രണ്ട് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടെന്ന് പാകിസ്താൻ; ‘ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തു’
പാകിസ്താന്‍റെ വ്യോമാതിർത്തി കടന്ന ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ജെറ്റ് വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയെന്ന് പാകിസ്താൻ. പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഇക്കാര്യം റ്റ്വീറ്റ് ചെയ്തു. എന്നാൽ ഇന്ത്യ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഇതോടൊപ്പം ഒരു ഇന്ത്യൻ വിമാനം പാക് അതിർത്തിക്കുള്ളിൽ തകർന്ന് വീണുവെന്നും പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും പാക് സൈനിക വക്താവ് അവകാശപ്പെട്ടു.
”പാക് വ്യോമാർത്തി ലംഘിച്ച ഇന്ത്യൻ എയർ ഫോഴ്സ് വിമാനങ്ങൾ പാക് വ്യോമസേന വെടിവച്ച് വീഴ്ത്തി. ഒരു വിമാനം ‘ആസാദ് കശ്മീരി’ലും ഒരു വിമാനം ‘ഇന്ത്യൻ അധിനിവേശ കശ്മീരിലും’ വീണു. ഒരു ഇന്ത്യൻ പൈലറ്റിനെ പാക് സൈനികർ അറസ്റ്റ് ചെയ്തു”. പാക് കരസേനാ മേധാവി റ്റ്വീറ്റ് ചെയ്തു.
കശ്മീരിലെ പൽവാമയിൽ നാൽപ്പത് ഇന്ത്യൻ സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്കും പാകിസ്താനുമിടിയിൽ സംഘർഷം ഉടലെടുത്തത്. ആക്രമണത്തിന് പിന്നിൽ പാകിസ്താനാന്റെ മൗനാനുവാദത്തോടെ പാകിസ്താനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ അതിർത്തി കടന്ന് വ്യോമാക്രമണം നടത്തിയത്. 300 ഓളം ഭീകരരെ വധിച്ചെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ പാക് അതിർത്തി കടന്ന് ആക്രമണം നടത്തിയ വിവരം സ്ഥിരീകരിച്ചെങ്കിലും ആക്രമണം ആളില്ലാ മേഖലയിലാണ് ഉണ്ടായതെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.
അതേസമയം ഇന്ത്യ പാക് അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ശ്രീനഗർ, ജമ്മു, ലേ, പത്താൻ എന്നിവടങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിട്ടു. നിയന്ത്രണ രേഖയിൽ ഇരുഭാഗത്തു നിന്നും ഷെല്ലാക്രമണം തുടരുകയാണ്. പൂഞ്ച് -രജൗരി മേഖലയിലെ സ്കൂളുകളും അടച്ചിട്ടു.