“എനിക്ക് മാധ്യമപ്രവർത്തകനാകണം എന്ന് അവന്‍ ആദ്യമേ പറയുന്നതാണ്”; ത്വാഹയുടെ ഉമ്മ ജമീല

By on

കോഴിക്കോട് മാവോയിസ്റ്റ് ലഘുലേഖകള്‍ കെെവശം വെച്ചു എന്നാരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ജേണലിസം വിദ്യാര്‍ത്ഥി ത്വാഹ ഫസലിന്‍റെ ഉമ്മ ജമീല മീഡിയാ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്.

“നാട്ടുകാരുടെയും എല്ലാവരുടെയും പിന്തുണയുണ്ട്. പാർട്ടിക്കാരുടെ സപ്പോർട്ട് അതിൽ കൂടുതലുണ്ട്. അവർ കൂടെത്തന്നെ ഉണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പിന്നെ മന്ത്രിയുടെ വാക്കിലും എല്ലാ ജനങ്ങളുടെ പിന്തുണയിലും ഞങ്ങൾക്ക് സഹായം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു, എന്റെ മോൻ പുറത്തുവരുമെന്ന്, അത്രയല്ലേ എനിക്ക് പറയാനുള്ളത്. ഞങ്ങൾക്ക് പാർട്ടിക്കാരും അയൽവാസികളും ഒക്കെ ഭക്ഷണം കൊണ്ടുതരുന്നുണ്ട്. ഞങ്ങക്ക് എറങ്ങായ്കയേ ഉള്ളൂ. എല്ലാ സാധനങ്ങളും ഇന്ന് രാവിലെ ഇവിടെ എത്തിച്ചിട്ടുണ്ട്. തിന്നാൻ പറ്റുന്നില്ലെന്നേയുള്ളൂ. അവന്റെ എല്ലാ സുഹൃത്തുക്കളും ഇവിടെ വന്നും പോയും ഇരിക്കുന്നുണ്ട്. അവന്‍റെ ബ്രാഞ്ചിലുള്ള ആൾക്കാരും വരുന്നുണ്ട്. ഈ പ്രദേശത്തുള്ള ആൾക്കാര് ഫുള്ളും, വെെകുന്നേരം വരെ ഇവിടെ ആൾക്കാരുണ്ട്. അവൻ മിടുക്കനായി നല്ലോണം പഠിച്ചുകൊണ്ടിരുന്നതാണ്. കാലിന് പരിക്ക് പറ്റിയതുകൊണ്ട് രണ്ടുവർഷം പഠിപ്പ് പോയിട്ട് ഇപ്പോ… ഉപ്പക്ക് പഠിപ്പിക്കാൻ കഴിയില്ല, ജ്യേഷ്ഠനാണ് അവനെ പഠിപ്പിച്ചത്. ജ്യേഷ്ഠനും കൂടി വിദ്യാർത്ഥിയായതുകൊണ്ടാണ് അവൻ പണി എടുത്തുംകൊണ്ട് പഠിക്കാൻ പോകുന്നത്. ജ്യേഷ്ഠന്റെ കാര്യം കൂടെ അവൻ നോക്കണം. ആദ്യമേ പറയുന്നതാണ് ജേണലിസം പഠിക്കണമെന്ന്. അവൻ പഠിച്ചത് ജിയോ​ഗ്രഫിയാണ്, അന്നേ പറയും, ജിയോ​ഗ്രഫിയാണ് അവന് കിട്ടിയിരുന്ന വിഷയം. പക്ഷേ എനിക്ക് മാധ്യമപ്രവർത്തകനാകണം എന്ന് ആദ്യമേ പറയുന്നതാണ്. അവന് നല്ല താൽപര്യമുള്ള വിഷയമാണ്.

ആർക്കും എപ്പോഴും ഓന്‍റെ സപ്പോർട്ട് ഉണ്ടാകുന്നതാണ്. പ്രളയകാലത്ത് ഞങ്ങക്കിവിടെ വെള്ളം നിക്കുമ്പോഴും അവൻ ചുങ്കത്ത് ക്യാംപിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. വീട്ടിൽ വന്നിട്ടില്ല, ക്യാംപിൽ തന്നെ ആയിരുന്നു, അവന്റെ ജ്യേഷ്ഠൻ പന്തീരാങ്കാവ് ക്യാംപിലും. രണ്ടാളും രണ്ട് ക്യാംപിൽ പ്രവർത്തിച്ചുകൊണ്ട് നിന്നതാ. എന്‍റെ സഹോദരന്മാരും കൂടെയുണ്ട്, ഓരോരുത്തർ ജോലിക്ക് പോകേണ്ടവർ പോയി, വെെകീട്ട് വരാമെന്ന് പറഞ്ഞിട്ടാണ്, രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും ഇപ്പോ ഇവിടെന്ന് പോയതാണ്.

അലന്റെ കുടുംബത്തെ എനിക്കറിയില്ല. അലന്റെ പേര് പോലും എനിക്കറിയുന്നത് പത്രത്തിൽ, എന്റെ കൂടെ വരുന്ന അലനാണുമ്മാ കൂടെയുള്ളത് എന്ന് മോൻ പറഞ്ഞപ്പോ ആരാണ് മോനെ അലൻ എന്ന് ചോദിച്ചപ്പോൾ എന്റെ കൂടെ വരാറില്ലേ? വെളുത്ത കുട്ടി? അവനാണ് അലൻ എന്നവൻ പറഞ്ഞു. അപ്പോഴാണ് അലൻ എന്നാണ് അവന്റെ പേരെന്നും കുടുംബം തിരുവണ്ണൂർ ആണെന്നും ഒക്കെ എനിക്കറിയുന്നത്.

വക്കീൽ സംസാരിച്ചിട്ടുണ്ടെന്ന് അവന്റെ സുഹൃത്തുക്കളാണ് എന്നോട് പറഞ്ഞത്. ആ കാര്യത്തിൽ എനിക്കധികം അറിയില്ല എല്ലാ കാര്യത്തിനും ഇവർ സുഹൃത്തുക്കളും എന്റെ അനിയത്തിയുമാണ് നടക്കുന്നത്. ഞാൻ സിപിഎമ്മിനോടൊപ്പമാണ്. എന്റെ ജ്യേഷ്ഠൻമാരും സിപിഎംകാരാണ്. അവരുടെ കൂടെയാണ് ഞാൻ വളർന്നതും. ഫസ്റ്റ് വോട്ട് മുതൽ സിപിഎംൽ തന്നെയാണ്. അതിൽനിന്നങ്ങോട്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ല.

അവന്റെ പേരിൽ ഇതുവരെ കേസുകൾ ഉള്ളതായി അറിഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ഞങ്ങളെന്തായാലും അറിയാതിരിക്കില്ല, അങ്ങനെയൊരുകേസ് ഉണ്ടായിട്ടില്ല. നന്നേ രാവിലെ ജോലിക്ക് പോകുന്ന ആളാണ്. ഉച്ചയാകുമ്പോഴേക്കും വരും, വന്നാലിവിടെനിന്ന് വായിച്ച് കിടക്കുകയാണ് ചെയ്യുക. ആഴ്ചയിൽ ഒരു ദിവസം ക്ലാസിന് പോകാനായി മാറ്റിവെച്ചിരിക്കുകയാണ്. അല്ലാത്ത ദിവസങ്ങളിലും ജോലിയുണ്ട്. അതിൽ ജോലി ഇല്ലാത്ത ദിവസങ്ങളിൽ ക്ലാസിന് പോകും. ഞാൻ വായിക്കുന്ന ആളാണ്. ധാരാളം വായിക്കുന്ന ആളാണ്. ഓര് വായിച്ച് അവിടെ വെച്ച് പോയാൽ ഞാനും ആ പുസ്തകമെടുത്ത് വായിക്കും എന്നല്ലാതെ വായിക്കണ്ട എന്ന് പറയില്ല, ഏത് പുസ്തകം കിട്ടിയാലും. ഞങ്ങൾ രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാറുണ്ട്. ഞങ്ങൾ നാലാളും ഇരിക്കുമ്പോ ആണ് പറയാറ്. ഞങ്ങൾ അഭിപ്രായവും പറയാറുണ്ട്. തീവ്രമായ സ്വഭാവം അവനിതുവരെ കാണിച്ചിട്ടുമില്ല അങ്ങനെ പറഞ്‍ഞിട്ടുമില്ല ഇതുവരെ. അവൻ പത്തുമണിയുടെ മുമ്പേ എന്തായാലും വീട്ടിൽ കയറും. ഒമ്പത് മണിയാണ് അവന്റെ കണക്ക്. അഥവാ പത്തുമണി കഴിഞ്ഞ് പോകുകയാണെങ്കിൽ ഞാൻ സിനിമയ്ക്ക് പോകുകയാണ്. കുറച്ചുവെെകും. അല്ലെങ്കിൽ ഇന്ന് പാർട്ടിയുടെ പരിപാടി ഉണ്ട്, അങ്ങനെ പറഞ്ഞിട്ടാണ് പോകുക. അത് ഇതേപോലെ ഇവരാരെങ്കിലും ഇവിടെ കൊണ്ടുവിടും, കൂട്ടിക്കൊണ്ട് പോകും. ഓന് വണ്ടിയില്ല. ഇവിടെ ഈ ഭാ​ഗത്ത് ഉള്ള സുഹൃത്തുക്കളാണ് ഉള്ളത് അല്ലാതെ അറിയാത്ത സുഹൃത്തുക്കളൊന്നും ഉള്ളതായി എനിക്കറിയില്ല. ഈ അലൻ എന്ന കുട്ടി കുറച്ചുകാലമായി ഇവിടെ വന്ന് പോകുന്ന കുട്ടിയാണ്. അത്രയേ ഉള്ളൂ. നല്ല ക്യാരക്ടർ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, നമ്മളോട് വർത്തമാനം പറഞ്ഞപ്പോഴൊക്കെ മനസ്സിലായത് അങ്ങനെയാണ്.

ഒരുപാട് പരിചയം ഇല്ലെങ്കിലും ഉമ്മാ ഓൻ വന്നോന്ന് ചോദിച്ച് ഇവിടെ വന്നിരിക്കും. ഉപ്പാ ചായ കുടിച്ചോന്ന് ചോദിച്ച് ഉപ്പാന്റെ അടുത്തൊക്കെ ഇരിക്കും. പേര് ഞാൻ ചോദിച്ചിട്ടില്ല അതുകൊണ്ട് എനിക്ക് അറിയുകയും ഇല്ലായിരുന്നു. എന്‍റെ അയൽവാസികൾ ഇന്നെന്നോട് വന്ന് പറഞ്ഞു, നിങ്ങൾ ഇങ്ങനെ സംസാരിക്കും എന്ന് നമ്മൾ വിചാരിച്ചിട്ടില്ല, ഞാൻ പറഞ്ഞു, മക്കളേ എന്റെ കണ്ണിന്റെ മുമ്പിൽ കണ്ടത് മാത്രം ഞാൻ സംസാരിച്ചു. അപ്പോ അതിനെനിക്ക് വെറക്കേണ്ട ആവശ്യമില്ലല്ലോ.

മൂത്തയാൾ ഇന്ന് പരീക്ഷയ്ക്ക് പോയിട്ടുണ്ട്, പോകുമ്പോ പറഞ്ഞത്, ഉമ്മാ മാഷ് പറഞ്ഞതോണ്ട് മാത്രമാണ് ഞാനിന്ന് പോകുന്നത്, എനിക്ക് പരീക്ഷ എഴുതാൻ പറ്റുമോ എന്റെ മനസ്സിൽ എന്തെങ്കിലും നിൽക്കുമോന്ന് പോലും എനിക്ക് ഉറപ്പില്ല എന്ന് പറഞ്ഞിട്ടാണ് പോയത്. ഞാനവനോട് പറഞ്ഞു, മോന് എഴുതാൻ കിട്ടിയില്ലെങ്കിലും സാരല്ല, വണ്ടിയോടിക്കാൻ ശ്രദ്ധിച്ചോന്ന്.
മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇടപെടലിൽ നല്ല പ്രതീക്ഷയുണ്ട്. എല്ലാവരും ഞങ്ങൾക്ക് ഉറപ്പ് തന്നത് അങ്ങനെയാണ്. എല്ലാ സഹായവും ഉണ്ട് എന്തിനും വിളിച്ചോളൂ എന്നാണ് വന്നവരെല്ലാം പറഞ്ഞത്. ആ ഒരു പ്രതീക്ഷയിലാണ് ഞങ്ങൾ നിൽക്കുന്നത്.


Read More Related Articles