വിവാഹ ദിനം കാരുണ്യ ദിനമാക്കി മെസ്യൂട്ട് ഓസിൽ; വധു ചലച്ചിത്രതാരവും മോഡലുമായ ആമിനെ ഗൂൽസെ
ഈസ്റ്റാംബൂൾ: മുൻ ജർമൻ ഫുട്ബോൾ താരവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസനൽ മിഡ് ഫിൽഡറുമായ മെസ്യൂട്ട് ഓസിൽ വിവാഹിതനായി. ഫുട്ബോളിലെ പോലെ തന്നെ ജീവകാരുണ്യ മേഖലയിലും തിളങ്ങി നിന്നിരുന്ന ഓസിൽ കഴിഞ്ഞ ദിവസം തുർക്കിയിലെ ഈസ്റ്റാംബൂളിൽ നടന്ന വിവാഹ ചടങ്ങിൽ ആയിരം കുട്ടികളുടെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കൊണ്ടാണ് തന്‍റെ വിവാഹ ദിനം ആഘോഷമാക്കിയത്.
ബ്രസീലിൽ നടന്ന 2014 ഫിഫ ലോകകപ്പിൽ ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കിയ ജർമ്മൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഓസിൽ തനിക്ക് ലോകകപ്പിൽ ലഭിച്ച മുഴുവൻ തുകയും ബ്രസീലിലെ പാവപ്പെട്ട കുട്ടികളുടെ ചികിത്സക്കായി നൽകിയാണ് അന്ന് ബ്രസീൽ വിട്ടത്.
അഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ കുട്ടികൾക്കും അഭയാർത്ഥികൾക്കും വേണ്ടി ഭക്ഷണവും വിദ്യാഭ്യാസ സഹായവും നൽകി വന്ന താരം 2018 മെയ് മാസം ലണ്ടനിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കാരുണ്യ പരിപാടിയിൽ തുർക്കി പ്രസിഡന്‍റ് എർദൊഗാനോടൊപ്പമുള്ള ചിത്രം ജർമ്മൻ ഫുട്ബോൾ അസോസിയേഷനിൽ ഏറെ വിവാദമായിരുന്നു. തൊട്ടടുത്ത മാസം അരങ്ങേറിയ ഫിഫ ലോകകപ്പിൽ ലോക ചാമ്പ്യൻമാരായ ജർമ്മനി ആദ്യ റൗണ്ടിൽ പുറത്തായതിനെ തുടർന്ന് കടുത്ത വംശീയ ആക്രമണമാണ് ഓസിലും കുടുംബവും നേരിട്ടത്.
തുർക്കിയിൽ കുടുംബ വേരുകളുള്ള മെസ്യൂട്ട് ഓസിലിന്‍റെ കുടുംബം ജർമ്മനിയിലേക്ക് കുടിയേറിതയതാണ്. ജർമ്മനിയിൽ ജനിച്ച് കളിച്ചു വളർന്ന ഓസിൽ ലോകകപ്പ് പരാജയത്തിന് ശേഷം നേരിട്ട കനത്ത വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു.
സ്വീഡിഷ്-തുർക്കി വംശജയായ ചലച്ചിത്ര താരമാണ് അമീനെ ഗൂൽസെയാണ് ഓസിലിന്‍റെ വധു. സ്വീഡിഷും സ്പാനിഷും ടർക്കിഷും ഇംഗ്ലീഷും സുഗമമായി കൈകാര്യം ചെയ്യുന്ന അമീനെ ഗൂൽസെ ഒരു ഗായിക കൂടിയാണ്. ഈസ്റ്റാംബൂളിൽ നടന്ന വിവാഹത്തിൽ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദൊഗാനും ഭാര്യ ഇമൈനും ചടങ്ങിന് സാക്ഷിയായി.