാണ് ഫ്രേസറുടെ അനുയായി കുട്ടിയുടെ കഴുത്ത് ഞെരിക്കുന്നത്.


Read More Related Articles