രണ്ടാം ലോകയുദ്ധാനന്തര ചുംബന പ്രതിമയിൽ മീറ്റൂ; സംഭവം നഴ്സിനെ ചുംബിച്ച സൈനികന്‍റെ മരണത്തിന് പിന്നാലെ

By on

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിന്റെ ഏറ്റവും തീക്ഷ്ണമായ നിമിഷങ്ങളുടെ പകർപ്പായിരുന്നു ലോകപ്രസിദ്ധമായ ആ ചുംബനം. ഒരു സൈനികൻ നഴ്സിനെ ചുംബിക്കുന്ന ആ ലോകപ്രസിദ്ധ ചിത്രത്തിന്റെ ശിൽപ്പാവിഷ്കാരത്തിലാണ് ചുവന്ന ചായംകൊണ്ട് മീറ്റൂ ഹാഷ്റ്റാ​ഗ് വരച്ചിരിക്കുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലെ സരസോട്ടയിൽ സ്ഥിതി ചെയ്യുന്ന ‘ഉപാധികളില്ലാത്ത കീഴടങ്ങല്‍’ എന്ന് വിളിക്കപ്പെടുന്ന ശിൽപ്പത്തിലാണ് മീറ്റൂ ആലേഖനം നടന്നത്. ശില്‍പ്പത്തിലെ നഴ്സിന്റെ കാല്‍ വണ്ണയിലാണ് സ്പ്രേ പെയിന്‍റ് കൊണ്ട് മീറ്റൂ എഴുതിയിരിക്കുന്നത്. ആയിരം ഡോളറിന്‍റെ നഷ്ടമാണ് ഗ്രഫിറ്റിയിലൂടെ ഉണ്ടായതെന്ന് പൊലീസ് വിലയിരുത്തി.

ലോകപ്രസിദ്ധമായ ചുംബന ചിത്രത്തിലെ നായകനായ അമേരിക്കന്‍ സൈനികന്‍ ജോര്‍ജ് മെന്‍ഡോസ 95 ആം വയസില്‍ കഴിഞ്ഞ ഞാറാഴ്ചയാണ് അന്തരിച്ചത്. ജപ്പാന്‍റെ കീഴടങ്ങലോടെ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് പിന്നാലെയായിരുന്നു ലോകപ്രസിദ്ധമായ ചുംബനം അരങ്ങേറിയത്. ഗ്രെറ്റ സിമ്മര്‍ ഫ്രീഡ്മേന്‍ എന്ന നഴ്സിനെയാണ് മെന്‍ഡോസ ചുംബിച്ചത്.

പ്രസിദ്ധമായ ചുംബന ചിത്രം

ന്യൂയോര്‍ക് റ്റൈംസ് സ്ക്വയറിലാണ് ചുംബനം അരങ്ങേറിയത്. മെന്‍ഡോസയുടെ ചുംബനം ലൈംഗികാതിക്രമമാണെന്ന ചര്‍ച്ചകള്‍ സമീപകാലത്ത് ഉയര്‍ന്നിരുന്നു. ഗ്രെറ്റയുടെ അനുവാദം ചോദിക്കാതെയാണ് മെന്‍ഡോസ അവരെ ചുംബിച്ചത് എന്നതാണ് ഈ തരത്തിലുള്ള ചര്‍ച്ചകളുടെ കാരണം. മെന്‍ഡോസ തന്നെ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നുവെന്ന് ഗ്രെറ്റയും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അതിക്രമമായി താന്‍ കാണുന്നില്ലെന്നും ഗ്രെറ്റ പറഞ്ഞിരുന്നു. യുദ്ധം അവസാനിച്ചതിലുള്ള സന്തോഷവും നന്ദിയും മാത്രമായിരുന്നു ആ ചുംബനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് അവര്‍ പറഞ്ഞത്. ചുംബനത്തെ ഗ്രെറ്റ സിമ്മര്‍ അതിക്രമമായി കണ്ടിരുന്നില്ലെന്ന് സിമ്മറുടെ മരണശേഷം അവരുടെ മകന്‍ ന്യൂയോര്‍ക് റ്റൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സിരിസോട്ടയിലെ ശില്‍പ്പം

അന്താരാഷ്ട്ര തലത്തിൽ ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീ സമൂഹം അത് തുറന്ന് പറയാൻ സ്വീകരിച്ചിരിക്കുന്ന പുത്തൻ ആശയമാണ് മീറ്റൂ പ്രസ്ഥാനം. തങ്ങളുടെ അനുവാദമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വരുന്നതും, ലൈംഗിക ചുവയുള്ള വാക്കുകൾക്കും ചേഷ്ടകൾക്കെല്ലാം മീറ്റുവിൽ ഇടം ലഭിക്കുമ്പോഴാണ് ലോകം ആഘോഷിച്ച ചിത്രത്തിന് പുറകിലെ ലൈംഗികതിക്രമം ചർച്ചയാകുന്നത്.എന്നാല്‍ മെന്‍ഡോസയുടെ ചുംബനത്തില്‍ ചൂഷണത്തിന്റെ സാധ്യത തള്ളികളയുന്നവരാണ് ഭൂരിപക്ഷവുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


Read More Related Articles