സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് മിന്നൽ പ്രതിഷേധം; സംഘം ചേർന്നവരെ പൊലീസ് നീക്കം ചെയ്തു
ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സന്നിധാനത്തെ വലിയ നടപ്പന്തലിൽ പൊടുന്നനെ രൂപപ്പെട്ട പ്രതിഷേധം സംഘർഷം സൃഷ്ടിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്താണ് പ്രതിഷേധം ഉണ്ടായത്. അറസ്റ്റിലായ പ്രതിഷേധക്കാരെ പമ്പ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സന്നിധാനത്ത് വിരിവെയ്ക്കാൻ അനുവദിക്കില്ല എന്ന നിലപാടിനെതരിയാണ് പ്രതിഷേധമെന്ന് പ്രക്ഷോഭക്കാർ പറയുന്നു. നെയ്യഭിഷേകത്തിനായി മാത്രം അധിക സമയം അനുവദിച്ചിരുന്നു.
സമാധാനപരമായി തീർത്ഥാടനം പുരോഗമിക്കുന്നതിനിടെയാണ് പെട്ടെന്ന് പ്രതിഷേധം രൂപപ്പെട്ടത്. നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുത്തവർക്ക് ഒരു ദിവസം അധികം തങ്ങാൻ അനുവാദം നൽകിയിരുന്നു. ഈ ഇളവിന്റെ മറവിലാണ് മിന്നൽ പ്രതിഷേധം രൂപപ്പെട്ടത്.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി നടപടിക്കെതിരെ ബിജെപി-സംഘപരിവാർ പ്രവർത്തകർ തീർത്ഥാടകരായി എത്തി സന്നിധാനത്ത് തമ്പടിക്കുന്നതിനെതിരെയാണ് സന്നിധാനത്ത് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. 144 പ്രഖ്യാപിച്ച സ്ഥലത്ത് സംഘം ചേർന്നവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയതെന്ന് എസ് പി പ്രതീഷ് കുമാർ പറഞ്ഞു.