തൃശൂർ കേരള വർമയില്‍ ഭിന്നശേഷി വിദ്യാർത്ഥിയെ അടക്കം എസ്എഫ്ഐക്കാര്‍ വീണ്ടും മർദ്ദിച്ചെന്ന് ആരോപണം; ‘മർദ്ദിച്ചത് മുൻ ചെയർമാന്‍റെ നേതൃത്വത്തിൽ’- ദൃശ്യങ്ങൾ പുറത്ത്

By on

തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ഭിന്നശേഷി വിദ്യാർത്ഥികളെയും എഐ‌എസ്എഫ് പ്രവർത്തകനെയും മർദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് കേരളവർമയിൽ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആക്രമണത്തിൽ എഐഎസ്എഫ് പ്രവർത്തകനും രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിയുമായ അസ്ഹറിന് വാരിയെല്ലിനു സാരമായി ക്ഷതമേൽക്കുകയും, ഭിന്നശേഷിക്കാരനായ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥി ജയന്തൻ കൃഷ്ണന് തോളെല്ലിനു ക്ഷതമേൽക്കുകയും ചെയ്തു.പൊളിറ്റക്കൽ സയൻസ് വിഭാ​ഗം മേധാവി പ്രമോദ് ആണ് വിദ്യാർത്ഥികളെ നിലത്ത് ഇട്ട് ചവിട്ടിയ എസ്എഫ്ഐ പ്രവർത്തകരെ തടയുന്നതായി ദൃശ്യങ്ങളിൽ കാണുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

നേരത്തെ കാഴ്ചപരിമിതിയുള്ള ജിതിൻ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചതിന് സസ്പെന്ഷനിൽ തുടരുന്ന മുൻ യൂണിയൻ ചെയർമാൻ സഞ്ജയ് കൃഷ്ണയാണ് വീണ്ടും വിദ്യാർത്ഥികളെ മർദിക്കാൻ നേതൃത്വം കൊടുത്തത് എന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ കീബോർഡ് ജേര്ണലിനോട്‌ പറഞ്ഞു. നേരത്തെ സഞ്ജയ്‌ കൃഷ്ണയുടെ നേതൃത്വത്തിലുള്ള എസ് എഫ് ഐക്കാർ അന്ധ വിദ്യാർത്ഥി ജിതിനെ ആക്രമിച്ചത് കീബോർഡ് ജേർണൽ പുറത്തു വിട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനും പോസ്റ്റർ ഒട്ടിക്കുന്നത്തിനുമൊക്കെയാണ് എസ്എഫ്ഐ ക്കാർ ഏകപക്ഷീയമായി ആക്രമിക്കുന്നതെന്ന് കേരളവർമ്മയിൽ മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയും എഐഎസ്എഫ് പ്രവർത്തകനുമായ മിഥുൻ പറയുന്നു.

കാഴ്ചാ പരിമിതിയുള്ളവരും ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്ക് പോലും സുരക്ഷയില്ലാത്തപ്പോൾ തങ്ങൾ എന്ത് ധൈര്യത്തിൽ കോളേജിൽ വരുമെന്ന് ചൂണ്ടികാട്ടി തങ്ങൾ പ്രധാനഅധ്യാപികയായ കൃഷ്ണകുമാരി ടീച്ചറെ സമീപിച്ചു എന്നും എന്നാൽ ഇനി എസ്എഫ് ഐയുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകില്ലെന്ന് വാക്കാൽ ഉറപ്പ് പറയുക മാത്രമാണ് ഉണ്ടായതെന്നും കേരളവർമ വിദ്യാർത്ഥിയായ മുഹമ്മദ്‌ ഫഹീം പറഞ്ഞു.


Read More Related Articles