ശത്രുഘ്നൻ സിൻഹ പ്രതിപക്ഷ റാലിയിൽ പങ്കെടുത്തത് പരിശോധിക്കുമെന്ന് ബിജെപി; സിൻഹ അവസരവാദിയെന്ന് റൂഡി
കൊൽക്കത്തയിൽ തൃണമൂൽ നേതൃത്വത്തിൽ നടത്തിയ ബിജെപി വിരുദ്ധ ഐക്യഇന്ത്യ റാലിയിൽ ബിജെപി എംപി ശത്രുഘ്നൻ സിൻഹ പങ്കെടുത്ത കാര്യം പാർട്ടി കണക്കിലെടുക്കുമെന്ന് ബിജെപി. ശത്രുഘ്നൻ സിൻഹ അവസരവാദിയാണെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി ദില്ലിയിൽ ബിജെപി ഓഫിസിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എംപിയാകുന്നതിന്റെ ഗുണങ്ങൾ ആസ്വദിക്കാനായി പാർട്ടിയിൽ നിൽക്കുകയും അതേസമയം തന്നെ മറ്റു വേദികളിൽ വ്യത്യസ്തമായ അഭിപ്രായം പറയുകയുമാണ് ശത്രുഘ്നൻ സിൻഹ ചെയ്യുന്നതെന്ന് റൂഡി ആരോപിച്ചു
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ശത്രുഘ്നൻ സിൻഹ ഇന്നാണ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന ബിജെപി വിരുദ്ധ റാലിയിൽ പങ്കെടുത്ത് സംസാരിച്ചത്. സത്യം പറയുന്നവർ വിമതരാണെങ്കിൽ തന്നെയും വിമതനെന്ന് വിളിച്ച് കൊള്ളൂ എന്നാണ് ശത്രുഘ്നൻ സിൻഹ റാലിയിൽ പറഞ്ഞത്.
ജിഗ്നേഷ് മേവാനി, ഹാർദിക് പട്ടേൽ, ഫറുഖ് അബ്ദുള്ള, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, മല്ലികാർജ്ജുൻ ഖാർഗെ, എംകെ സ്റ്റാലിൻ തുടങ്ങി ബിജെപി വിരുദ്ധ സംഘടനകളുടെ നിരവധി നേതാക്കൾ പങ്കെടുത്ത റാലിയാണ് കൊൽക്കത്തയിൽ നടന്നത്.
ബിജെപി മുൻ കേന്ദ്ര മന്ത്രിമാരും ബിജെപി വിമതരുമായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും ഇന്ന് റാലിയിൽ ഉണ്ടായിരുന്നു. 2009 മുതൽ ബിഹാറിലെ പറ്റ്ന സാഹിബ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ശത്രുഘ്നൻ സിൻഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനകാര്യമന്ത്രി അരുൺജയ്റ്റ്ലിയുടെയും കടുത്ത വിമർശകനായ ശത്രുഘ്നൻ സിൻഹ കഴിഞ്ഞ കുറേക്കാലമായി ബിജെപി ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ്.