‘ഞങ്ങളെപ്പറ്റിയുള്ള ആരോപണം ഷൈലജ റ്റീച്ചറുടെ പേജിൽ ഇപ്പോഴും ഉള്ളത് എന്തുകൊണ്ട്?”പൂന്തുറക്കാർ ചോദിക്കുന്നു

By on

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൂന്തുറയിൽ ഉയർന്നു വന്ന വിവാദം കെട്ടടങ്ങിയെങ്കിലും പൂന്തുറയിൽ ഉണ്ടായ പ്രശ്നത്തിന്‍റെ യാഥാർത്ഥ്യം എത്രമാത്രം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമല്ല. പൂന്തുറയിൽ കോവിഡ് പ്രതിരോധത്തിന് എത്തിയവരോട് അവിടുത്തെ ആളുകൾ മോശമായി പെരുമാറിയെന്നും തുടർന്ന് കാര്യങ്ങളെക്ക‌ുറിച്ച് ബോധ്യം വന്നപ്പോൾ സർക്കാർ സംവിധാനങ്ങളെ അവർ പുഷ്പവൃഷ‌്ടിയോടെ സ്വീകരിച്ചുവെന്നുമാണ് ഒരു കാഴ്ചപ്പാട്. പൂന്തുറയിലെ ജനങ്ങൾ ‘അപരിഷ്കൃതരും അക്രമവാസനയുള്ളവരു’മാണെന്ന പൊതുബോധ മനസ്ഥിതിയോടെ അവരെ സർക്കാർ സമീപിച്ചെന്നും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ തങ്ങളെ ക്വാറന്റൈനിലും ഐസലോഷനിലും ആക്കാനുള്ള നീക്കത്തോട് പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ വേണ്ട സൗകര്യങ്ങൾ ഒരുക്കിയതെന്നുമാണ് മറ്റൊരു വീക്ഷണം. പൂന്തുറയിലെ ലോക്ഡൗണുമായി ബന്ധപ്പെട്ട് സായുധ സേനയെ വിന്യസിച്ചതും മൈക്കിലൂടെ ജനവിരുദ്ധഭാഷയിലുള്ള നിർദ്ദേശങ്ങൾ നൽകിയതും പൂന്തുറക്കാരോടുള്ള സർക്കാരിന്റെയും ഭരണ കക്ഷിയുടെയും ‘വംശീയ-വർ​ഗ വിരുദ്ധ’ സമീപനത്തിന്റെ തെളിവായാണ് പലരും വിഡിയോ സഹിതം നിരത്തി വാദിച്ചത്. സർക്കാരിന്റെ അനാസ്ഥയോട് ശക്തമായി പ്രതികരിക്കുകയും അതിനെത്തുടർന്ന് സർക്കാർ പൂന്തുറക്കാരുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് പ്രവർത്തിക്കുകയുമായിരുന്നു എന്നും വാദമുണ്ട്. അതേസമയം പൂന്തുറയിലെ ചില ആളുകളെ സർക്കാർ വിരുദ്ധരും ഭരണ കക്ഷിയോട് എതിർപ്പുള്ളവരുമായി ചിലർ ഇളക്കി വിടുകയായിരുന്നു എന്നാണ് സർക്കാരിന്റെയും ഭരണകക്ഷിയായ സിപിഐഎമ്മിന്റെയും നിലപാട്. പൂന്തുറയിൽ എത്തിയ ആരോ​ഗ്യപ്രവർത്തകരുടെ കാറിന്റെ വാതിലുകൾ ബലമായി തുറന്ന് ചിലർ അകത്തേയ്ക്ക് ചുമച്ചു എന്ന ആരോപണം ആരോ​ഗ്യമന്ത്രി ശ്രീ കെ കെ ഷൈലജയുടെ ഫെയ്സ്ബുക് പേജിൽ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികരിക്കുകയാണ് പൂന്തുറക്കാര്‍.  സുൾഫ മസൂദ് തയ്യാറാക്കിയ റിപ്പോർട്ട്.
പൂന്തുറ കൺറ്റെയ്ൻമെന്റ് സോണായി കേരള സർക്കാർ പ്രഖ്യാപിക്കുന്നതിനെ തുടർന്നാണ് തിരുവനന്തനപുരം നഗരത്തില്‍ ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപനം നടക്കുന്നത്. ആദ്യ ദിവസത്തിൽ പൂന്തുറ ഉൾപ്പെടെ നഗരത്തിൽ എവിടെയും മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള ഒരു കടകൾക്കും പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല. വീടുകളിൽ ഭക്ഷ്യസാധനങ്ങൾ, ആവശ്യപ്പെടുന്നത് പ്രകാരം പൊലീസ് എത്തിക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും, ആ ശ്രമം പാളിയതിനെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗഡിൻ്റെ രണ്ടാം ദിനത്തിൽ പൂന്തുറ ഒഴികെയുള്ള സ്ഥലങ്ങളിൽ രാവിലെ ഏഴ് മുതൽ പതിനൊന്ന് മണി വരെ കടകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാല്‍ പൂന്തുറയിൽ കടകൾ തുറക്കാൻ അനുമതി ഉണ്ടായില്ലായെന്ന് മാത്രമല്ല, അവിടത്തെ ജനങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാനുള്ള ഒരു സാഹചര്യവും സർക്കാർ ചെയ്ത് നൽകിയില്ല. പ്രതിഷേധം നടക്കുന്നത് വരെയുള്ള അഞ്ച് ദിവസവും പാൽ, പച്ചക്കറി തുടങ്ങിയ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും ലഭ്യമാക്കാനുള്ള എല്ലാ വഴികളും അടഞ്ഞു കിടന്നു. ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യമായിരുന്നു പൂന്തുറയിലെ സ്ത്രീകൾക്ക് സര്‍ക്കാരിനോട് പ്രതിഷേധം ഉണ്ടായതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന്.
പൂന്തുറയിൽ ടെസ്റ്റ് ചെയ്യുന്നവരിൽ പകുതിയോളം പേരും പോസിറ്റീവ് ആകുന്ന അവസ്ഥ അവിടെ ഉണ്ടായിരുന്നു. ആത്സ്മ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും അതിൽ ഉൾപ്പെട്ടിരുന്നു. ഇവർക്ക് ഐസൊലേഷൻ സെൻ്റുകളിൽ നിന്നും മരുന്നുകൾ ലഭിച്ചിരുന്നില്ലായെന്നത് ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനും എതിരെ ഉണ്ടായ പ്രതിഷേധത്തിന്‍റെ മറ്റൊരു കാരണമായിരുന്നു. ടെസ്റ്റ് എന്താണെന്നുള്ള വിശദീകരണം പോലും നൽകാതെ, മതിയായ സൗകര്യങ്ങളും നൽകാതെ കൊണ്ട് പോയി അടച്ചിടുന്ന പ്രവ‌ൃത്തിയിൽ അവർക്ക് വിശ്വാസമില്ലാതാവുകയും, അത് ആരോഗ്യ പ്രവർത്തകർക്ക് മേലേയുള്ള വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കും എത്തിച്ചു.

ഷൈലജ റ്റീച്ചറുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കപ്പെട്ട പോസ്റ്റിൽ പൂന്തുറയിൽ ആൻറിജെൻ ടെസ്റ്റിനായി എത്തിയ ആരോഗ്യ പ്രവർത്തകർ സഞ്ചരിച്ച കാറ് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീ തടഞ്ഞ് നിർത്തി, വാതിൽ തുറന്ന് കാറിനകത്തേക്ക് ചുമച്ചുവെന്ന ആരോപണം ദൃക്സാക്ഷികൾ നിഷേധിക്കുന്നു. “പൂന്തുറയിലെ ഭൂരിപക്ഷം വീടുകളിലും ദിവസ വേതനം ലഭിക്കുന്ന തൊഴിലുകളെ ആശ്രയിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് അന്നന്ന് സാധനങ്ങൾ വാങ്ങാൻ സാധിയ്ക്കുകയുള്ളു. ജോലിക്ക് പോകാൻ സാധിക്കാതെ വന്നപ്പോൾ കടം വാങ്ങി സാധനങ്ങൾ വാങ്ങേണ്ട അവസ്ഥിയിലുമാണ്. സ്വർണ്ണം പണയം വെക്കാമെന്ന് കരുതിയാൽ ബാങ്ക് ഒന്നും ഇല്ലല്ലോ. കൊച്ചു കുട്ടികൾക്ക് പാലോ, ബിസ്ക്കറ്റോ വാങ്ങണ്ടേ, ഒന്നിനും നിവൃത്തിയില്ലായിരുന്നു. കടകൾ തുറക്കുന്നതേയില്ല. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ സാധനം വാങ്ങാൻ കഴിയാതെ വന്നതാണ് ഞങ്ങൾ ഒരുമിച്ച് പ്രതിഷേധിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചത്. ഇവിടുന്ന് ടെസ്റ്റ് പോസിറ്റിവായി കൊണ്ടു പോയ ആർക്കും നല്ല ചികിത്സ കിട്ടിയില്ല, ഭക്ഷണമോ, മറ്റു സാധനങ്ങളോ കൃത്യമായി കിട്ടിയില്ല. ഞങ്ങളുടെ സഹോദരങ്ങളെ ഇങ്ങനെ ദുരിതത്തിലാക്കാൻ എന്താണ് കാരണമെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു. പ്രതിഷേധത്തിനിടയിൽ പൂന്തുറക്കാര് ആരോഗ്യ പ്രവർത്തകരുടെ മുഖത്തേക്ക് ചുമച്ചെന്നൊക്കെ മന്ത്രി പറഞ്ഞെന്ന് കേട്ടു, അത് തെറ്റാണ്. അങ്ങനെയൊന്ന് ഉണ്ടായില്ല. ഞാൻ ദൃക്സാക്ഷിയാണ്. അവിടെ കൂടിയവരെ പോലീസ് വാനിൽ വന്ന പോലീസുകാരൻ ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു. ഞങ്ങളുടെ ചോദ്യങ്ങൾക്ക് പൊലീസും ആരും ഉത്തരം നൽകിയില്ല. നാല് സ്ത്രീകൾ പുറകിലും, ഡ്രൈവറും ഒരു പുരുഷനും മുന്നിലായും ഇരുന്ന ഒരു കാറ് വന്നു. അത് ആരോഗ്യ പ്രവർത്തകരാണെന്ന് ആർക്കും അറിയില്ലായിരുന്നു. പൊലീസും പറഞ്ഞില്ല, അവരും പറഞ്ഞില്ല. കാറിന്‍റെ വാതിൽ ആരും തുറന്നില്ല. അകത്ത് നിന്നല്ലേ ഗ്ലാസ് തുറക്കാൻ പറ്റു. അവര് തുറക്കാതെ നമുക്ക് തുറന്ന് ചുമക്കാൻ പറ്റുമോ. ഇതൊക്കെ തീരദേശ ജനങ്ങളെ അപമാനിക്കുന്ന പ്രചരണങ്ങളാണ്. ഞങ്ങളിൽ വിദ്യാഭ്യാസം കുറഞ്ഞവരും കൂടിയവരും ഉണ്ട്. പക്ഷെ, ഇവിടെ വന്ന ആരെങ്കിലും, എന്നെങ്കിലും അപമാനിതരായി തിരിച്ചു പോയിട്ടുണ്ടോന്ന് അന്വേഷിക്കണം. ഞങ്ങൾക്കും കാര്യങ്ങളൊക്കെ അറിയാം. ഞങ്ങൾ എങ്ങനെ ടെസ്റ്റിനെ വിശ്വസിക്കണം ഇങ്ങനെയൊക്കെ ആയപ്പോൾ, വിശ്വാസം വന്നാലല്ലേ അത് ചെയ്യാൻ തയ്യാറാവു.” പൂന്തുറയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിലെ ദൃക്സാക്ഷി മഡോണ പറയുന്നു.

ഭക്ഷണ വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കാത്ത സ്ഥിതിയിലും, ഐസൊലേറ്റ് ചെയ്യപ്പെട്ട ആളുകൾക്ക് വേണ്ട സൗകര്യങ്ങൾ ലഭിക്കാത്തതിലുമാണ് അവർ പ്രതിഷേധം നടത്താൻ അന്നേ ദിവസം രാവിലെ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം ആരോപിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും മഡോണ കൂട്ടിച്ചേർത്തു. അത്തരത്തിൽ ഒരു പ്രതിഷേധം ഫലം കണ്ടെത്തു കൊണ്ടാണ് അടുത്ത ദിവസം മുതൽ പാലും, പലവ്യഞ്ജനവും കിട്ടാൻ തുടങ്ങിയതെന്നും ഐസൊലേറ്റ് ചെയ്തവർക്ക് ലഭിക്കുന്ന സേവനങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടെതെന്നും മഡോണ വിശ്വസിക്കുകയും ചെയ്യുന്നു. അവകാശപ്പെട്ട സൗകര്യങ്ങൾ കിട്ടാൻ തുടങ്ങിയപ്പോൾ ആരോഗ്യ പ്രവർത്തകരിൽ വിശ്വാസം ഉണ്ടായെന്നും, അതിനെ തുടർന്നാണ് തങ്ങൾ ആവശ്യപ്പെട്ട പ്രകാരം പള്ളി വികാരി ബെബിൻസൺ ആരോഗ്യ പ്രവർത്തകർക്ക് ബൊക്കേയ് കൊടുത്ത് സ്വീകരിച്ചതെന്നും മഡോണ പറയുന്നു.

പ്രതിഷേധമുയരാനുണ്ടായ സാഹചര്യത്തേക്കുറിച്ച് പൂന്തുറക്കാർ

“ഞങ്ങളിൽ പലരോടും പലതാണ് ആരോഗ്യ പ്രവർത്തകർ പറഞ്ഞത്. ടെസ്റ്റിന് മുന്നേ നടത്തിയ അനൗൻസ്മെൻറിൽ ആൻ്റിജെൻ ടെസ്റ്റാണ് നടത്താൻ പോകുന്നതും, ഇതിന് ശേഷം പിസിആർ ടെസ്റ്റ് നടത്തിയാണ് കോവിഡ് സ്ഥിരീകരിക്കുന്നതുമെന്നാണ് പറഞ്ഞിരിന്നത്. മറ്റു ചിലരോട്‌ പിസിആർ ടെസ്റ്റാണെന്ന് പറഞ്ഞുമാണ് ടെസ്റ്റിന് വിധേയരാക്കിയത്. നടന്നത് റാപിഡ് ടെസ്റ്റാണ്. ആൻ്റിജെൻ ടെസ്റ്റാണ്. ആൻ്റിജെൻ ടെസ്റ്റിനെ എങ്ങനെയാണ് പൂർണമായി വിശ്വസിക്കാൻ കഴിയുക. ബന്ധപ്പെട്ടവരോ, ആരോഗ്യ പ്രവർത്തകരോ ഞങ്ങളോട് കൃത്യമായ ഒരു വിശദീകരണവും നൽകിയിട്ടില്ല. റിപ്പോർട്ട് എന്താണെന്ന് നൽകുകയോ പറയുകയോ ചെയ്തിട്ടില്ല. ടെസ്റ്റ് പോസിറ്റീവായെന്ന് പറഞ്ഞ് മാസ്ക് തന്ന് മാറി നിൽക്കാൻ പറഞ്ഞു, ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്നും മൂന്നര മണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷം ആംബുലൻസിൽ ഇവിടെ കൊണ്ട് വന്ന് ഐസൊലേറ്റ് ചെയ്തു.” ഇക്കഴിഞ്ഞ എട്ടാം തീയ്യതി സ്രവ പരിശോധനയിലൂടെ ആൻ്റിജെൻ ടെസ്റ്റ് പോസിറ്റിവായി കാരക്കോണം മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ കഴിയുന്ന പൂന്തുറ സ്വദേശിനിയും വൈദ്യ രംഗത്ത് എകോ ടെക്നിഷ്യനായി പ്രവർത്തിക്കുന്ന മേഴ്സിനിയുടെ റാപിഡ് ടെസ്റ്റ് അനുഭവങ്ങളാണിത്. കാരക്കോണം ഐസൊലേഷൻ സെൻ്ററിൽ 160 ന് അടുത്ത് ആൾക്കാരെ പരിപാലിക്കാൻ 9 ആരോഗ്യ പ്രവർത്തകർ മാത്രമാണുള്ളതെന്നും, അതുകൊണ്ട് മരുന്ന് അടക്കമുള്ളവ ആവശ്യപ്പെട്ടാൽ വൈകിയാണ് ലഭിക്കുന്നതെന്നും അവിടെ ഐസൊലേഷനിൽ കഴിയുന്നവർ പറയുന്നു.

പൂന്തുറയിൽ നിന്നും ആൻ്റിജെൻ ടെസ്റ്റ് പോസിറ്റിവായി വിവിധ ആശുപത്രികളിൽ കഴിയുന്ന നാനൂറോളം പേരുടെയും അനുഭവം വ്യത്യസ്തമല്ല. വസ്ത്രങ്ങൾ കരുതാ‌തെയാണ് പലരും ടെസ്റ്റിന് വന്നത്. റിസൽട്ട് പോസിറ്റീവായതിനാൽ തിരികെ വീട്ടിൽ പോയി വസ്ത്രം എടുക്കാനും ഇവർക്ക് കഴിയുകയും ഇല്ലായിരുന്നു. പതിനാറ് വയസ്സുള്ള മകൻ ഒരു നൈറ്റി മാത്രമാണ് വട്ടപ്പാറ എസ്.യു. ടി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഐസൊലേഷൻ സെൻ്ററിൽ കഴിയുന്ന മെറീനക്ക് ആംബുലൻസിൽ കയറും മുൻപ് വീട്ടിൽ നിന്നും എത്തിച്ച് നൽകിയത്. മകന് അടിവസ്ത്രങ്ങളോ, മറ്റൊരു നൈറ്റിയോ കരുതാനുള്ള അറിവില്ലായിരിന്നിരിക്കാമെന്നും, കൂടെ ഐസൊലേറ്റഡായിരിക്കുന്ന സ്ത്രീയിൽ നിന്നും കടം വാങ്ങിയ നൈറ്റിയാണ് മാറി ധരിക്കാൻ ഉപയോഗിക്കുന്നതെന്നും എട്ടാം തീയ്യതി നടന്ന ആൻറിജൻ ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് ഐസൊലേറ്റ് ചെയ്യപ്പെട്ട മെറീന പറയുന്നു. “രണ്ട് മാസ്കാണ് എനിക്കുള്ളത്, കഴുകി വെയിലത്ത് ഉണക്കിയെടുക്കാനുള്ള സൗകര്യമൊന്നും ഇവിടെയില്ല. മാസ്ക് ആവശ്യപ്പെട്ടപ്പോൾ, തന്നു എന്ന് ബോധിപ്പിക്കാനായിരിക്കും 12 മാസ്കുകള്‍ കൊണ്ട് വെച്ചു. അത് എങ്ങനെ തികയാനാണ്, ഇത്രയും ആളുകൾ ഉള്ളപ്പോൾ? സാനിട്ടറി നാപ്കിനുകളൊന്നും കിട്ടുന്നില്ല. ഇവിടെ ഒരു വയസ്സുള്ള ഒരു കുഞ്ഞ് ഉണ്ട്. എപ്പോഴും കരച്ചിലാണ്. അതിന് പാലോ മറ്റ് സാധനങ്ങളോ ഒന്നും കിട്ടിയില്ല. കുറേ ആവശ്യപ്പെട്ടപ്പോൾ ഒരു കവർ ബിസ്ക്കറ്റ് കൊണ്ടുവന്ന് കൊടുത്തു. അതെങ്ങനെ കൊടുക്കാനാണ്, കുതിർത്ത് കൊടുക്കാൻ ചൂടുവെള്ളമോ സ്പൂണോ പാത്രമോ ഒന്നുമില്ല. പൂന്തുറക്കാര് ഭക്ഷണത്തിന് വഴക്കുണ്ടാക്കിയെന്നൊക്കെ ഫേസ്ബുക്കിൽ കണ്ടു. പൂന്തുറക്കാരായത് കൊണ്ട് ഇതൊക്കെ സഹിക്കണം എന്നാണോ ഇവര് പറയുന്നത്. ഞങ്ങൾ ജോലി ചെയ്ത് നല്ല ഭക്ഷണം കഴിക്കുന്നവരാണ്. ഞങ്ങൾക്ക് കോവിഡിലും വലിയ എന്തോ നികൃഷ്ട രോഗം വന്നത് പോലെയാണ് എല്ലാരും പറയുന്നത്. ഞങ്ങൾ ഇതൊക്കെ പൂന്തുറയുള്ളവരെ വിളിച്ച് പറഞ്ഞപ്പോൾ അവര് പ്രശ്നമുണ്ടാക്കി. ഞങ്ങൾ പിന്നെ ആരോട് പറയനാണ്. ഞങ്ങൾക്ക് വേണ്ടി ആര് സംസാരിക്കാനാണ്.” മത്സ്യക്കച്ചവടം ചെയ്യുന്ന മെറീന പറഞ്ഞു.

രാവിലെ 10:30 ന് നടന്ന ടെസ്റ്റിൽ റിസൽട്ട് പോസിറ്റിവായി രാത്രി 10 മണിക്ക് ശേഷം ഐസോലേഷൻ സെൻ്ററിൽ എത്തിയിട്ട് മാത്രം കഴിക്കാൻ ഭക്ഷണം കിട്ടിയവരും ഉണ്ട്. എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് പോലും പലരോടും ആരോഗ്യ പ്രവർത്തകർ അറിയിച്ചിരുന്നില്ല. ആൻ്റിജെൻ ടെസ്റ്റ് എന്തിനാണെന്നോ, അതിലൂടെ എന്താണ് കണ്ടെത്തിയിരിക്കുന്നതെന്നോ തിരിച്ചറിയാതെയാണ് ഇവർ ഐസൊലേഷൻ സെൻററുകളിൽ കഴിയുന്നത് എന്നാണ് ടി ആർ എസ് സെൻററിൽ കഴിയുന്ന ജോണി പറഞ്ഞത്.

പൂന്തുറയിൽ നിന്നും ആൻറിജെൻ ടെസ്റ്റിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നവരെ കാരക്കോണം മെഡിക്കൽ കോളേജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, വര്‍ക്കല ടി ആര്‍ എസ്, വട്ടപ്പാറ എസ് യു ടി, പൂന്തുറക്ക് അടുത്തുള്ള ഒരു സ്കൂള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്.  ഇവരോട് തുടക്കം മുതലേ കൃത്യമായ വിവരങ്ങൾ ധരിപ്പിക്കാൻ ആരോഗ്യ പ്രവർത്തകർക്കോ സർക്കാരിനോ കഴിഞ്ഞിരുന്നില്ല. എല്ലാവരും തന്നെ ആൻ്റിജെൻ ടെസ്റ്റിലൂടെ, കൊവിഡ് നിർണ്ണയമാണ് തങ്ങൾക്ക് നടത്തിയിരിക്കുന്നത് ബോധ്യപ്പെടാത്തവരാണ്. പി സി ആർ ടെസ്റ്റിൽ പോസിറ്റാവായാലേ കൊവിഡ് പോസിറ്റിവാകുകയുള്ളുവെന്നും, അതുകൊണ്ട് തന്നെ തങ്ങൾക്ക് കൊവിഡില്ലെങ്കിൽ വലിയ ഹോളിൽ അറുപതിൽ അധികം ആളുകളുമായി തിങ്ങി പാർക്കുന്നതിലൂടെയും, കോമൺ ബാത്റൂമിന്‍റെ ഉപയോഗത്തിലൂടെയും രോഗ പകർച്ചയുണ്ടാകുമെന്ന കടുത്ത ആശങ്കയിലുമാണ്. ഈ ആശങ്ക ഒഴിവാക്കി കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള ശ്രമം സർക്കാർ നടത്തിയിട്ടില്ല. മറിച്ച്, പൊലിസിനേയും കമാന്‍ഡോകളെയും ഉപയോഗിച്ച് പൂന്തുറയിലെ ജനങ്ങളെ മെരുക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് പൂന്തുറക്കാര്‍ പറയുന്നത്.

പ്രതിഷേധം ഉണ്ടാകുന്നതിന് മുൻപ് വരെയും പൂന്തുറയിലെ പലവ്യഞ്ജന കടകൾ തുറന്നിരുന്നില്ല. സാധനം വാങ്ങാനായി പൂന്തുറ വാർഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററിനടുത്ത് ദൂരത്തിലുള്ള കടയിൽ പോയി ക്യൂവിൽ നിന്ന ആൾക്ക് സാധനം കൊടുക്കാൻ പാടില്ലായെന്ന് പൊലിസ് പറഞ്ഞതായും, അയാളെ സാധനം കൊടുക്കാതെ മടക്കി അയച്ചതായും പൂന്തുറ വാർഡ് കൗൺസിലർ പീറ്റർ സോളമൻ പറയുന്നു. “ഒന്നല്ല, രണ്ടല്ല, അഞ്ച് ദിവസം ഞങ്ങൾക്ക് ഭക്ഷണമോ കുടിവെള്ളമോ കിട്ടിയില്ല. പട്ടിണി കിടന്നാൽ പൂന്തുറക്കാര് മരിച്ച് പോകില്ലേ, ഗതികെട്ടപ്പോഴാണ് അവർ പ്രതിഷേധിച്ചത്. ഇവിടെന്ന് പലയിടങ്ങളിലായി ഐസൊലേറ്റ് ചെയ്യപ്പെട്ടവർക്കും വേണ്ട സൗകര്യങ്ങൾ ഇല്ലായെന്ന് അറിഞ്ഞതും അവരെ കൂടുതൽ പ്രകോപിതരാക്കി. ടെസ്റ്റിനെ കുറിച്ച് അവ്യക്തതയാണ് ഉള്ളത്. ഇവിടെന്ന് റാപിഡ് ടെസ്റ്റ് പോസിറ്റാവായി അവിടെ കൊണ്ട് പോയി സൗകര്യങ്ങളില്ലായെന്ന് കേട്ടപ്പോൾ ഇന്നലെ ഇവിടെയാരും ടെസ്റ്റിന് തയ്യാറായില്ല. ആരോഗ്യ പ്രവർത്തകർക്ക് മോശമായ അനുഭവം ഉണ്ടായതിൽ വിഷമം ഉണ്ട്. ഇവിടുന്ന് ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിൽ പോയ പൂന്തുറ സ്വദേശിക്ക് ആശുപത്രി അതികൃതർ ഡയാലിസിസ് നിഷേധിച്ചു. ഇവിടെയുള്ള ഗർഭിണിയായ സ്ത്രീയെ തൈകാട് ഗവൺമെൻ്റ് ആശുപത്രിയിൽ നിന്നും ചികിത്സ നിഷേധിച്ച് തിരിച്ചയച്ചു. മാണിക്യ വിളാകത്തും പുത്തൻ പള്ളിയിലെയും പോസിറ്റീവ് കേസുകൾ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ പൂന്തുറ എന്നാണ് പറയുന്നത്. ഞങ്ങളെ എല്ലാരും ഒറ്റപ്പെടുത്തുന്നതായി ഇവിടെത്ത്കാർക്ക് തോന്നി. കമാൻ്റോയെ ഇറക്കാൻ ഞങ്ങൾ എന്താ തീവ്രവാദികളോണോ” പീറ്റർ സോളമൻ പറയുന്നു.

യൂത്ത് കോൺഗ്രസിൻ്റെ ഒരു പ്രവർത്തകൻ വാട്ട്സപ്പിലൂടെ നടത്തിയ ആഹ്വാനത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം പൂന്തുറയിലെ ജനങ്ങൾ സർക്കാറിനെതിരെ പ്രതിഷേധിച്ചതെന്ന് വ്യാപകമായ പ്രചരണം സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. സാധനം വാങ്ങാൻ സാധിക്കാതെ വന്ന സ്ത്രീകളാണ് അവിടെ കൂടി ആരോഗ്യ പ്രവർത്തകർക്കു നേരെ തിരിഞ്ഞതെന്നും അവർ ഏതെങ്കിലും ഒരു പാർട്ടിയിൽ മാത്രം ഉൾപ്പെടുന്നവരല്ലായെന്നും , എല്ലാ പാർട്ടി പ്രവർത്തകരും അവിടെ കൂടിയിരുന്നെന്നും പൂന്തുറ പള്ളി വികാരി ഫാദർ. ബെബിൻസൺ പ്രതികരിച്ചു.

ടെസ്റ്റിനെ കുറിച്ചുള്ള അവ്യക്തത സൃഷ്ടിക്കുന്ന സംശയങ്ങളും വംശീയ ഒറ്റപ്പെടുത്തലും, ഭക്ഷണ സാധനങ്ങളുടെ ദൗർലഭ്യവും പൂന്തുറയിലെ ജനങ്ങളെ പ്രതിഷേധത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. കഴിഞ്ഞ ദിവസം, സപ്ളൈകോയുടെ മൊബൈൽ ഔട്ട് ലെറ്റുകൾ പൂന്തുറയിലെത്തിയത് ജനങ്ങൾക്ക് നേരിയ ആശ്വാസം നൽകിയിരുന്നു. അതിനെ തുടർന്നാണ് ആരോഗ്യ പ്രവർത്തകർക്ക് ബൊക്കേയ് നൽകി സ്വീകരിക്കുന്ന സംഭവും ഉണ്ടാകുന്നത്.


Read More Related Articles