ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പോസിറ്റീവ്; പിഎം കെയേഴ്സിലേക്ക് ഡോക്ടര്‍മാരോട് നിര്‍ബന്ധിത സംഭാവന ആവശ്യപ്പെട്ട് എയിംസ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡല്‍ഹിയിലും ഹരിയാനയിലുമായി കോവിഡ് പോസിറ്റീവായത് പതിമൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം വിവിധ ആശുപത്രികളിലായി കോവിഡ് പോസിറ്റീവായവരുടെ കണക്കാണിത്. രാജ്യത്താകെ അമ്പതോളം ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പോസിറ്റീവായതായി ഇന്ത്യ റ്റുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലാകെയും ഇന്ത്യന്‍ അധിനിവേശ കശ്മീരിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അപ്പോഴും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്, കേരളം ഒഴികെ പല സംസ്ഥാനങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ സംവിധാനങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 445 ആണ്. ഇന്ത്യയില്‍ 3072 കേസുകളാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജമ്മു കശ്മീരില്‍ ഏപ്രില്‍ നാലിന് ഇത് 94 ആണ്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഒരു ഡോക്ടര്‍, സഫ്ദര്‍ജങ് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ രണ്ട് കേസുകള്‍, ഹരിയാനയിലെ മഹാരാജ അഗ്രസേന്‍ ഹോസ്പിറ്റലില്‍ ഒരു കേസ്, സര്‍ദാര്‍ പട്ടേല്‍ ഹോസ്പിറ്റലില്‍ ഒരു കേസ്, ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ട് നേഴ്‌സിങ് ഓഫീസര്‍മാര്‍, ദീന്‍ ദയാല്‍ ഉപാധ്യായ ഹോസ്പിറ്റലില്‍ ഒരു കേസ്, അപ്പോളോ ഹോസ്പിറ്റലില്‍ ഒരു നഴ്‌സ്, ഡല്‍ഹിയിലെ ഒരു മൊഹല്ല ക്ലിനിക്കില്‍ രണ്ട് ഡോക്ടര്‍മാര്‍ എന്നിവരുടേതാണ് ഇതുവരെ ഡല്‍ഹിയിലും ഹരിയാനയിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍.
ഡല്‍ഹി സര്‍ ഗംഗാ റാം ഹോസ്പിറ്റലിലെ 108 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ ആയത് കോവിഡ് പ്രതിരോധ രംഗത്ത് വരാന്‍ പോകുന്ന വലിയ പ്രതിസന്ധിയായാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു ഗുരുതര രോഗാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് രോഗികള്‍ പിന്നീട് ശ്വസനസംബന്ധമായ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുകയും ഐസിഎംആര്‍ മാര്‍ഗരേഖകള്‍ അനുസരിച്ച് അവര്‍ക്ക് കോവിഡ് പരിശോധന നടത്തുകയും പോസിറ്റീവായി കണ്ടെത്തുകയും ചെയ്തതോടെയാണ് സ്റ്റാഫുകളും ഡോക്ടര്‍മാരും നഴ്‌സ്മാരും വാര്‍ഡ് ബോയ്‌സും അടക്കം 108 പേര്‍ ക്വാറന്റൈനില്‍ പോയിരിക്കുന്നത്. ഇവരില്‍ 23 പേര്‍ ആശുപത്രിയോട് ചേര്‍ന്ന ഐസോലേഷന്‍ സംവിധാനത്തിലും 85 പേര്‍ വീടുകളിലും ആണ് ക്വാറന്റൈനില്‍ കഴിയുന്നത്.
ദ പിഎം കെയേഴ്‌സ്?
കോവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും മറ്റ് ആശുപത്രി സ്റ്റാഫുകള്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഉറപ്പുനല്‍കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവരും ഉള്‍പ്പെടുന്ന രോഗികളുമായി ഇവയില്ലാതെ നിരന്തരം ഇടപഴകേണ്ടി വരുന്നത് ഇവര്‍ക്ക് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത തീവ്രമാക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ ‘മുന്‍നിരപ്പോരാളികള്‍’ വൈറസ് ബാധയുടെ ആദ്യ കാലഘട്ടം മുതല്‍ തന്നെ ഇവ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പിഎം കെയേഴ്‌സ് അഥവാ പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍സ് മാര്‍ച്ച് 28ന് ആരംഭിച്ച കോവിഡ് പ്രതിരോധത്തിനായുള്ള ഒരു ഫണ്ട് റെയ്‌സിങ് ക്യാംപെയ്ന്‍ ആണ്. പ്രധാനമന്ത്രി അധ്യക്ഷനായ പിഎം കെയേഴ്‌സ് ട്രസ്റ്റില്‍ പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാര്‍ അംഗങ്ങളാണ്. ഏപ്രില്‍ നാലിന് എയിംസ് ഡല്‍ഹി ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്‌സിലേക്ക് സംഭാവന ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരിനെ സഹായിക്കാനാണ് എയിംസ് അപ്പീലിലൂടെ ഡോക്ടര്‍മാരോട് നിര്‍ബന്ധിത സംഭാവന തേടിയിരിക്കുന്നത്. ഇതുമായി സഹകരിക്കാന്‍ തയ്യാറല്ലാത്ത ജീവനക്കാര്‍ ഏപ്രില്‍ ആറിനകം അക്കൗണ്ട് മാനേജരുമായി ബന്ധപ്പെടണമെന്നും അപ്പീലില്‍ പറയുന്നു, ഇല്ലെങ്കില്‍ അവരുടെ ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്‌സിലേക്ക് എടുക്കുമെന്നും.
എയിംസ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഭരണസംവിധാനങ്ങളുമായി സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കണം എന്ന ആവശ്യമുന്നയിച്ച് നിരന്തരം സംവാദങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഭരണസംവിധാനങ്ങളുടെ ഭാഗത്തുനിന്നും തൃപ്തികരമായ പ്രതികരണങ്ങളൊന്നും ഉണ്ടാകുന്നില്ല എന്ന് എയിംസിലെ ഒരു ഡോക്ടര്‍ പറയുന്നു. എയിംസ് അധികാരികളുടെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ എയിംസ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, “പിഎം കെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവന നിര്‍ബന്ധിതമാക്കരുത്, ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാതിരിക്കാനുള്ള സാധ്യതയും ഉറപ്പാക്കണം.” രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ ആര്‍ഡിഎ ഇങ്ങനെ പറയുന്നു, “റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനുമായി കൂടിയാലോചിക്കാതെ ജീവനക്കാരോട് നിര്‍ബന്ധിത സംഭാവനയ്ക്കുള്ള അഭ്യര്‍ത്ഥന, ഒരു വ്യക്തിക്ക് സ്വന്തം താല്‍പര്യമനുസരിച്ച് രാജ്യത്തെ പിന്തുണക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്.” സുരക്ഷാ സംവിധാനങ്ങളുടെ ലഭ്യതക്കുറവും ക്യാംപസിനകത്തെ തന്നെ ശുചീകരണ സൗകര്യങ്ങളും പരിഗണിച്ചുകൊണ്ട്, ഡോക്ടര്‍മാരുടെ പ്രതികരണമനുസരിച്ച് ഫണ്ട് സ്വകാര്യ സുരക്ഷാ സംവിധാനങ്ങളും (പിപിഇ) ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഉപയോഗിക്കണമെന്നും റസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഒരൊറ്റ കേസിന് ആരോഗ്യ പ്രവര്‍ത്തകരുടെ ലഭ്യതയെ ഇല്ലാതാക്കാന്‍ പറ്റും
സര്‍ ഗംഗാ റാം ഹോസ്പിറ്റലില്‍ 108 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ ആയ സംഭവം മാത്രം മതി സ്വകാര്യ സുരക്ഷാ സംവിധാനങ്ങളില്ലാതെ കോവിഡ് പ്രതിരോധം തികച്ചും അപകടകരമാണെന്ന് മനസ്സിലാക്കാന്‍. ഒരൊറ്റ കേസ് തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യത്തെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കും.
പേര് വെളിപ്പെടുത്തുകയില്ല എന്ന ഉറപ്പില്‍ കീബോര്‍ഡ് ജേണലുമായി സംസാരിച്ച എയിംസിലെ ഒരു റസിഡന്റ് ഡോക്ടര്‍ പറയുന്നത് ഇനിയും സ്വകാര്യ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടിവരുന്ന അവസ്ഥ തുടരും എന്നാണ്. ഒരു ഡോക്ടര്‍ക്കോ നഴ്‌സിനോ കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചാല്‍ ആ സംഘത്തിലെ മുഴുവന്‍ പേരും ക്വാറന്റൈനില്‍ ആകും എന്നതാണ് പ്രധാന പ്രശ്‌നം.
സ്വകാര്യ സുരക്ഷാ സംവിധാനങ്ങള്‍ വാങ്ങാനായി വകയിരുത്തിയ അമ്പത് ലക്ഷം രൂപ എയിംസ് പിഎം കെയേഴ്‌സിലേക്ക് സംഭാവന ചെയ്തതോടെ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും ഡോക്ടര്‍ പറഞ്ഞു.
“ഒരു പാന്റമികിലൂടെ രാജ്യം കടന്നുപോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ തുടരുന്നു എന്നത് അധൈര്യപ്പെടുത്തുന്നതാണ്. ഇത്തരം പരീക്ഷണവിധേയമായ കാലഘട്ടങ്ങളില്‍ ഇതുപോലുള്ള നടപടികള്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മധൈര്യത്തെ തന്നെ തകര്‍ക്കുന്നതാണ്.” റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അവരുടെ പ്രസ്താവനയില്‍ പറയുന്നു.
Featured image: കീറിയ റെയ്ന്‍കോട്ട് ധരിച്ച് കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൊല്‍ക്കത്തയിലെ ഒരു ഡോക്ടര്‍ (റോയിറ്റേഴ്സ് ഫോട്ടോ)