എൻസിഫലൈറ്റിസ് ബാധിച്ച കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന സ്ഥലത്ത് മെഡിക്കൽ മാലിന്യം തള്ളി ഗൊരഖ്പുർ ആശുപത്രി; ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്
ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ അറുപതോളം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ഗൊരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ ജാപ്പനീസ് എൻസിഫലൈറ്റിസ് ബാധിച്ച കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന വാർഡിൽ മെഡിക്കൽ മാലിന്യം തള്ളുന്നു. ജാപ്പനീസ് എൻസിഫലെെറ്റിസ് വാർഡിന് അകത്തും പുറത്തുമായി മെഡിക്കൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ചിത്രങ്ങൾ കീബോഡ് ജേണലിന് ലഭിച്ചു.
ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിതരായ ആയിരക്കണക്കിന് കുഞ്‍ഞുങ്ങളാണ് ഓരോ വർഷവും മെഡിക്കൽ കൊളേജിൽ കൊല്ലപ്പെടാറുള്ളത്.
മാലിന്യ നിർമാർജനത്തിലെ അനാസ്ഥയെ തുടർന്ന് ദേശീയ ഹരിത റ്റ്രിബ്യൂണലും ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോഡും ആറ് കോടി രൂപ പിഴ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്.
ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിതരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ വര്‍ഷം തോറും കൊല്ലപ്പെടുന്ന മെഡിക്കൽ കോളജിലാണ് ഞെട്ടിക്കുന്ന അനാസ്ഥ.
യോഗി ആദിത്യനാഥ് സർക്കാരിന്റെ അനാസ്ഥ മൂലം 2017 ഓഗസ്റ്റ് 10ന് ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിതരായ അറുപതോളം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം നൂറിലധികമാണെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ഓക്സിജൻ കിട്ടാതെയാണ് കുഞ്ഞുങ്ങൾ കൂട്ടമായി മരിച്ചത്. വാർഡിലേക്കുള്ള ലിക്വിഡ് ഓക്സിജൻ വിതരണ കമ്പനിയായ പുഷ്പ സെയ്ൽസ് ലിമിറ്റഡിന് ഓക്സിജൻ സിലിണ്ടർ വാങ്ങിയ പണം അടച്ചിരുന്നില്ല. ഇക്കാര്യം 16 തവണ പുഷ്പ സെയിൽസ് ഓർമ്മപ്പെടുത്തിയിട്ടും ആശുപത്രി അധികൃതർ അതിനോട് പ്രതികരിച്ചില്ല.
ഓഗസ്റ്റ് 10ന് ഓക്സിജൻ വിതരണം നിലച്ചപ്പോൾ അഞ്ഞൂറ് ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ച് കൂടുതൽ കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്നത് തടഞ്ഞ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെ ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഒമ്പത് മാസത്തേക്ക് തടവിലിടുകയും ചെയ്തിരുന്നു. ഡോ.കഫീൽ ഖാൻ ഇപ്പോഴും സസ്പെൻഷനിലാണ്.
“ദേശീയ ഹരിത ട്രെെബ്യൂണലിന് പിഴ അടക്കണോ എന്ന കാര്യം സർക്കാർ തീരുമാനിക്കും. ഈ വിഷയത്തിൽ എനിക്ക് എന്റെ ഭാഗം വിശദീകരിക്കാൻ ദേശീയ ഹരിത റ്റ്രിബ്യൂണല്‍ അവസരം തന്നില്ല.” ബിആർഡി മെഡിക്കൽ കൊളേജ് പ്രിൻസിപ്പൽ ഗണേഷ് കുമാർ കീബോഡ് ജേണലിനോട് പ്രതികരിച്ചു. ആശുപത്രിയിലെ ജാപ്പനീസ് എൻസിഫലെെറ്റിസ് വാർഡിൽ മാലിന്യം തള്ളുന്നതിനെപ്പറ്റിയും വർഷങ്ങളായി ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിതരായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നതിനെപ്പറ്റിയും ചോദിച്ചപ്പോൾ അത് മറ്റൊരു വിഷയമാണെന്നും അതേപ്പറ്റി സംസാരിക്കാൻ തയ്യാറല്ലെന്നുമാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.