‘ആദിവാസി സമൂഹത്തെ അമ്പലവാസികൾ ഇത്രത്തോളം ഉദ്ധരിക്കരുത്’-ഉടലാഴം റിവ്യൂ

By on

Film Review-Sruthi Karthika

ഇരുപത്തിമൂന്നാമത് ഐഎഫ്എഫ്കെയുടെ മലയാളം സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഉടലാഴം സിനിമയെ അറഞ്ചം പുറഞ്ചം തന്നെ വിമർശിക്കേണ്ടതുണ്ട്. ഗോത്ര സമൂഹത്തെ സംബന്ധിക്കുന്ന കഥയെന്നതിനാലും പ്രധാന കഥാപാത്രം ഒരു ആദിവാസി – ട്രാൻസ് വ്യക്തിത്വം ആയതിനാലും ഇങ്ങനെ ഇഴ കീറി പരിശോധിച്ചു പറയേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. സിനിമയിൽ പ്രതിപാദിക്കുന്ന പ്രേത്യേക തരം ആദിവാസി ഗോത്ര സമൂഹത്തെ കുറിച്ച് മറ്റുള്ളവർക്ക് അന്ധമായ ധാരണ നൽകരുതല്ലോ. ഒന്നു പറയട്ടെ, അപേക്ഷയാണ്.  ദയവായി ആദിവാസി സമൂഹത്തെ അമ്പലവാസികൾ ഇത്രത്തോളം ഉദ്ധരിക്കരുത്. സുഹൃത്ത് അലീനയുടെ വാക്കുകൾ കടമെടുക്കുന്നു. “ഞങ്ങടെ കഥ ഞങ്ങള് തന്നെ പറഞ്ഞോളാം ” വെറുതെ ഡോക്യുമെന്ററി ഫിക്ഷൻ കുഴച്ചു ചളമാക്കരുത്.

രമ്യ വത്സല, മണി, സുനി എന്നിവരെ ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആവേശം കൊണ്ടു കൂടിയാണ് സിനിമയുടെ പ്രദർശനത്തിൽ പങ്കെടുത്തത്. നാടകമേഖലയിൽ പ്രവർത്തിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്ത കലാകാരിയാണ് രമ്യ വത്സല. ഇവർ ഉടലാഴത്തിലെ നായിക ആയിരുന്നുവെന്ന് ആദ്യകാല പോസ്റ്റർ കണ്ടപ്പോൾ തോന്നിയിരുന്നില്ല. കറുപ്പും വെളുപ്പും അഥവാ വെളുത്ത അനുമോൾ കറുത്ത മണി ഇവർ ചേർന്ന മിറർ ഇമേജ് ആയിരുന്നു ആദ്യകാല പോസ്റ്ററുകൾ. നാടകപ്രവർത്തകനും നാടൻപാട്ടു ഗായകനുമായ സുനി എന്ന അഭിനേതാവിനെ സിനിമയിലുടനീളം സ്ക്രീൻ മുഴുവൻ പരതി.
സിനിമയുടെ ആദിമധ്യാന്തം ഇടക്കിടക്ക് എന്തോ അശരീരി മുഴക്കാൻ വേണ്ടി തിരുകി വെയ്ക്കുന്ന മാതിരി ഓരോരോ കഥാപാത്രങ്ങൾ വന്നു പോയി. സുനിയെ മാത്രം എവിടെയും കാണാൻ കഴിഞ്ഞില്ല. ആ കറുത്ത ശരീരത്തെ ഒരു ശവത്തെ ചുമക്കുന്ന ഫ്രയിമിൽ മാത്രമായി ഒതുക്കാൻ നിങ്ങൾക്ക് കഴിഞ്ഞു. ഈ സമാന്തര സിനിമയിൽ ഒരു കറുത്ത ആൺ ശരീരത്തെ ഇത്രത്തോളം മാറ്റി നിർത്താൻ കഴിഞ്ഞെങ്കിൽ മാസ്സ് സിനിമകളിൽ നമ്മുടെ അവസ്ഥ എന്താകും. അപ്പോൾ നിങ്ങൾ പറയും മണിയോ എന്നു, മണി ഇതേ സിനിമക്ക് നേരെ പൊതുമധ്യത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാത്ത നടനാണ്. കുറച്ചധികം ദിവസങ്ങൾ ഷൂട്ടിങ് ലൊക്കേഷനിൽ സമയം കൊടുത്ത നടനാണ് സുനി. ബിഗ് സ്ക്രീനിലെ സുനിയുടെ അദൃശ്യമാകൽ വല്ലാത്ത നിരാശയുണ്ടാക്കി. അതു പിന്നെ ഡയറക്ടർ ചോയ്‌സ് ആണല്ലോ.

ഇനി സിനിമയിലേക്ക് ഒന്നു കൂടി തലയിട്ടു ചിന്തിക്കാം. നിങ്ങൾ ഏത് കാലത്തെ ആദിവാസികൾക്കാണ് എയ്ഡ്‌സ് വ്യാപകമായിരുന്നു എന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ഒരു ഗോത്രത്തിനു പുറത്ത് നിന്നു നമ്മൾ ചിന്തിച്ചു കൂട്ടുന്നതിലും അപ്പുറമാണ് അവർ. “നാഗരിക വാണിജ്യ താല്പര്യങ്ങൾ പുകയില പോലെ ചവച്ചു തുപ്പിയ ഗോത്ര ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ ഉടലാഴം അന്വേഷിക്കുന്നു” എന്നു നീട്ടി കുറുക്കിയ ഡയലോഗ് ഫെസ്റ്റിവൽ ബുക്കിൽ കണ്ടിരുന്നു. പക്ഷേ വാണിജ്യ താല്പര്യങ്ങൾക്ക് വേണ്ടി മിക്സ് ചെയ്ത വിഷ്വൽ സീക്വൻസ് മാത്രമേ സിനിമയിലുട നീളം എനിക്ക് കാണാൻ കഴിഞ്ഞുള്ളു. പ്രധാന ഉദ്ദേശ്യം തന്നെ കറുത്ത ശരീരങ്ങളെ വെളുത്ത പുരോഗമന ശരീരക്കാർ സംരക്ഷിക്കുന്നു, സഹായിക്കുന്നു എന്നു വരുത്തി തീർക്കൽ ആയിരുന്നോ? ഈ ചിത്രം അതിനു വേണ്ടി നിർമിച്ച ഒരു സവർണ സ്‌പോൺസേർഡ് ആഡ് ആയി തോന്നുന്നതും ആസ്വാദക സ്വാതന്ത്ര്യം തന്നെയല്ലേ. പ്രേക്ഷകരെ അതിന്റെ പാരമ്യത്തിൽ എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു. ആദിവാസികളുടെ രീതികൾ എല്ലാം ഒരു ശ്രേണി, നാട്ടുവാസികൾക്ക് മറ്റൊരു ശ്രേണി. ഇതിൽ നിന്നു മാറി ഒരു ചലനവും സഞ്ചാരവും സങ്കല്പിക്കാത്ത ഒരു ഉടലാഴം.

ട്രാൻസ് വ്യക്തിത്വം ഉള്ള വ്യക്തിയെ സംബന്ധിക്കുന്ന സിനിമ പിടിച്ചു, നല്ലത്. എങ്കിലും ഗുളികന്റെ (മണി ) വ്യക്തിത്വം ഗാഢമായോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലോ അടയാളപ്പെടുത്തുന്നതിൽ ചിത്രം പൂർണ പരാജയം ആണെന്ന് പറയാതിരിക്കാൻ വയ്യ. കഥാപാത്രത്തിന് എന്ത് ആഴവും പരപ്പുമാണ് നിങ്ങൾ നൽകിയത്? ഇതേ കഥാതന്തു തന്നെയുള്ള ഒരു പുസ്തകവും ഇതിനു മുൻപ് താങ്കൾ എഴുതിയതായി അറിഞ്ഞു. രാജു എന്ന, ട്രാൻസ് വ്യക്തിത്വം ഉള്ള ആദിവാസിയെ കുറിച്ച്. ആദിവാസികൾക്ക് കൊമ്പും വമ്പുമില്ല. അവരും ഫോൺ ഉപയോഗിക്കാറുണ്ട് നല്ല ഭക്ഷണം കഴിക്കാറുമുണ്ട്. റിയൽ ലൈഫ് കഥാപാത്രമായ രാജു എന്ന ട്രാൻസിനോട് ചേർന്ന് ഒരു കഥയും സമൂഹവും മനസ്സിൽ കണ്ടപ്പോൾ ഒരു ലിബറൽ ആയ ഗോത്ര വിഭാഗക്കാരനെ പോലും താങ്കൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിഞ്ഞില്ലല്ലോ. സിനിമ മുതൽ എന്തു തരം കലാ പ്രവർത്തനം ആണെങ്കിലും എന്റേത് ആയിരിക്കുമ്പോൾ തന്നെ ചുറ്റുമുള്ളവരിലേക്കും കടന്നു ചെല്ലപ്പെടുവാനും ചർച്ചയാക്കപ്പെടുവാനും ഉള്ള സ്പേസ് ഉണ്ടാകാറുണ്ട്. അങ്ങിനെ ഒരു സ്പേസ് താങ്കളുടെ സിനിമയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ അംഗങ്ങൾക്കൊന്നും തന്നെ പാത്ര സൃഷ്ടിയുടെ ഘട്ടത്തിൽ താങ്കളോട് ഒരു നിർദ്ദേശവും ഇല്ലായിരുന്നോ ? അതോ ചർച്ചക്ക് വെക്കാത്ത ‘എന്റെതായ, എല്ലാം എന്റെ മനസ്സിൽ ഉള്ള എന്റെ സിനിമയാണോ ‘ഇത് ? എങ്കിൽ എന്നെ സംബന്ധിച്ചു എന്തു അപകടം പിടിച്ച ചിന്താഗതിയാണിത്. ഒരു വയസു ചെന്ന സ്ത്രീയെ പ്രേക്ഷകർക്ക് മുന്നിലിരുത്തി ഒരു നാട്ടുവാസിയെ കൊണ്ട് എന്തു നാറ്റമാണ് നിങ്ങൾക്ക് എന്നു പറയിപ്പിക്കുന്നതിലെ നിങ്ങളുടെ ആനന്ദം എനിക്ക് നല്ല നാറ്റമായി തോന്നി. ആ വൃദ്ധയുടെ നാറ്റം മദ്യത്തിന്റെയാണെന്നും വാക്കുകൾ കൊണ്ട് നിങ്ങൾ പിടിപ്പിച്ചു. അവര് കുടിക്കുന്നത് കൊച്ചമ്മ കള്ള് അല്ലാത്തതിനാൽ ഉള്ള നിങ്ങളുടെ പുച്ഛമാണോ ആ നാട്ടുവാസിയെ കൊണ്ടു പറയിപ്പിച്ചത്. കഷ്ടം തന്നെ.

രമ്യ വത്സലയുടെ ഓരോ ചലനങ്ങളും ചെയ്തികളും മനോഹരമായിരുന്നു. അവരുടെ നാടകങ്ങൾ കണ്ടിട്ടുള്ളതിനാൽ പറയട്ടെ, ഓരോന്നിലും അവരുടെ കണ്ടെത്തലുകൾ കാണാമായിരുന്നു. അവരുടെ ശരീരം ഭംഗി കൂടാതെ പ്രേക്ഷകരെ കാട്ടാനുള്ള ധൈര്യത്താൽ സിനിമയിൽ ഉറച്ചിരിക്കാനുള്ള ഇരിപ്പിടം പണിതിട്ടാണവർ ആ സിനിമയിലെ സെറ്റിൽ നിന്നിറങ്ങിയത് എന്നു തോന്നിപോകും. കദന കഥകൾ പറയാതെയും മുൻനിര സപ്പോർട്ട് ഇല്ലാതെയും സിനിമയിൽ ഇരിക്കാനും നിൽക്കാനുമൊക്കെ രമ്യ വത്സലക്ക് കഴിയുമെന്ന് അവർ തെളിയിച്ചു. അവരുടെ കറുപ്പിനെയും ധാർഷ്ട്യത്തെയും നഷ്ടപെടുത്തിയാൽ നിങ്ങൾക്ക് പോയി. അത്ര തന്നെ. മണിയും നിങ്ങളുടെ നിയന്ത്രിത ഫ്രെയിമുകൾക്കുള്ളിൽ മനോഹരമായി അഭിനയിച്ചു. പിന്നെ, മണിയെ എത്ര തവണ അട്ടയെ കൊണ്ട് കടിപ്പിച്ചിട്ടാണ് പ്രാകൃതമായ തൊഴിൽ ചെയ്തു ജീവിക്കുന്ന വനവാസികൾ എന്നു സമർത്ഥിച്ചത്. മറ്റൊന്ന് വളർത്തുനായകളെ ഭേദിച്ചു നമുക്കൊരു പടി മുന്നോട്ടു അവരുടെ ഇടങ്ങളിലേക്ക് കടക്കാനാകില്ല. അപ്പോഴാണ് ഒരു കൂട്ടം ആൾക്കാർ ശക്തയായ മാതിയെ ഓലക്കുടിലു കടത്തുന്നത്. തൊഴിൽ സംബന്ധിയായി നാടോടി സ്വഭാവത്തോടെ അലഞ്ഞു തിരിയുമെങ്കിലും ആ നായ്ക്കൾ അവരുടെ വിലമതിക്കാനാവാത്ത കാവൽക്കാർ കൂടിയാണ്. എന്തു മനോഹരമായ ഭക്ഷണ സംവിധാനങ്ങളും ആചാരങ്ങളുമാണ് അവർക്കുള്ളത്. അതൊന്നു വെറുതെ എങ്കിലും കാട്ടി തരാമായിരുന്നു.

ആദിവാസികൾ, അവരുടെ ദൈനംദിന പ്രവ‍ൃത്തികൾ, അവരുടെ ഭാഷ ഒക്കെയും മാതി, ഗുളികൻ എന്നിവരെ ചുറ്റിപറ്റി തന്നെ ഭംഗിയാക്കാമായിരുന്ന ഒരു സിനിമയിലേക്ക് മുൻനിര നായിക-നായകന്മാരെ തിരുകി കയറ്റിയ ഔചിത്യം മനസിലാകുന്നില്ല. മാർക്കറ്റിങ്ങിന് ഈ കറുത്ത മനുഷ്യന്മാരും അവരുടെ രാഷ്ട്രീയ നിലപാടുകളും പോരാ എന്നു തോന്നിയിട്ടാണോ. ജോയ് മാത്യു, സജിത മഠത്തിൽ, അനുമോൾ ഒക്കെ പറയുന്ന ഓരോ വാക്കുകളും വല്ലാത്ത ആർട്ടിക്കുലേഷൻ തോന്നിപ്പിച്ചു. ഇതേ അനുമോളുടെയും മണിയുടെയും പടമുള്ള പോസ്റ്ററുകൾ ആണ് ആദ്യകാലത്തു സിനിമയുടെ പ്രൊമോഷൻ ആയി കണ്ടത്. ഒരു സവർണ നർത്തകി ബൈനറികൾക്കുള്ളിൽ നിന്നു മാത്രം കുറച്ചു ഫിലോസഫി പറയുന്നു അതും ട്രാൻസ് ആയ ഗുളികനോട്(മണി). അതാണവരുടെ വേഷം. ഈ കറുത്ത മനുഷ്യർ ഒഴികെ ബാക്കി എല്ലാവരും നന്നായി ഫിലോസഫി പറയുന്നു.

സജിത മഠത്തിലിനെ ഒക്കെ ജോലിയുടെ പേരിലാണോ ഇങ്ങനെ കരി വാരി തേപ്പിച്ചത്? പിന്നെ ജോയ് മാത്യു പോലെ ഒരു നേതാവ് ഇല്ലാത്ത സിനിമ നമുക്കിന്നു സങ്കൽപ്പിക്കാൻ കൂടി കഴിയില്ലല്ലോ… അയാളെ പോലെ ഒരാൾ തീർപ്പുണ്ടാക്കുന്ന ലോകം,അങ്ങിനെ ഒക്കെ നടക്കുമായിരുന്നെങ്കിൽ 100 റിയൽലൈഫ് ജോയ് മാത്യു ഉണ്ടായാൽ തീരുന്ന തീർപ്പേ ശബരിമല പ്രശ്നത്തിന് പോലും ഉള്ളൂ. എന്തു കഷ്ടം…ഇന്ദ്രൻസിനെ ഈ സിനിമയിലേക്ക് വലിച്ചിഴച്ചതിന്റെ കാര്യകാരണങ്ങൾ പിടി കിട്ടുന്നില്ല.

പെട്ടെന്ന് ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥന്റെ വരവ്, അയാൾ ചെയ്യുന്ന കന്നം തിരിവ് ഒക്കെ എന്തു കെട്ടി ചമയ്ക്കലാണ്. ഇനി ഇതൊക്കെ സിനിമയുടെ പിഴവുകൾ, അല്ലെങ്കിൽ ഒരു സംഭവം, ഒരു റിയൽ ലൈഫ് കഥാപാത്രത്തെ സിനിമയാക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചെറിയ പിഴവുകൾ ആണെന്ന് വെയ്ക്കാം. സിനിമയെ കുറിച്ച് ദേശാഭിമാനി ഓൺലൈനിൽ വന്ന വാർത്ത സിനിമയുടെ ഡയറക്ടർ ഷെയർ ചെയ്തതായി കണ്ടു. സ്വന്തം സിനിമയെ കുറിച്ചുള്ള ഓരോ കുറിപ്പും കണ്മുന്നിൽ തടഞ്ഞാൽ ഓരോ ഡയറക്ടറും അണുവിട തെറ്റാതെ വായിക്കുമായിരിക്കും. ഇദ്ദേഹവും വായിച്ചു ഷെയർ ചെയ്ത ന്യൂസിലെ വരികൾ കണ്ടു ഞെട്ടിപ്പോയി… “മാതിയായി അഭിനയിച്ച രമ്യ വത്സലയെ കണ്ടാൽ ആദിവാസിയല്ലാ എന്നു ആരും പറയില്ല ” എന്ന്. അതേ ദിവസം തന്നെ ദേശാഭിമാനിക്ക് അതു തിരുത്തിയെഴുതാൻ കഴിഞ്ഞു.അതിനെ തീരെ അഡ്രസ്സ് ചെയ്യാതെ സ്വാഭാവികമായി എടുത്തു ഷെയർ ചെയ്ത ഡയറക്ടറുടെ മനോഭാവമാണ് എന്നെ ഞെട്ടിച്ചത്. ആദിവാസികളെ അളക്കുന്ന യന്ത്രം ആരൊക്കെയാണ് ഒപ്പം കൊണ്ട് നടക്കുന്നത് എന്നു അപ്പോൾ വ്യക്തമായി. അതു കൊണ്ട് തന്നെ സിനിമയിലും ഏതെങ്കിലും തരം ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നതോ ചിന്തിക്കുന്നതോ ആയ ഒരു ആദിവാസിയെയും കണ്ടെത്താനായില്ല. ചിന്തകൾ അങ്ങനെയാണല്ലോ, അവർ ചെരിപ്പിടില്ല, നല്ല വസ്ത്രങ്ങൾ ഇല്ല, നല്ല ഭക്ഷണം ഉണ്ടാകില്ല, ഒരു ചെറിയ മൊബൈൽ ഫോൺ കൂടി ഉണ്ടാകില്ല. ഇനി ഇതെല്ലാം ഉപയോഗിക്കുന്ന ഒരാൾ വന്നാൽ നിങ്ങൾ പറയുമായിരിക്കും കണ്ടാൽ ആദിവാസിയെന്നു പറയുകേം ഇല്ല എന്നു.

സിനിമക്ക് മറ്റു ടെക്നിക്കലി എന്തെങ്കിലും മേന്മ ഉണ്ടെങ്കിൽ തന്നെ അതൊന്നും ശ്രദ്ധിക്കാൻ കൂടി ഇത്തരം പിഴവുകൾ കാരണം കഴിയുന്നില്ല. ദയവ് ചെയ്തു ഇത്തരത്തിൽ ഉദ്ധരിക്കരുത്. മനയിലെ നിലയില്ലാ കുളത്തിൽ മുങ്ങാംകുഴിയിട്ട് നീന്തി തുടിച്ചതിന്റെ ബാല്യകാല സ്മരണകൾ ഒക്കെ പടം പിടിച്ചാൽ നല്ല സ്കോപ് ഉണ്ടാകും.


Read More Related Articles