‘എനിക്ക് ഭൂമി വേണം, ഞങ്ങള്‍ ഇവിടെ പെറ്റു വളര്‍ന്നവരാണ്’;തൊവരിമല സമരത്തില്‍ നിന്നും ആദിവാസി സ്ത്രീകള്‍ പറയുന്നു

By on

തൊവരിമലയിൽ ഹാരിസൻ മിച്ചഭൂമിയിൽ താമസം തുടങ്ങിയ ഭൂരഹിതരായ ആദിവാസികളെ പൊലീസ് ബലപ്രയോഗത്തിലൂടെ പുറത്താക്കിയ ശേഷം സമരം കൽപറ്റ കളക്ടറേറ്റിന് മുന്നിൽ തുടരുകയാണ്. ഏപ്രിൽ 21നാണ് തൊവരിമലയിലുള്ള ഹാരിസൺ പ്ലാന്റേഷൻ ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ ആദിവാസി കുടുംബങ്ങൾ കയറി താമസിച്ചു തുടങ്ങിയത്. എണ്ണൂറോളം ആദിവാസി കുടുംബങ്ങളാണ് തൊവരി മലയിലെ ഭൂമിയിൽ കയറി അവകാശം സ്ഥാപിച്ചത്.  തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ സമര നേതാക്കളെ യോഗത്തിന് വിളിച്ചു മാറ്റി നിർത്തി പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തൊവരിമല വളഞ്ഞു ഭൂമിയിൽ അവകാശം സ്ഥാപിച്ച ആദിവാസികളെ പുറത്താക്കിയിരിക്കുകയാണ്.

“മുത്തങ്ങയിൽ നടന്നതുപോലെയുള്ള പൊലീസ് അടിച്ചമർത്തലാണ് നടന്നത്, അതെ രീതിയിലാണ് പൊലീസ് ഞങ്ങളെ കുടിയിറക്കാൻ വന്നത്. പക്ഷേ വെടിവെപ്പ് ഉണ്ടായില്ല എന്നെ ഉള്ളു.” വെള്ളച്ചി പറയുന്നു.

“പൊലീസ് അന്ന് വന്നിട്ട് ഞങ്ങളുടെ രണ്ടു പെൺകുട്ടികളെ കൊണ്ടുപോയി. സമരത്തിന്റെ കാര്യപ്പെട്ട മൂന്ന് ആളുകളെ കൊണ്ടുപോയി. ഞങ്ങളുടെ ഉടുപ്പും പച്ചക്കറിയും ഉപ്പും മുളകും എല്ലാം കൊണ്ടുപോയി. നിങ്ങളെ വീട്ടിൽ കൊണ്ടാക്കാം കയറിക്കോളൂ അമ്മേ എന്നൊക്കെ പൊലീസ് പറയാൻ തുടങ്ങി. ഞാൻ വീട്ടിലേക്കൊന്നും വരൂല, ഞാൻ കാൽനടയായി വന്നതാ, ഞാൻ അതുപോലെ നടന്ന് വീട്ടിലേക്ക് പൊയ്ക്കോളാമെന്ന് പറഞ്ഞു. കുറെ എന്നെ നിർബന്ധിച്ചു, ഞാൻ പറഞ്ഞു എന്നെ തൊട്ടുപോയാൽ, വണ്ടിയിൽ കയറ്റിയാൽ എന്‍റെ സ്വഭാവം മാറുമെന്ന്. എന്നോടൊരു പൊലീസുകാരൻ ചോദിച്ചു നിങ്ങളെന്തിനാണ് ഇങ്ങോട്ട് വന്നതെന്ന്. ഞാൻ പറഞ്ഞു എനിക്ക് ഭൂമി വേണം, നാല് പേരക്കുട്ടികൾ ഒരു വീട്ടിലാണ് താമസിക്കുന്നത് എന്ന്. നാലുപേരുടെയും കല്യാണം കഴിഞ്ഞാൽ എവിടെ ജീവിക്കും? അവരുടെ തന്തയും തള്ളയും മരിച്ചുപോയി, ഞാനാണ് ആ മക്കളെ നോക്കി വളർത്തുന്നത്. ഇപ്പോൾ ആ മക്കൾക്കിരിക്കാൻ സ്ഥലമില്ല. ആ വീടെ ഉള്ളൂ. ഒരു സെന്‍റ് ഭൂമി പോലും ഇല്ല. അങ്ങനെയാണ് ഈ നാലു മക്കളും ഒരു മോളും അവളുടെ ഭർത്താവും ഞാനും അവിടെ കഴിയുന്നത്. അതുകൊണ്ട് ഞാൻ വന്നതാണ്. അവിടെ എവിടെയും സ്ഥലമില്ല. ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ടാണ് ഞാൻ വന്നത്. അപ്പോൾ ഇവിടെ പറ്റില്ല വേറെ എവിടെയെങ്കിലും പോകാൻ പറയുന്നു. അപ്പോൾ പറ്റുന്ന സ്ഥലത്തു തന്നാൽ മതിന്നു പറഞ്ഞു. എവിടെ സ്ഥലമുണ്ടോ അത് ജനങ്ങൾക്ക് കൊടുക്കണം എന്നു പറഞ്ഞു. ഞങ്ങൾ കാട്ടിൽ പെറ്റു വളർന്നവരാണ്. എവിടെയും ഞങ്ങൾക്ക് ജീവിക്കാം. വനഭൂമിയിലും ജീവിക്കാം വേറെവിടെയും ജീവിക്കാം. നിങ്ങളൊക്കെ ഏതോ നാട്ടിൽ നിന്ന് വന്നവരാണ്. ഞങ്ങളൊക്കെ ഇവിടെ പെറ്റ് വളർന്നവരാണ്. ഞങ്ങൾക്കാരെയും പേടിയില്ലെന്നും ഞാൻ അവരോട് പറഞ്ഞു.

അവർ ഓടിക്കാൻ നോക്കിയപ്പോൾ ഞാൻ ഓടിയതും ഇല്ല. എന്നെ വണ്ടിയിൽ കയറ്റാൻ കുറെ നോക്കി. എന്‍റെ കയ്യിലൊരു കത്തി ഉണ്ടായിരുന്നു കേട്ടോ. ആ കത്തി കൊണ്ട് വാ ചേച്ചി, ചേച്ചിക്കെന്തിനാ കത്തി എന്ന് ഒരു പോലീസുകാരൻ ചോദിച്ചു. അന്നത്തെ പോലെ മുത്തങ്ങ സംഭവം പോലെ എന്തെങ്കിലും ഉണ്ടായാൽ എനിക്ക് രക്ഷപ്പെട്ടു പോകണ്ടെ, അതുകൊണ്ട് കത്തി ഞാൻ തരില്ല എന്നു പറഞ്ഞു. വണ്ടിയിൽ കേറാൻ പറഞ്ഞു വണ്ടിയിലും കേറിയില്ല. അങ്ങനെ ഞാൻ കുറെ ന്യായമൊക്കെ പറഞ്ഞു അവരോട്. അപ്പോൾ എന്നോട് എല്ലാവരും ഇരിക്കുന്നിടത്തു പോയി ഇരിക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു ഞാൻ പോകാൻ വന്നതൊന്നും അല്ല ഞാനിവിടെ താമസിക്കാൻ വന്നതാണ് എന്ന്. പേരക്കുട്ടികൾ പണിയെടുക്കുന്നില്ലേ, സ്ഥലം വാങ്ങി വീട് വെച്ചു താമസിച്ചാൽ പോരെ എന്ന് ചോദിച്ചു. കൂലിപ്പണിയെടുക്കുന്നവരാ, അന്തിയാകുമ്പോ അഞ്ഞൂറ് രൂപ കിട്ടും അതുകൊണ്ട് എന്തൊക്കെ വാങ്ങണം! അതിനെക്കൊണ്ടു എങ്ങനെ ഭൂമി വാങ്ങിക്കും? എനിക്ക് അറുപത് വയസ്സായി. ഞാൻ ഊരുകൂട്ടത്തിലും ഗ്രാമസഭയിലും അപേക്ഷ കൊടുത്തു. ഇങ്ങനെയുള്ള പരിപാടികളിലും എഴുതിക്കൊടുത്തു. ആരും എന്‍റെ അപേക്ഷ സ്വീകരിച്ചില്ല. മന്ത്രിമാർ സ്വീകരിച്ചില്ല. അതിനുവേണ്ടിയാണ് ഞാൻ മല കയറിയത്. മന്ത്രിമാരോ കലക്ടറോ പരിഗണിക്കുന്നില്ല. അതാണ് സമരം ചെയ്യുന്നത് എന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് സംഭവം. കിട്ടിയാൽ കിട്ടട്ടെ എന്നു വിചാരിച്ചു വന്നതാണ് ഞാൻ. കിട്ടണം. വനഭൂമി എത്രയാണ് കാലി കിടക്കുന്നത്. അതൊക്കെ പാവപ്പെട്ടവർക്ക് കൊടുത്താൽ നന്നാകില്ലേ? വാഴയോ ഇഞ്ചിയോ ചേനയോ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി, കാപ്പിയോ മുളകോ പിടിപ്പിച്ചാൽ നന്നാകില്ലേ? നന്നാകും. ഞാൻ പറയുന്നു നന്നാകുമെന്നു. പത്തുപൈസ കയ്യിലും ഉണ്ടാകും. അതൊക്കെ ആലോചിച്ചാണ് ഞാൻ വന്നത്.” ഉള്ളി എന്ന അറുപത്തുകാരി പറയുന്നു.

ഹാരിസൺ പ്ലാന്റേഷന്റെ കയ്യിൽ ഉണ്ടായിരുന്ന ഈ ഭൂമി 1970ൽ അച്യുതമേനോൻ സർക്കാർ മിച്ചഭൂമി ആയി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇപ്പോഴും ഹാരിസൺ ഈ ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്നുണ്ട്. വൈദ്യുതികരിച്ച കെട്ടിടത്തിലാണ് ആദിവാസികൾ കയറി താമസിച്ചു തുടങ്ങിയത്. ഈ ഭൂമി അടക്കം അയ്യായിരം ഏക്കറോളം മിച്ചഭൂമി സർക്കാറിന്റെ കൈവശമുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇത് വനം വകുപ്പിന്റെ ഭൂമി ആണെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്.

ഇരുനൂറ്റി അമ്പതിലേറെ ആദിവാസികളാണ് കൽപറ്റ കലക്ടറേറ്റിന് മുന്നിൽ ഭൂമി ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്നത്.
ബത്തേരി, മീനങ്ങാടി, പനമരം, അമ്പലവയൽ, മുട്ടിൽ, നെന്മേനി, പുൽപ്പള്ളി, മേലെ അരപ്പറ്റ, മാടക്കര, അരിക്കോട്, നടവയൽ, കുമ്പത്തുംകുന്ന്, പാതിരാമ്പം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയവരാണ് ഇവർ. ഏപ്രിൽ 24ന് പൊലീസ് കുടിയിറക്കിയ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട എം എൽ റെഡ് സ്റ്റാർ നേതാക്കളായ എംപി കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, മനോഹരൻ എന്നിവർക്ക് ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല. വലിയ പ്രതീക്ഷയോടെയാണ് തങ്ങൾ ഈ സമരത്തെ നോക്കിക്കാണുന്നത് എന്ന് ജയിൽ സന്ദർശിച്ചവരെ ഇവർ അറിയിച്ചു. സിപിഐ എംഎൽ റെഡ്സ്റ്റാർ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആണ് സമരം. പിഡിപി, ബിഎസ്പി, വെൽഫെയർ പാർട്ടി, മനുഷ്യാവകാശ പ്രസ്ഥാനം, മലപ്പുറം പരിസ്ഥിതി സമിതി, വയനാട് പശ്ചിമഘട്ട സംരക്ഷണ സമിതി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


Read More Related Articles