നിലമ്പൂരില്‍ കാളീകാവിൽ മാനിറച്ചിയെന്ന പേരിൽ പട്ടിയിറച്ചു വിറ്റു; കഴിച്ചവരെല്ലാം ആശുപത്രിയില്‍
നിലമ്പൂർ: കാളീകാവിൽ മാനിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി കഴിച്ചവർ ആശുപത്രിയിൽ. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂലയിലാണു സംഭവം. വേട്ടക്കാരാണ് മാനിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിറ്റതെന്നാണ് ആരോപണം. അതേസമയം ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഒരു കൂട്ടം ഭക്ഷണപ്രേമികൾക്കാണ് വേട്ടക്കാർ നല്ല തുകയ്ക്ക് മാംസം വിറ്റത് . മാനിന്‍റെ ഇളം ഇറച്ചിയെന്ന വ്യാജേന പട്ടിയിറച്ചി ഇവർക്കു നൽകുകയായിരുന്നു. ഇത് കഴിച്ച ആൾക്കാർ സംഭവത്തിനു ശേഷം ഛർദ്ദിച്ച് അവശരാകുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. ചിലർക്ക് ഇറച്ചി വേവിച്ചപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. കൂടുതൽ സമയം എടുത്തിട്ടും ഇറച്ചി വേവാത്തതാണു സംശയം സൃഷ്ടിച്ചത്. കാളികാവ് മലയുടെ അടിവാരത്തിൽ നിന്നും നായ്ക്കളുടെ അറുത്തെടുത്ത തലകൂടി കിട്ടിയതോടെയാണ് കഴിച്ചത് പട്ടിയിറച്ചിയാണെന്ന് പലർക്കും മനസിലായത്. എന്നാൽ ഇതു സംബന്ധിച്ച് ആർക്കും പരാതിയില്ല. അതുകൊണ്ട് സംഭവത്തിൽ കേസെടുത്തിട്ടില്ല. അതേസമയം വന്യജീവിയായ മാനിന്റെ ഇറച്ചിക്കായി കാശിറക്കിയതു നിയമപരമായി ഗുരുതര കുറ്റമാണ്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.