നജ്മൽ ബാബു അന്തരിച്ചു
മുൻ നക്സലെെറ്റും സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ നജ്മൽ ബാബു (ടിഎൻ ജോയ്) അന്തരിച്ചു. 70 വയസ്സായിരുന്നു. അസുഖബാധിതനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവനുഭവിച്ച ടിഎൻ ജോയ് 2015ൽ ഇസ്ലാം മതം സ്വീകരിച്ച് നജ്മൽ ബാബു ആയി. ഇസ്ലാമോഫോബിയയോടുള്ള ചെറുത്തുനിൽപിന്‍റെ ഭാഗമായാണ് ടിഎൻ ജോയ് നജ്മൽ ബാബു ആയി മാറിയത്. ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീകൾ നടത്തിയ അവകാശ സമരത്തിലും സജീവസാന്നിധ്യമായിരുന്നു നജ്മൽ ബാബു.
സംഘപരിവാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാനുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ ദൗത്യം ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കുക എന്നുള്ളതാണ് എന്ന് നജ്മൽ ബാബു വിശ്വസിച്ചിരുന്നു. തന്റെ ബാക്കിയുള്ള ശരീരവും അതിന്‍റെ പിന്നിലെ സർവ്വ ഊർജ്ജവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി സമർപ്പിക്കുകയാണ് എന്നും നജ്മൽ ബാബു പ്രഖ്യാപിച്ചിരുന്നു.
വീഴ്ചയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം കൊടുങ്ങല്ലൂർ മെഡികെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ കബറടക്കണം എന്നായിരുന്നു നജ്മൽ ബാബുവിന്റെ ഒസ്യത്ത്. കബറടക്കം നാളെ വെെകുന്നേരം അഞ്ചിന് ചേരമാൻ ജുമാമസ്ജിദിൽ.