ബിജെപി എംപി ശത്രുഘ്നൻ സിൻ‌ഹ കൊൽക്കത്തയിലെ ബിജെപി വിരുദ്ധ റാലിയിൽ; അന്ന് വെള്ളക്കാർക്കെതിരെ, ഇന്ന് കൊള്ളക്കാർക്കെതിരെയെന്ന് ഹാർദിക് പട്ടേൽ

By on

ബിജെപി എംപി ശത്രുഘ്നൻ സിൻഹ കൊൽക്കത്തയിൽ തൃണമൂൽ കോൺ​ഗ്രസ് നേതൃത്വത്തിൽ നടന്ന ഐക്യറാലിയിൽ പങ്കെടുത്തു. സത്യം പറയുന്നത് വിമതമാണെങ്കിൽ താനും വിമതനാണെന്ന് ശത്രുഘ്നൻ സിൻഹ പറഞ്ഞു. 2009 മുതൽ ബിഹാറിലെ പറ്റ്ന സാഹിബ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ശത്രുഘ്നൻ സിൻഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനകാര്യമന്ത്രി അരുൺജയ്റ്റ്ലിയുടെയും കടുത്ത വിമർശകനായ ശത്രുഘ്നൻ സിൻഹ കഴിഞ്ഞ കുറേക്കാലമായി ബിജെപി ഔദ്യോ​ഗിക നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ്. ബിജെപി വിമത നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട രാഷ്ട്ര മഞ്ചിന്റെ പ്രതിനിധിയായി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന ഐക്യ റാലിയിൽ പങ്കെടുക്കുമെന്ന് ശത്രുഘ്നൻ സിൻഹ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജി​ഗ്നേഷ് മേവാനി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ, ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ, ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൂരി, നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബദുള്ള, കർണാടക മുഖ്യമന്ത്രിയും ജനതാദൾ സെക്യുലർ നേതാവുമായ എച് ഡി കുാരസ്വാമി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, ​ഗുജറാത്തിലെ പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ, ആർ ‌എൽ ‌ഡി നേതാവ് ജയന്ത് ചൗധരി, ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ കോൺ​ഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർ​ഗെ, അഭിഷേക് മനു സിം​ഗ്വി എന്നിവർ റാലിയിൽ പങ്കെടുത്തു.

ഭരണഘടന പുനസ്ഥാപിക്കപ്പെടും
നാലര വർഷത്തെ ബിജെപി ഭരണത്തിൽ ദരിദ്രരെയും ദലിതരെയും ന്യൂനപക്ഷങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് മുൻപൊരിക്കലുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് ജി​ഗ്നേഷ് മേവാനി പറഞ്ഞു. മഹാസഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നതോടെ ഭരണഘടന പുനസ്ഥാപിക്കപ്പെടുകയും യഥാർത്ഥ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി രാജ്യം മാറുമെന്നും ജി​ഗ്നേഷ് മേവാനി പറഞ്ഞു.

പോരാട്ടം കൊള്ളക്കാർക്കെതിരെ
സുഭാഷ് ചന്ദ്രബോസ് വെളളക്കാർക്കെതിരെ പോരാടാനാണ് ആഹ്വാനം ചെയ്തത്, എന്നാൽ ഇന്ന് നാം പോരാടുന്നത് കൊള്ളക്കാർക്കെതിരെയാണെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു.

ഒരു പ്രത്യയശാസ്ത്രത്തിനെതിരെ
നാം ഒന്നിച്ചു ചേർന്നിരിക്കുന്നത് ഒരു വ്യക്തിയെ അധികാരത്തിൽ നിന്നും നീക്കം ചെയ്യാനല്ല, ഒരു പ്രത്യയ ശാസ്ത്രത്തെ തന്നെ നീക്കുന്നതിനാണ് എന്ന് യശ്വന്ത് സിൻഹ പറഞ്ഞു.

ഇത്രയും കള്ളം ആരും പറഞ്ഞിട്ടില്ല
മുൻപ് ഒരു സർക്കാരും ഇത്രയും കള്ളം പറഞ്ഞിട്ടില്ലെന്ന് അരുൺ ഷൂരി പറഞ്ഞു. ‘മുൻപൊരിക്കലും ഇത്രയധികം പ്രസ്ഥാനങ്ങൾ തകർക്കപ്പെട്ടിട്ടില്ല. ബിജെപിയെ അധികാരത്തിൽ നിന്നിറിക്കുകയാണ് നമ്മുടെയെല്ലാവരുടെയും ലക്ഷ്യം’.

പ്രധാനമന്ത്രിയെ ജനങ്ങൾ തീരുമാനിക്കും
”നമ്മെ ചൊടിപ്പിക്കാനായി ബിജെപി പറയുന്നത് നമുക്ക് ഒരുപാട് പ്രധാനമ്ന്ത്രി സ്ഥാനാർത്ഥികൾ ഉണ്ടെന്നാണ്. എന്നാൽ നമ്മൾ പറയുന്നത് പ്രധാനമന്ത്രിയെ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ‌ നമ്മൾ ജനങ്ങളുമായി സഖ്യമുണ്ടാക്കുമ്പോൾ ബിജെപി സിബിഐയുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായാണ് സഖ്യമുണ്ടാക്കുന്നത്” അഖിലേഷ് യാദവ് പറഞ്ഞു.

ഇന്ത്യയെ രക്ഷിക്കാൻ സ്വയം ത്യജിക്കണം
”ജനങ്ങളെ അവർ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുകയാണ്, വടക്ക് കിഴക്കൻ ഇന്ത്യയിലെ ജനങ്ങൾ ഭീതിയിലാണ് ജീവിക്കുന്നത്. ഇന്ത്യയെ ബിജെപിയിൽ നിന്നും രക്ഷിക്കാൻ നാം സ്വയം ത്യജിക്കാൻ തയ്യാറാവണം. വോട്ടിം​ഗ് യന്ത്രങ്ങൾ വിശ്വസിക്കാനാവാത്ത യന്ത്രങ്ങളാണ്, ബാലറ്റ് തിരികെ കൊണ്ടുവരാൻ നാം തെരഞ്ഞെടുപ്പ് കമ്മീഷനെ ഒരുമിച്ച് സമീപിക്കണം”. ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

മോദി-ഷാ രാജ്യത്തെ തകർത്തു
”മോദി ഇന്ത്യയെ വഞ്ചിച്ചു. മോദി-ഷാ ദ്വന്ദം രാജ്യത്തെ തകർത്തു. കർഷകർക്ക് വിള പരിരക്ഷ ലഭിക്കുന്നില്ല. സ്ത്രീകളെ അപമാനിക്കുന്നവരെയാണ് മോദി റ്റ്വിറ്റിൽ പിന്തുടരുന്നത്. അഞ്ച് വർഷക്കാലം കൊണ്ട് മോദിയും അമിത് ഷായും രാജ്യത്തെ മതപരമായി വിഭജിച്ചു. അവർ അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യ ഒരിക്കലും ഒന്നാകില്ല, മോദിയെയും ഷായെയും അധികാരത്തിൽ നിന്നും പുറത്താക്കണം”. അരവിന്ദ് കെജ്രിവാൾ പറഞ്ഞു.


Read More Related Articles