ബുർഹാൻ വാനിയുടെയും സഖാക്കളുടെയും ഐതിഹാസിക ചിത്രത്തിലെ അവസാനത്തെയാളും കൊല്ലപ്പെട്ടു
കശ്മീരിലെ നവസായുധ പ്രസ്ഥാനത്തിന്‍റെ മുഖമായി മാറിയ പ്രസിദ്ധ ചിത്രത്തിലെ അവസാനത്തെയാളും കൊല്ലപ്പെട്ടു. ലത്തീഫ് റ്റൈഗറാണ് സൈനിക നടപടിയിൽ തന്‍റെ രണ്ട് കൂട്ടാളികൾക്കൊപ്പം കൊല്ലപ്പെട്ടത്. ബുർഹാൻ വാനിയുടെയും 10 കൂട്ടാളികളുടെയും ചിത്രം നവമാധ്യമങ്ങളിൽ തരംഗമായിരുന്നു. വെള്ളിയാഴ്ച തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഇമാം സാഹബ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ലത്തീഫ് റ്റൈഗർ കൊല്ലപ്പെട്ടത്. 2016 ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടപ്പോൾ കശ്മീരിൽ വൻ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. 100 ഓളം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബുർഹാൻ വാനിയുടെ മരണത്തോടെ നിരവധി യുവാക്കളാണ് ബുർഹാൻ വാനിയുടെ സംഘത്തിലേക്ക് ഒഴുകിയത്.
മൂലു ചിത്രഗ്രാമിൽ നിന്നുമുള്ള താരിഖ് മൊൽവിയും ഷോപ്പിയാനിലെ ചോതിഗാമിൽ നിന്നുമുള്ള ഷാരിഖ് അഹമദ് നെഗ്രൂവുമാണ് ലത്തീഫിനൊപ്പം കൊല്ലപ്പെട്ടത്. മൂവരും ഹിസ്ബുൾ മുജാഹിദീൻ അംഗങ്ങളായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് സൈന്യത്തിന്‍റെ കോർഡൻ ആന്‍ഡ് സെർച്ച് ഓപ്പറേഷന്‍റെ ഭാഗമായി ഇമാം സാഹബ് മേഖലയിലെ അധ്ഖാര ഗ്രാമത്തിൽ സായുധ സാന്നിധ്യം കണ്ടെത്തുകയും തെരച്ചിൽ സൂക്ഷ്മമാക്കിയതോടെ ലത്തീഫും സംഘവും വെടിയുതിർത്തതോടെ തിരിച്ചടിക്കുകയുമായിരുന്നു.
ഏറ്റുമുട്ടലിൽ ലത്തീഫും കൂട്ടാളികളും കൊല്ലപ്പെട്ടതോടെ സമീപപ്രദേശങ്ങളിൽ സംഘർഷം ഉടലെടുത്തു. ഷോപിയാനിലെമ്പാടും പൂർണ്ണമായ പണിമുടക്കും ഉണ്ടായി. ഇതോടെ അധികൃതർ പ്രദേശത്ത് ഇൻർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഇവർ കൊല്ലപ്പെട്ട വാർത്ത പരന്നതോടെ ആളുകൾ കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടു. സൈന്യവും പ്രതിഷേധക്കാരും തമ്മിൽ പലയിടത്തും സംഘർഷമുണ്ടായി. പൊലീസും അർദ്ധസൈനിക വിഭാഗമായ സിആർപിഎഫും പ്രതിഷേധക്കാർക്കെതിരെ പെല്ലെറ്റുകളും റ്റിയർ ഗ്യാസും ഷെല്ലുകളും പ്രയോഗിച്ചു. നിരവധി യുവാക്കൾക്ക് പെല്ലെറ്റാക്രമണത്തിൽ പരിക്കേറ്റു.
കൊല്ലപ്പെട്ടവരുടെ ശവസംസ്കാരത്തിന് ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. അന്ത്യപ്രാർത്ഥനയിൽ പങ്കെടുക്കാൻ കൊല്ലപ്പെട്ട യുവാക്കളുടെ ജൻമദേശത്തേയ്ക്ക് നിരവധിയാളുകളാണ് എത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം മുദ്രാവാക്യം വിളികളോടെയാണ് ശവസംസ്കാരത്തിനായി എത്തിച്ചത്.
ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ”ഭീകരതയടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഇവരുടെ പങ്ക് തെളിയിക്കാനും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുമായി ഈ വസ്തുക്കൾ കണ്ടെടുക്കുന്നു” പൊലീസ് പറഞ്ഞു.
സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കാൻ ഇടയുള്ളതിനാൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്നും ഒഴിഞ്ഞു നിൽക്കാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.