ഭീകരാക്രമണക്കേസ് പ്രതി പ്രഗ്യാസിംഗിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക ഒപ്പു ശേഖരണം
ഭീകരാക്രമണക്കേസ് പ്രതി പ്രഗ്യാ സിംഗ് താക്കൂറിന്‍റെ പാർലമെന്‍റ് സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഒപ്പ് ശേഖരണ ക്യാംപെയ്ൻ. ഏപ്രിൽ 17 നാണ് ബിജെപി ഭോപ്പാലിൽ നിന്നുള്ള പാർലമെന്‍റ് സ്ഥാനാർത്ഥിയായി പ്രഗ്യാ സിംഗ് താക്കൂറിനെ പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഭീകരാക്രമണക്കേസിലെ പ്രതിയെ ഒരു പാർട്ടി പാർലമെന്‍റ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത് എന്ന് കാട്ടിയാണ് പ്രഗ്യയ്ക്കെതിരായ പരാതി. യുഎപിഎ അടക്കം ചുമത്തപ്പെട്ട് വിചാരണ നേരിടുന്ന പ്രഗ്യ നിലവിൽ ആരോഗ്യ കാരണങ്ങളാലുള്ള ജാമ്യത്തിലാണ് പുറത്ത് കഴിയുന്നത്.
2017 ഏപ്രിലിലാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രഗ്യാ സിംഗിന് ബോംബേ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തനിക്ക് സ്തനാര്‍ബുദമാണെന്നായിരുന്നു പ്രഗ്യാ സിംഗിന്റെ വാദം. എന്നാൽ എന്നാൽ സ്തനാർബുദത്തിന് പ്രഗ്യ ചികിത്സച്ചതായി പിന്നീട് വിവരങ്ങളില്ല എന്നും ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്തയാകുന്നത് എങ്ങനെയെന്നും പ്രഗ്യാസിംഗിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കാനാവശ്യപ്പെടുന്ന പരാതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ യുദ്ധമെന്ന നിലയിൽ മുസ്ലിങ്ങൾക്ക് എതിരായി നടന്ന ഭീകരാക്രമണങ്ങളുടെ ആസൂത്രകയായ ഒരാൾക്ക് ബിജെപി സ്ഥാനാർത്ഥിത്വം നൽകുന്നു എന്നത് ആശങ്കാജനകമാണെന്നും പരാതിയിൽ പറയുന്നു. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ദേശീയ ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് പരാതി സമർപ്പിച്ചിരിക്കുന്നത്, കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരടക്കം രണ്ടായിരത്തോളം ആളുകൾ പരാതിയിൽ ഒപ്പുവച്ച് കഴിഞ്ഞിട്ടുണ്ട്.
പ്രഗ്യാ സിംഗിന്റെ സ്ഥാനാർത്ഥിത്വം അവർ നായകത്വം വഹിച്ച് നടത്തിയ ഭീകരാക്രമണത്തിന്‍റെ ഇരകളായവരുടെ കുടുംബങ്ങളോടുള്ള അനീതിയാണെന്നും അവർക്കെതിരായ ആക്രമണത്തിന് വഴിയൊരുക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. കലാകാരർ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി വിവിധ മേഖലയിലുള്ളവരാണ് പ്രസ്താവനയോട് ഐക്യദാർഡ്യത്തിൽ ഒപ്പ് വച്ചിരിക്കുന്നത്. സ്ത്രീ സംഘടനയായ ഫിംഗര്‍ റ്റിപ് ഫെമിനിസം ആണ് ക്യാംപെയ്ന്‍ തുടങ്ങിയത്.