കശ്മീരികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍; മലപ്പുറം ഗവ. കൊളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കേസ്
പൾവാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ച മലപ്പുറം ഗവണ്മെന്‍റ് കൊളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കേസ്. കൊളേജ് പ്രിന്‍സിപ്പലിന്‍റെ പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.
വെെകുന്നേരം മൂന്ന് മണി മുതല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവെക്കാന്‍ പൊലീസ് തയ്യാറായില്ല. ‘പൾവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുക’ എന്ന പോസ്റ്ററിന്‍റെ പേരിലാണ് വിദ്യാർത്ഥികള്‍ക്ക് മേൽ 124 (എ) ചുമത്തി കേസെടുത്തത് എന്നാണ് പിന്നീട് പൊലീസ് അറിയിച്ചത്. ക്യാംപസില്‍ പതിച്ച പോസ്റ്ററുകള്‍ രാജ്യദ്രോഹപരമാണെന്ന് കാണിച്ച് കൊളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് നടപടി എന്നാണ് പൊലീസ് പറയുന്നത്.
ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് മേലാണ് രാജ്യദ്രോഹക്കേസ് ചുമത്തിയത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷന്‍ കസ്റ്റഡിയിലാണ്. പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തുകയാണ്.
റാഡിക്കൽ സ്റ്റുഡന്‍റ്സ് ഫോറം എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ പോസ്റ്ററിന്‍റെ പേരിലാണ് കോളേജ് പ്രിന്‍സിപ്പലിന്‍റെ നടപടി. പൾവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരി വിദ്യാർഥികളും വ്യാപാരികളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിഷേധമറിയിച്ചുകൊണ്ടു റാഡിക്കൽ സ്റ്റുഡന്‍റ്സ് ഫോറം പോസ്റ്റർ പതിച്ചത്.
ആക്രമണത്തെ തുടർന്ന് പല സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടികൾ കോളേജ് അധികൃതർ കൈക്കൊള്ളുന്നുണ്ട്.
അലിഗഡ് സർവകലാശാലയിൽ ഫെയ്സ്ബുക് പോസ്റ്റിന്‍റെ പേരിൽ ബിരുദ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അസമിൽ കശ്മീർ പ്രശ്നം പറയുന്ന ഫെയ്സ്ബുക് പോസ്റ്റുകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.