‘പരിസ്ഥിതിയ്ക്കെതിരായ ഭീകരത’; വനഭൂമി ബോംബിട്ട് നശിപ്പിച്ചതിനെതിരെ ഇന്ത്യയ്ക്കെതിരെ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതിയുമായി പാകിസ്താൻ
വ്യോമയാന ആക്രമണങ്ങളിലൂടെ ഇന്ത്യ തങ്ങൾക്കെതിരെ പരിസ്ഥിതി ഭീകരതയാണ് നടത്തുന്നതെന്ന് കാട്ടി ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പാകിസ്താൻ. പാകിസ്താന്റെ വടക്കൻ പട്ടണമായ ബലാകോട്ടിൽ പൈൻമരക്കാടുകൾ നിറഞ്ഞ ഒരു പർവ്വതത്തിലാണ് ഇന്ത്യ ചൊവ്വാഴ്ച ബോംബിട്ടതെന്ന് പാകിസ്താൻ പറയുന്നു. സംരക്ഷിത വനഭൂമിയാണ് ഇന്ത്യ നശിപ്പിച്ചതെന്നാണ് പാകിസ്താൻ കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി മാലിക് അമിൻ അസ്ലം പറഞ്ഞു. പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പരിശോധന പാക് സർക്കാർ നടത്തുകയാണ് എന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഐക്യരാഷ്ട്ര സഭയ്ക്കുള്ള പരാതിയെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയ്ക്കെതിരായ ഭീകരതയാണ് ഉണ്ടായത്, നിരവധി മരങ്ങളാണ് നശിച്ചത്, ഇതിന് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാവും അസ്ലം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.
ഇന്ത്യയുടെ ആക്രമണം ഉണ്ടായ പ്രദേശത്ത് രണ്ട് വലിയ ഗർത്തങ്ങൾ ഉണ്ടായതായി റോയറ്റേഴ്സിന്‍റെ റിപ്പോർട്ടർമാർ പറയുന്നു. 100 കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി ഇന്ത്യ പറയുന്നത് ശരിയല്ലെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് ഇവർ റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 47യ37 പ്രമേയ പ്രകാരം സൈനികമായ ആക്രമണത്തിൽ പരസ്ഥിതി നശിപ്പിക്കുന്നത് കുറ്റകരമാണ്.