ന്യൂസ്മിനിറ്റ് വനിതാ റിപ്പോർട്ടറെ സംഘപരിവാർ ശബരിമലയിൽ മർദ്ദിച്ചു; സരിതാ ബാലനെ നട്ടെല്ലിന് ചവിട്ടി
ന്യൂസ് മിനിറ്റ് വെബ്സെെറ്റിന്‍റെ കേരള റിപ്പോർട്ടറായ സരിത എസ് ബാലൻ പമ്പയിൽ സംഘപരിവാർ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടു. അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ്സിലായിരുന്നു സരിത. ശബരിമല കർമസമിതിയുടെ പേരിലെത്തിയ 20 പേരോളമടങ്ങുന്ന പുരുഷന്മാർ സരിതയെ ബസ്സിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും അസഭ്യം പറയുകയും നട്ടെല്ലിന് ചവിട്ടുകയും ചെയ്യുകയായിരുന്നു. സരിതയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് വലയം തീർത്തപ്പോഴായിരുന്നു സംഘത്തിലൊരാൾ നട്ടെല്ലിന് ചവിട്ടിയത്. അക്രമകാരികൾ സരിതയുടെ ഫോട്ടോയും വീഡിയോയും എടുത്തു. സ്ത്രീകളിലൊരാൾ ഒരു വാട്ടർബോട്ടിൽ സരിതയ്ക്ക് നേരെ എറിയാൻ ശ്രമിക്കുകയും ചെയ്തു.
സരിത ഇപ്പോൾ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലാണ്, പൊലീസ് സ്റ്റേഷനും അക്രമകാരികൾ വളഞ്ഞിരിക്കുകയാണ്. റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടർ പൂജ പ്രസന്നയും അവരുടെ വാഹനവും ആക്രമിക്കപ്പെടുകയും അവരുടെ ക്യാമറയടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതിന് തൊട്ട് പിന്നാലെയാണ് സരിത ആക്രമിക്കപ്പെട്ടത്.
ഞാൻ ശബരിമലയിലേക്ക് പ്രവേശിക്കാൻ വന്നതല്ല. അതെന്റെ വേഷത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഞാൻ ജീൻസും കുർത്തയുമാണ് ഇട്ടിരിക്കുന്നത്. പിന്നെ എങ്ങനെയാണ് പറയാൻ കഴിയുന്നത് ഞാൻ അവിടേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുകയാണ് എന്ന് പറയാൻ കഴിയുന്നത്? ഈ പ്രതിഷേധങ്ങൾ കവർ ചെയ്യപ്പെടേണ്ടതല്ലെങ്കിൽ പിന്നെ എന്തിനാണ് ബിജെപി മാധ്യമങ്ങളെ ക്ഷണിച്ചത്? സരിത ബാലൻ ചോദിക്കുന്നു. വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ
ഭക്തർ എന്ന് അവകാശപ്പെടുന്ന അക്രമകാരികൾ അഴിച്ചുവിടുന്ന ആക്രമണങ്ങളെ ന്യൂസ് മിനിറ്റ് അപലപിച്ചു.