അമേരിക്കയിൽ കടുവകൾ കോവിഡ് പോസിറ്റീവ്; മനുഷ്യനിൽ നിന്നും പകർന്ന് മൃഗങ്ങൾ അസുഖ ബാധിതരാവുന്നത് അറിവിലാദ്യം
അമേരിക്കയിൽ കടുവകൾക്കും സിംഹങ്ങൾക്കും കൊറോണ ബാധിച്ചു. ന്യൂയോർക് നഗരത്തിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാലുവയസുള്ള മലയൻ കടുവയ്ക്കും സഹോദരിക്കും മറ്റ് രണ്ട് കടുവകൾക്കും രണ്ട് ആഫ്രിക്കൻ സിംഹങ്ങൾക്കുമാണ് മനുഷ്യരിൽ നിന്നും കൊറോണ ബാധിച്ചത്. നാദിയ എന്ന കടുവയ്ക്ക് കൊറോണ ബാധിച്ച കാര്യം അയോവയിലെ നാഷനൽ വെറ്ററിനറി ലബോറട്ടറി സ്ഥീരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്ന മൃഗശാല സൂക്ഷിപ്പുകാരനിൽ നിന്നാണ് കടുവയ്ക്ക് രോഗബാധയുണ്ടായത്. കഴിഞ്ഞ മാസമാണ് വൈറസ് കടുവകൾക്ക് പകർന്നത്.
കടുവകൾ കൊറോണ ബാധയുടെ ലക്ഷണങ്ങളായ വരണ്ട ചുമ അടക്കം കാട്ടിത്തുടങ്ങിയതായി മൃഗശാല അധികൃതർ അറിയിച്ചു. മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുകയും മൃഗങ്ങൾ അസുഖ ബാധിതരാവുകയും ചെയ്യുന്ന ആദ്യ സംഭവമാണ് ഇതെന്നാണ് മൃഗശാലയിലെ മുഖ്യ മൃഗഡോക്റ്റർ പോള്‍ കാല്ലേ വാർത്താ ഏജൻസികളോട് പറഞ്ഞത്.വളർത്ത് മൃഗങ്ങളിലേക്ക് മനുഷ്യരിൽ നിന്നും കൊറോണ വൈറസ് പകരുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ലോകത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മൃഗങ്ങൾ അസുഖ ബാധിതരാവുന്നത്.
നാദിയക്കും സഹോദരി അസൂളിനും രണ്ട് അമുർ കടുവകളും രണ്ട് ആഫ്രിക്കൻ സിംഹങ്ങളുമാണ് കോവിഡ് 19 ലക്ഷണങ്ങൾ കാട്ടുന്നത്. ഇവർക്ക് വിശപ്പ് കുറവാണ് എന്നതൊഴിച്ചാൽ കാര്യമായ കുഴപ്പങ്ങലില്ലെന്നും വേഗം സുഖം പ്രാപിക്കുമെന്നുമാണ് കരുതുന്നത്. മറ്റ് മൃഗങ്ങൾക്ക് കൂടി രോഗബാധയുണ്ടാവാതിരിക്കാമുള്ള കരുതലും സ്വീകരിച്ചതായി ബ്രോങ്ക്സ് മൃഗശാല അധികൃതർ അറിയിച്ചു.