ശബരിമല സന്ദർശനത്തിന് തമിഴ്നാട്ടിൽ നിന്നുള്ള യുവതികളെത്തി; മനിതി സംഘമെത്തിയത് വഴിതടയലുകളെ മറികടന്ന്

By on

ശബരിമല സന്ദർശനത്തിന് കൂട്ടമായെത്തുന്ന വനിതകളുടെ ആദ്യ സംഘം പമ്പ പൊലീസ് സ്റ്റേഷനിലെത്തി. 11 പേരാണ് ആദ്യം എത്തിയത്. 20 നും 50 നും ഇടയിൽ പ്രായമുള്ള വനിതകളാണ് എത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള മനിതി കൂട്ടായ്മയിലെ 11 പേരാണ് പമ്പയിലെത്തിയിരിക്കുന്നത്. ഇവരിൽ 6 പേരാണ് ശബരിമല ക്ഷേത്ര സന്ദർശനം നടത്താൻ ആ​ഗ്രഹിക്കുന്നത്. ബാക്കിയുള്ള 5 പേർ സഹായത്തിനായാണ് എത്തിയതെന്നും മനിതി സംഘം വ്യക്തമാക്കി. റോഡ് മാർ​ഗമാണ് ഇവർ കേരളത്തിലും തുടർന്ന് പമ്പയിലും എത്തിയത്. ശബരിമല സന്ദർശനത്തിന് എത്തുന്നുവെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച മനിതി സംഘം കേരള സർക്കാർ തങ്ങൾക്ക് സുരക്ഷ വാ​ഗ്ദാനം ചെയ്തിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇവർ എത്തുന്ന വിവരം അറിഞ്ഞ് ബിജെപി വൻ പ്രതിഷേധമാണ് ഉയർത്തിയത്. കോട്ടയത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തി. മുണ്ടക്കയത്തും കട്ടപ്പനയിലും മനിതി സംഘത്തിന്റെ വാഹനം തടയാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. മുണ്ടക്കയത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ പ്രതിഷേധക്കാർ ചിതറിയോടി. കട്ടപ്പനയിൽ വച്ച് ‌മനിതി സംഘത്തിന്റെ വാഹനം തടഞ്ഞ് അക്രമത്തിന് ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്.
തമിഴ്നാട്ടിൽ നിന്ന് യാത്ര ആരംഭിച്ചതുമുതൽ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധങ്ങളും വഴിതടയലും അതിജീവിച്ചാണ് മനിതി സംഘം പമ്പയിലെത്തിയത്.

ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേരള അതിർത്തിക്ക് സമീപം കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീർത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോൾ ദേശീയപാത ഉപരോധിച്ച് കൊണ്ട് സംഘപരിവാർ പ്രവർത്തകർ പ്രതിരോധം തീർത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.

മനിതി‍-ദുരഭമാന കൊലപാതകങ്ങൾക്കെതിരെ രൂപം കൊണ്ട കൂട്ടായ്മ

ജാതിയുടെ പേരിൽ നടക്കുന്ന ദുരഭിമാന കൊലകൾക്കെതിരെ പോരാടുന്ന സംഘടനയായാണ് മനിതി രൂപം കൊണ്ടത്. മനിതി കൂട്ടായ്മയിൽഡ നിന്ന് 40 പേർ ശബരിമല സന്ദർശനം നടത്താനെത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തീർത്ഥാടകരായി എത്തുന്ന തങ്ങൾ എല്ലാവരും ആചാരപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങൾ എല്ലാം പാലിച്ചാണ് വരുന്നതെന്ന് മനിതിയുടെ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ദർശനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും വേണ്ട സുരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞിരുന്നു.


Read More Related Articles