‘വാട്സാപ്പ് ചർച്ചയുടെ പേരിലെ കേസ് മൃദു ഹിന്ദുത്വ നടപടി’; സിപിഐഎമ്മിന് ഭൂരിപക്ഷ പിന്തുണ നഷ്ടമാകുമെന്ന ഭയമെന്നും ബഷീർ വെള്ളിക്കോത്ത്

By on

ശബരിമല വിഷയത്തിലടക്കം ഭൂരിപക്ഷ സമുദായത്തിന്‍റെ പിന്തുണ നഷ്ടമായി എന്ന ഭയത്തിന്‍റെ സാഹചര്യത്തിലാണ് വാട്സാപ്പ് ചർച്ചയിൽ പറഞ്ഞ കാര്യങ്ങളുടെ പേരിൽ തന്നെപ്പോലുള്ളവർക്കെതിരെ ഇടതു സർക്കാർ കേസ് എടുക്കുന്നതെന്ന് മുസ്ലിം ലീ​ഗ് കാസർകോട് ജില്ലാ കൗൺസിൽ അം​ഗം ബഷീർ വെള്ളിക്കോത്ത് കീബോഡ് ജേണലിനോട് പറഞ്ഞു.

”എല്ലാ കാലത്തും കൂടെ നിർത്തേണ്ടവരെ കൂടെ നിർത്താനുള്ള രാഷ്ട്രീയമാണ് സിപിഐഎം സ്വീകരിക്കുന്നത്. ഇപ്പോൾ ശബരിമലയുമൊക്കെയായി ബന്ധപ്പെട്ട് ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുകൾ അവരിൽ നിന്നും നഷ്ടമാകുന്ന എന്ന ഭയം അവർക്കുണ്ട്. ഭൂരിപക്ഷ സമുദായത്തെ കൂടെ നിർത്താൻ മൃദു ഹിന്ദുത്വ നിലപാട് നല്ലതാണ് എന്ന് സിപിഐഎം മനസിലാക്കുന്നു”. 1989 ൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ സാമ്രാജ്യത്വ വിരുദ്ധത പറഞ്ഞ് സദ്ദാമിനെയാണ് സിപിഐഎം തെരഞ്ഞെടുപ്പ് വിഷയമാക്കിയതെന്ന് ബഷീർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലാണ് 13 ജില്ലകളിലും അന്ന് വിജയിച്ചതെന്നും ഓരോ സാഹചര്യത്തിലും ഓരോ നിലപാട് സ്വീകരിക്കുന്ന സ്വീകരിക്കുന്ന സിപിഐഎമ്മിന് ഒരു കാര്യത്തിലും വ്യക്തമായ നിലപാട് ഇല്ലെന്നും ബഷീർ ആരോപിച്ചു. ​’ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കാൻ സഹായിച്ച ഉദ്യോ​ഗസ്ഥനാണ് ലോക്നാഥ് ബഹ്റ, അദ്ദേഹത്തെയാണ് പിണറായി വിജയൻ ഡിജിപിയാക്കി വച്ചിരിക്കുന്നത്. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഇടപാടിൽ സിപിഐഎം ബിജെപിയും കൂടെയുണ്ടാക്കിയ ഒരു ധാരണയായിരുന്നു ബഹ്റയെ ഡിജിപിയാക്കാനുള്ള തീരുമാനമെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു’. ബഷീർ പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലിയിൽ അനൗൺസ്മെന്‍റ് ചെയ്ത് പോയ തനിക്കെതിരെ രണ്ട് വർഷം മുൻപ് കേസെടുത്തിരുന്നുവെന്നും ബഷീർ പറയുന്നു. മോദിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്ന കേസിൽ ഒന്നാം പ്രതിയായി എന്നെ ചേർക്കുകയായിരുന്നു, പിന്നീട് പ്രതിഷേധങ്ങൾക്കൊടുവിൽ വകുപ്പ് മാറ്റുകയായിരുന്നുവെന്നും ബഷീർ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് വോട്ട് ചെയ്താൽ മുസ്ലിങ്ങളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നും വരില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ജിസിസി പൊളിറ്റിക്സ് എന്ന വാട്സാപ് ​ഗ്രൂപ്പിൽ ഒരു ചർച്ചയുടെ ഭാ​ഗമായി ബഷീർ വെള്ളിക്കോത്ത് പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശമാണ് വിവാദമായത്. സിപിഐഎം 35 വർഷങ്ങൾ ഭരിച്ചിരുന്ന ബം​ഗാളിൽ ബുദ്ധദേബ് ഭട്ടാചാര്യ ഭരണമൊഴിയുമ്പോൾ മുസ്ലിങ്ങളുടെ അവസ്ഥ മോശമാവുകയാണ് ചെയ്തതെന്ന് പറഞ്ഞു കൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ഈ ആരോപണം സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ബഷീർ സ്ഥാപിക്കാൻ ശ്രമിച്ചതും. ഈ സന്ദേശത്തിനെതിരെയാണ് സിപിഐഎം പ്രാദേശിക നേതാവ് പരാതി നൽകിയതും തുടർന്ന് ബഷീറിനെതിരെ കേസെടുത്തതും. മതസ്പർദ്ധ സൃഷ്ടിക്കുന്നതിനെതിരെയുള്ള 153 A ആണ് ബഷീറിനെതിരെ ചുമത്തിയത്.

ബഷീര്‍ മറുപടി നല്‍കിയ മെസേജിന്‍റെ സ്ക്രീന്‍ഷോട്ട്

കേസിന് ആധാരമായ ബഷീറിന്‍റെ പോസ്റ്റ്

”ഇടതുപക്ഷം മുപ്പത്തിഅഞ്ചു കൊല്ലം ഭരണം നടത്തിയ ഒരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ, ബംഗാൾ. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ 11.83 ശതമാനം ഉദ്യോഗത്തിൽ പ്രാധിനിത്യമുണ്ടായിരുന്ന ബംഗാളിലെ 26 ശതമാനം വരുന്ന മുസ്ലീങ്ങൾ,ഏതാണ്ട് രണ്ടു കോടി പത്തു ലക്ഷം വരുന്ന മുസ്ലീങ്ങൾ മുപ്പത്തി അഞ്ചു കൊല്ലത്തെ ഭരണത്തിനു ശേഷം ബുദ്ദദേവ് ഭട്ടാചാര്യ അധികാരം വിട്ട് ഒഴിയുമ്പോൾ ബംഗാളിലെ മുസ്ലീങ്ങളുടെ ഉദ്യോഗ പ്രാതിനിധ്യം കേവലം രണ്ടു ശതമാനം മാത്രമായിരുന്നുവെന്നു ഇന്ത്യ ഗവൺമെന്‍റ് ന്യൂനപക്ഷങ്ങളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച രജീന്ദ്രർ സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയതാണ്. അവിടെ ന്യുനപക്ഷങ്ങളുടെ സ്ഥിതി എന്തായിരുന്നുവെന്നു അവിടെ നിന്നു ഇവിടേക്കു തൊഴിൽ തേടി വരുന്ന ന്യൂനപക്ഷങ്ങളെ കണ്ടാൽ നമുക്ക് മനസ്സാലാകും.അതുകൊണ്ടു ഇടതുപക്ഷം തോറ്റുപോയാൽ ഇവിടെ പ്രത്യേകിച്ചു ഒന്നും സംഭവിക്കാനില്ല.ഇവിടത്തെ പ്രശ്‌നം അടിസ്ഥാനപരമായ പ്രശ്‌നം ഇന്ത്യയിൽ ഏറ്റവും വലിയ ഒറ്റ കക്ഷി അല്ലെങ്കിൽ വലിയ ഒറ്റമുന്നണി ഭരണത്തിലേക്കു കടന്നു പോകുമ്പോൾ അതിനെ മുന്നണി എന്ന അർഥത്തിൽ പ്രതിരോധിക്കാനുള്ള കരുത്ത് ഇപ്പോൾ യുപിഎക്കു മാത്രമേയുള്ളൂ, കോൺഗ്രസിനു മാത്രമേയുള്ളൂ. ആ കോൺഗ്രസിന് എണ്ണം കുറഞ്ഞാൽ, കോൺഗ്രസിനെ തോൽപ്പിക്കുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിയും ഇവിടെ ചെയ്യുന്നത് ബിജെപിക്കു മുൻപിൽ കോൺഗ്രസിനെ ചെറുതാക്കുക എന്നതാണ്,അതുവഴി ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ്. ഈ വസ്തുത തിരിഞ്ഞറിയുന്ന ജനങ്ങൾക്കു മുന്നിൽ കെട്ടി എഴുന്നള്ളിക്കുന്ന കുതന്ത്രങ്ങൾ മാത്രമാണ് ഇടതുപക്ഷം തോറ്റാൽ ഇവിടെ അട്ടിമറിയും എന്നൊക്കെ പറയുന്നത്.

ഇടതുപക്ഷം ഇവിടെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത് നമ്മൾ കണ്ടതാണ്.കൊടിഞ്ഞി ഫൈസലിനെ കൊന്നവരെ ആഴ്ച്ചകൾ കഴിഞ്ഞിട്ടും പിടിച്ചില്ല.അവസാനം പിടിച്ചു കഴിഞ്ഞപ്പോൾ പതിനഞ്ചു ദിവസം കൊണ്ടു അവർക്ക് ജാമ്യം കിട്ടി.ലോക ചരിത്രത്തിൽ അങ്ങനെ കൊലക്കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയ സംഭവം ഉണ്ടായിട്ടില്ല.റിയാസ് മൗലവിയെ കൊന്ന പ്രതികൾ യഥാർത്ഥത്തിൽ ഗൂഢാലോചന നടത്തിയിട്ടാണ് കൊന്നത്,പക്ഷെ കള്ളു കുടിച്ചിട്ടു മത്തായപ്പോൾ കൊന്നതാണ് എന്നു പറഞ്ഞു ആ കേസിനെ ലഘൂകരിച്ചത് ഈ ഇടതുപക്ഷം ഭരിക്കുമ്പോഴാണ്. അഭിമന്യൂ എന്നു പറയുന്ന എസ്എഫ്‌ഐക്കാരൻ സുഡാപ്പിക്കാരന്‍റെ കൈകളാൽ കൊല്ലപ്പെട്ടപ്പോൾ ഈ നാട്ടിലുണ്ടായ പ്രചരണങ്ങളും കോലാഹലങ്ങളും മൊല്ലാക്കയെ തേടിപിടിച്ചു കൊണ്ടുവന്നു വർഗീയ തുലയട്ടെ എന്നു എഴുതിച്ചതുമൊക്കെ നമ്മൾ കണ്ടതാണ്. എന്നാൽ ആർ എസ് എസുകാരന്‍റെ കരങ്ങളാൽ എസ്എഫ്‌ഐക്കാരൻ തന്നെയായ അബൂബക്കർ സിദ്ധിഖ് ഉപ്പളയിൽ കൊല്ലപ്പെട്ടപ്പോൾ അതിനോടുള്ള എസ് എഫ് ഐയുടെയും സിപിഎമ്മിന്‍റെയും പ്രതികരണം എത്ര ലഘുവായിരുന്നുവെന്നത് നമ്മൾ എല്ലാവരും അറിയേണ്ടതാണ്. പാണത്തൂരിൽ എസ് എഫ്‌ഐയിലെ ഒരു മുസ്ലീം സുഹൃത്തു കൊല്ലപ്പെട്ടിരുന്നല്ലോ ആർഎസ്എസുകാരന്‍റെ കരങ്ങളാൽ, ആ കൊലപാതകത്തിന് എതിരെ എന്തു പ്രതിഷേധമാണ് ഇവിടുത്തെ എസ്എഫ്‌ഐക്കാരനും സിപിഎമ്മുകാരനും നടത്തിയിട്ടുള്ളത്. അതുകൊണ്ടു ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കായികമായി അവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ആയാലും വിശ്വാസപരമായി സംരക്ഷിക്കുന്ന കാര്യത്തിൽ ആയാലും, ശരീഅത്തിനു എതിരാണ് സിപിഎം, ഇവിടെ ഫ്‌ളാഷ് മോബ് നടത്തിയിട്ട് പെൺകുട്ടികൾ മതത്തിന്‍റെ അച്ചടക്കം പാലിക്കണമെന്നു മതപണ്ഡിതൻമാർ ആഹ്വാനം ചെയ്തപ്പോൾ സംസ്ഥാനം എമ്പാടും ഫ്‌ളാഷ് മോബ് നടത്തിയവരാണവർ. ഇസ്ലാമിന്‍റെ വേഷവിധാനം സ്വീകരിക്കണമെന്നു ആഹ്വാനം ചെയ്ത ഒരു പണ്ഡിതന് എതിരെ പർദ്ദ വിരുദ്ധ സമരം നടത്തിയവർ ആണിവർ. പർദ്ദ അണിഞ്ഞ സ്ത്രീയെ പ്രദർശിപ്പിച്ചുകൊണ്ടു ചങ്ങലിട്ട നായയെ ഉള്ള ഫോട്ടോ വെച്ചുകൊണ്ടു ഭ്രാന്തൻപട്ടി കടിക്കുമെങ്കിൽ പട്ടിയെയാണ് ചങ്ങലക്കു ഇടേണ്ടതു മനുഷ്യനെയല്ല എന്ന അടിക്കുറിപ്പെഴുതി പർദ്ദ വിരുദ്ധ സമരം നടത്തിയവരാണിവർ. തെരഞ്ഞെടുപ്പ് വരുമ്പോൾ സതീഷ് ചന്ദ്രനു കൈകൊടുക്കാൻ പർദ്ദ അണിഞ്ഞ പെണ്ണു വേണം, ജയരാജനു കൈകൊടുക്കാൻ പർദ്ദ അണിഞ്ഞ പെണ്ണു വേണം, തെരഞ്ഞെടുപ്പു വരുമ്പോൾ പർദ്ദ, തെരഞ്ഞെടുപ്പ് അല്ലാത്തപ്പോൾ സമരം, ലോകത്തു ഇന്നുവരെ ഒരു മുസ്ലിം പെണ്ണും എനിക്കു ബാങ്ക് വിളിക്കണമെന്നു പറഞ്ഞ വാർത്ത നമ്മൾ എവിടെയും വായിച്ചിട്ടില്ല. പക്ഷെ പെണ്ണ് ബാങ്ക് വിളിക്കാൻ ആവശ്യപ്പെടുകയും ബാങ്കു വിളിക്കാൻ പോകുമ്പോൾ ആ പെണ്ണിനെ കൊല്ലുകയും ചെയ്യുന്ന കഥയുണ്ടാക്കി അതൊരു നാടകമാക്കി അവതരിപ്പിച്ചു ഈ നാട്ടിലെ ഇസ്ലാമിക സമൂഹത്തെ വളരെ വളരെ അപമാനിക്കാൻ ശ്രമിച്ചതാരാണ്?

ആർ എസ് എസിൽ നിന്നും സംഘികളിൽ നിന്നും എന്തു വ്യത്യാസമാണ് സിപിഎം പാർട്ടി ഇവിടത്തെ ന്യൂനപക്ഷങ്ങളോടു ചെയ്തിട്ടുള്ളത്. ഏറ്റവുമൊടുവില്‍ നമ്മൾ കണ്ടല്ലോ, നാദാപുരത്തെ വിനുവെന്നു പേരുള്ള ഒരു ചെറുപ്പക്കാരനെ എൻഡിഎഫുകാരൻ കൊന്ന സംഭവത്തിന്‍റെ സ്തൂപം നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു, മുസ്ലീം തീവ്രവാദികളാൽ കൊല്ലപെട്ട വിനുവിന്‍റെ സ്മരണക്ക് ഞാൻ ചോദിക്കട്ടെ, ആർ എസു എസുകാരാൽ കൊല്ലപ്പെട്ട എത്ര എത്ര മുസ്ലീം സഖാക്കളുണ്ട്. ആ മുസ്ലിം സഖാക്കളുടെ സ്തൂപത്തിൽ ഹിന്ദു തീവ്രവാദികളാൽ കൊല്ലപ്പെട്ട എന്നു എഴുതി വെച്ചിട്ടിണ്ടോ?.എന്താണ് ഈ കമ്മ്യൂണിസ്റ്റുകാരന്‍റെ മനസ്? അവർ എപ്പോഴെങ്കിൽ മുസ്ലിം സമൂഹത്തിന് അനുകൂലമായി നീങ്ങിയിട്ടുണ്ടോ? രാജ്‌മോഹൻ ഉണ്ണിത്താൻ ബിജെപി എന്നെ പൊന്നു പോലെ എന്നു പറഞ്ഞു എന്നു പറയുന്നു. ഞാൻ പറയുന്നു. ചിലപ്പോൾ മുസ്ലീം ലീഗ് വിട്ടിട്ടു ഞാൻ സിപിഎമ്മിൽ പോവുകയാണ് എങ്കിൽ എനിക്കു സിപിഎം എനിക്കു എം എൽ എ യോ എം പിയോ സ്ഥാനം തരുമെന്ന് ഞാനും പറയാറുണ്ട് പല വേദികളിലും. അതിന്‍റെ അർത്ഥം എന്താണ് എന്നറിയുമോ? എം എൽ എയോ എം പിയോ എന്നല്ല ഈ ലോകം തന്നെ തന്നാലും ചേരാൻ പറ്റാത്ത പാർട്ടിയാണ് സിപിഎം. അതുകൊണ്ടു ഞാൻ സിപിഎമ്മിൽ പോയിട്ടില്ല എന്നാണ്. അതുപോലെ രാജ്‌മോഹൻ ഉണ്ണിത്താൻ പത്തൻപത് കൊല്ലക്കാലം പ്രവർത്തിച്ചിട്ട് പഞ്ചായത്ത് മെമ്പറോ എം എൽ എയോ എം പിയോ ആകാൻ കഴിയാഞ്ഞിട്ടു പോലും ബിജെപിയിലോ സിപിഎമ്മിലോ പോകാതിരുന്ന രാജ്‌മോഹൻ, ബിജെപിയിൽ പോയിരുന്നുവെങ്കിൽ എന്നെ പൊന്നു പോലെ നോക്കുമായിരുന്നു എന്നു പറയുന്നതിന്‍റെ അർത്ഥം പൊന്നുപോലെ നോക്കിയിരുന്നെങ്കിലും ബിജെപിയിൽ പോകാത്ത രാജ്‌മോഹൻ മണ്ണു പോലെ നോക്കാതിരിക്കുന്നെങ്കിൽ പോലും നിലനിൽക്കാൻ പറ്റിയ പാർട്ടിയാണ് കോൺഗ്രസ് എന്നാണ് ആ പറഞ്ഞതിന്‍റെ അർത്ഥം. അത് തിരിച്ചറിയണമെങ്കിൽ വിവരം വേണം. വിവരം വേണമെങ്കിൽ അത്യാവിശ്യം നല്ല തറവാട്ടിൽ ജനിക്കണം, അതൊന്നും ഇല്ലാത്ത ചില ആളുകൾ തെരഞ്ഞെടുപ്പു വരുമ്പോൾ പാഷാണം പെറുക്കിയുടെ വേഷം കെട്ടി സകല ജാതി മത വർഗീയതയെയും കൂട്ടു പിടിച്ചു, എന്താണിപ്പോൾ സതീഷ് ചന്ദ്രൻ ചെയ്തു കൊണ്ടിരിക്കുന്നത്? സ്വന്തം സമുദായത്തിൽ പെട്ട സകല ആളുകളുടെയും വീട്ടിൽ പോയി,ഞാൻ സമുദായത്തിൽ പിറന്നതാണ് എനിക്കു വോട്ടു തരണം എന്നു പറയുന്നതാണോ? വേറെ ഒരു സമുദായത്തിൽ പിറന്നിട്ടുള്ള സമൂഹത്തിന്‍റെ വീട്ടിലേക്ക് ആ സമുദായത്തിൽ പെട്ട കല്ല്യാശേരിയിലെ എം എൽ എയെ കേറ്റിയിട്ടു ഞാൻ നിങ്ങളുടെ സമുദായക്കാരനാണ്, ഞാനാണ് ഇവിടെ സതീഷ് ചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി, സതീഷ് ചന്ദ്രൻ തോറ്റു പോയാൻ എനിക്കാണ് അതിന്‍റെ മോശം എന്നു പറയുന്നതാണോ? എല്ലാ ജാതിയും മതവും വർഗവും വർണവും എല്ലാത്തിനെയും കൂട്ടു പിടിച്ചു തെരഞ്ഞെടുപ്പിൽ ജയിക്കാൻ സകല നാടകങ്ങളും ആടയിട്ടു ആദർശം പറയുന്നു ത്ഫൂ..ചെറ്റകൾ…)

തന്‍റെ ശബ്ദസന്ദേശത്തിലെ അമാന്യ പ്രയോ​ഗങ്ങൾക്ക് ക്ഷമ ചോദിച്ചുകൊണ്ടും പറഞ്ഞ കാര്യത്തിലെ രാഷ്ട്രീയ നിലപാടുകലിൽ ഉറച്ചു നിൽക്കുന്നുവെന്നും കാട്ടി ബഷീർ വെള്ളിക്കോത്ത് നൽകിയ വിശദീകരണം ഇങ്ങനെ

”സുഹൃത്തുക്കളെ, നമസ്കാരം. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വർഗീയ പ്രസംഗത്തിന്‍റെ പേരിൽ എനിക്കെതിരെ കേസെടുത്തതായി ഇലക്ട്രോണിക്, പ്രിന്‍റ് മീഡിയകളിലും സാമൂഹ്യ മാധ്യമങ്ങളിലും വാർത്തകൾ വരികയുണ്ടായി. ഈ മാസം 21 ആം തിയതി എന്നെ ഉൾപ്പെടുത്തിയിട്ടുള്ള gcc politics 01 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ jaisal എന്ന് പ്രൊഫൈൽ വിലാസമുള്ള ഒരാൾ ഫോർവേഡ് ചെയ്ത ഒരു വിശദമായ ടെക്സ്റ്റ് മെസ്സേജിൽ cpm ആണ് മുസ്‌ലിം രക്ഷകരെന്നും അവർ തോറ്റാൽ മുസ്ലിംകൾക്ക് രക്ഷയില്ലെന്നുമുള്ള വാദമുഖങ്ങൾ അവതരിപ്പിച്ചപ്പോൾ അതിന്‍റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാൻ സെൻറ് ചെയ്ത വോയിസ് മെസ്സേജ് ആണ് സിപിഎം ന്‍റെ പരാതിക്കും, കേസെടുക്കാൻ സ്കോപ്പില്ലാതിരുന്നിട്ടും ഭരണസ്വാധീനത്തിന് വഴങ്ങി എനിക്കെതിരെ കേസടുക്കാനും കാരണമായിത്തീർന്നതെന്ന് ഞാൻ മനസിലാക്കുന്നു. ആ വോയിസ് മെസ്സേജ് ലെ അമാന്യമെന്ന് എനിക്ക് ബോധ്യപ്പെട്ട് രണ്ടാമതൊരു സന്ദേശത്തിലൂടെ അതേ ഗ്രൂപ്പിൽ ഖേദ പ്രകടനം നടത്തി പിൻ വലിച്ച രണ്ടു പദപ്രയോഗങ്ങളൊഴിവാക്കി വോയ്‌സിൽ നിന്നും ടെക്സ്റ്റിലേക്ക് മാറ്റിയ ഭാഗം ചുവടെ ചേർക്കുന്നു …ഇതിൽ സിപിഎംന്‍റെ ന്യൂനപക്ഷ സംരക്ഷകരെന്ന അവകാശവാദത്തെ വസ്തുതകളുടെ വെളിച്ചത്തിൽ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയല്ലാതെ വർഗീയ ദ്രുവീകരണമുണ്ടാക്കുന്ന പരാമര്ശങ്ങളുണ്ടോ എന്ന് നിഷ്പക്ഷമതികൾ ചിന്തിക്കട്ടെ രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വരുമ്പോൾ വർഗീയത ആരോപിച് കള്ളക്കേസിൽ കുടുക്കി നാവടപ്പിക്കാം എന്നാണ് മോഹമെങ്കിൽ ഒന്നല്ല ഒരായിരം കേസെടുപ്പിച്ചാലും നടക്കില്ല. പൊതു ജീവിതത്തിലുടനീളം വർഗീയതക്കെതിരെ നില കൊള്ളുകയും നൂറു കണക്കിന് ക്ഷേത്രങ്ങളിലും ചർച്ചകളിലും പള്ളികളിലും സ്നേഹ സൗഹൃദ സന്ദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന എന്റെ മതനിരപേക്ഷ വ്യക്തിത്വത്തിന് മേൽ കരിഞ്ചായമടിക്കാനാണുദ്ദേശമെങ്കിൽ 35 വർഷമായി എന്നെ അറിയുകയും അനുഭവിക്കുകയും ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുള്ള ലക്ഷക്കണക്കായ ഹൈന്ദവ മുസ്‌ലിം ക്രൈസ്തവ സഹോദരങ്ങളുടെ ഇടയിൽ അത് വിലപ്പോവുകയുമില്ല”. തന്‍റെ സന്ദേശത്തിലെ അമാന്യ പ്രയോ​ഗങ്ങൾ ഒഴിവാക്കി ബഷീർ തന്‍റെ ശബ്ദസന്ദേശത്തിന്‍റെ എഴുത്ത് രൂപവും ഈ വിശദീകരണക്കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.


Read More Related Articles