പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിൽ കടന്നുകയറി പൊലീസ് അതിക്രമം; വിഡിയോ
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ യുവാക്കളെ പ്രവേശിപ്പിച്ച മംഗളൂരു ഹെെലാൻഡ് ഹോസ്പിറ്റലിൽ പൊലീസ് അതിക്രമം. ബന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുണ്ടായ പൊലീസ് വെടിവെപ്പിൽ ജലീൽ, നൗഷീർ എന്നിവർ കൊല്ലപ്പെട്ടിരുന്നു. അഫ്നാൻ, ആസിഫ്, നാസിർ, ഇമ്രാൻ, അബു സാലി, മുസ്തഫ, മുഷ്റഫ് എന്നിവരാണ് ഹെെലാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നത്. ആസിഫും നാസിറും തീവ്രപരിചരണ വിഭാഗത്തിലാണ്. വെെകീട്ട് ഏഴ് മണിയോടെ ആശുപത്രിയിൽ അതിക്രമിച്ചുകയറി ആശുപത്രി മുറികളിൽ പ്രവേശിക്കാൻ പൊലീസ് ശ്രമിച്ചതായി ആശുപത്രി അധികൃതർ കീബോർഡ് ജേണലിനോട് പറഞ്ഞു.
ഒരുകൂട്ടം പൊലീസുകാർ ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറുകയും ആശുപത്രിമുറികളുടെ വാതിലുകൾ ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കർണാടക സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്നാണ് ജനങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. മംഗളൂരു സിറ്റിയിലും ദക്ഷിണ കന്നഡ ജില്ലയിലും നാൽപത്തിയെട്ട് മണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിച്ചു.