ബാബരി മസ്ജിദ് കേസിൽ രണ്ട് പുതിയ ജ‍ഡ്ജിമാർ; ഭരണഘടനാ ബെഞ്ചിലേക്കെത്തുന്നത് ജസ്റ്റിസുമാർ അശോക് ഭൂഷണും അബ്ദുൾ നസീറും

By on

ബാബരി മസ്ജിദ് കേസിൽ വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ച് രണ്ട് പുതിയ ജ‍ഡ്ജിമാരെക്കൂടി ഉൾപ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് പുന:സംഘടിപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഒരു കേസിൽ നേരത്തെ അഭിഭാഷകൻ ആയിരുന്ന കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് യുയു ലളിത് കേസിൽ നിന്നും പിൻമാറിയിരുന്നു. ജസ്റ്റിസ് എന്‍ വി രമണയും ബെഞ്ചില്‍ നിന്ന് ഒഴിവായിരുന്നു. ജനുവരി 11നാണ് കേസ് അവസാനം പരി​ഗണിച്ചത്. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, അശോക് ഭൂഷൺ എന്നിവരെയാണ് ചീഫ് ജസ്റ്റിസ് ബെഞ്ചിലേക്ക് പുതിയതായി ഉൾപ്പെടുത്തിയത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കീഴിൽ ബാബരി കേസ് പരി​ഗണിച്ച ബെഞ്ചിൽ അം​ഗങ്ങളായിരുന്നു ഇരുവരും. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റു രണ്ടു ജഡ്ജിമാര്‍.

കേസിന്‍റെ വാദം കേൾക്കൽ തിയ്യതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ബെഞ്ച് ചൊവ്വാഴ്ച തീരുമാനിക്കും. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പ് മസ്ജിദ് നിലനിന്നിരുന്ന 2.7 ഏക്കര്‍ ഭൂമിയുടെ അവകാശം സംബന്ധിച്ചുള്ള തര്‍ക്കമാണ് കേസ്. ഭൂമിയുടെ മൂന്നില്‍ രണ്ട് ഹിന്ദുക്കള്‍ക്കും ബാക്കി സുന്നി വഖ്ഫ് ബോര്‍ഡിനും വിട്ടുകൊടുത്തുകൊണ്ട് 2010ല്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഹിന്ദു, മുസ്ലിം സംഘടനകള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 2011ല്‍ സുപ്രിം കോടതി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.


Read More Related Articles