ഫ്രറ്റേണിറ്റിയുടെ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചത് പാനായിക്കുളത്തെ ഭീകരവത്കരിക്കാനുള്ള ശ്രമം; പൊലീസ് നീക്കം കേസ് കെട്ടിച്ചമച്ചവർക്കെതിരെ നടപടി ആവശ്യപ്പെടുന്നതുകൊണ്ടെന്നും ഷംസീർ ഇബ്രാഹിം
പാനായിക്കുളം വ്യാജ കേസിൽ കുറ്റവിമുക്കരാക്കപ്പെട്ടവർക്ക് സംസാരിക്കാൻ വേദിയൊരുക്കി ഫ്രറ്റേണിറ്റി പാനായിക്കുളത്ത് മെയ് 2 ന് നടത്താനിരുന്ന പരിപാടിയ്ക്ക് അനുമതി നിഷേധിച്ചത് പാനായിക്കുളത്തെ ഭീകരവത്കരിക്കാനുള്ള പൊലീസ് ശ്രമത്തിന്‍റെ ഭാഗമായാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം. കുറ്റവിമുക്തരാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം മുസ്ലിം വേട്ട നടത്തിയ പൊലീസുദ്യോഗസ്ഥർക്കെതിരായ നടപടി എന്നീ ആവശ്യങ്ങൾ കൂടിയുള്ളതുകൊണ്ടാണ് ജനാധിപത്യപരമായ ശബ്ദമുയർത്താനുള്ള അവകാശം ഭരണകൂടം നിഷേധിക്കുന്നതെന്നും ഷംസീർ പറഞ്ഞു. ‘പാനായിക്കുളം കേസ്; ഭരണകൂടത്തോട് പറയാനുള്ളത്’ എന്ന പരിപാടിയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.
”പാനായിക്കുളത്ത് ഒരു പൊതുയോഗമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ പരിപാടി നടത്താൻ മെെക് പെർമിഷൻ ചോദിച്ച് അപേക്ഷ കൊടുത്തു. അതിലാണ് നമുക്ക് രേഖാപരമായി മറുപടി കിട്ടിയത് ഇത് തീവ്ര സ്വഭാവമുള്ളതിനാലും അതേ പോലെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാലും അനുമതി നിഷേധിക്കുന്നു എന്ന് പറഞ്ഞ്. ഡിവെെഎസ്പിയെയും ബിനാനിപുരം സ്റ്റേഷനിലെ എസ് പിയെയും ഫ്രറ്റേണിറ്റി പ്രവർത്തകർ നേരിട്ട് കണ്ട് സംസാരിച്ചു. മെെക്കിന് അനുമതി തരാൻ പാടില്ല, പാനായിക്കുളം ആണ് വിഷയം, ആ വിഷയത്തിന് തീവ്ര സ്വഭാവമുള്ളതിനാൽ അതിന് അനുമതി തരാൻ പാടില്ല എന്നാണ് പൊലീസുകാർ പറഞ്ഞത്. ഒരു ഭാഗത്ത് കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട ആളുകൾക്ക് നഷ്ടപരിഹാരം കൊടുക്കുക എന്ന ആവശ്യം ശക്തമായുണ്ടല്ലോ. ഇത്തരം മുസ്ലിം വേട്ട നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക എന്ന ആവശ്യവും ഉണ്ട്. ഈ രണ്ട് ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങളാണ് സര്‍ക്കാര്‍ കെെക്കൊള്ളേണ്ടത്. അതിനുപകരം ഇതിനെപ്പറ്റി ജനാധിപത്യപരമായി എന്തെങ്കിലും ശബ്ദമുയർത്താനുള്ള സംഘടനകളുടെയും സാമൂഹ്യപ്രവർത്തകരുടെയും ശ്രമങ്ങളെപ്പോലും നിശ്ശബ്ദമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആഭ്യന്തരവകുപ്പിന് ഉത്തരവാദിത്തം ഉണ്ടല്ലോ. എങ്ങനെയാണ് ഇത് തീവ്രസ്വഭാവമുള്ളതാകുന്നത് എന്നതിന് പൊലീസിനു കൃത്യമായ മറുപടി ഒന്നുമില്ല. ഹെെക്കോടതി വെറുതെ വിട്ട മുസ്ലിം യുവാക്കളുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതാക്കപ്പെടുകയാണ്. അതിനോടുള്ള പ്രതിഷേധ സൂചകമായി കൂടിയാണ് നാളെ പരിപാടി നടക്കാൻ പോകുന്നത്.
ശ്രീലങ്കൻ ചെർച്ചുകളിലെ സ്ഫോടനങ്ങളുടെ സാഹചര്യത്തെക്കുറിച്ച് പൊലീസ് സൂചിപ്പിച്ചില്ലെങ്കിലും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ശ്രീലങ്കൻ സ്ഫോടനം, ഐഎസ് വിഷയങ്ങളിൽ തന്നെ പാനായിക്കുളത്തിന്‍റെ പേര് വന്നിട്ടുണ്ട്, പാനായിക്കുളം സന്ദർശിച്ചു എന്ന് വാർത്തയിൽ വന്നിട്ടുണ്ട്.
അങ്ങനെ നിരന്തരം ചില സ്ഥലങ്ങൾ, ഭട്കൽ സ്ഥിരമായി ഈ വിഷയവുമായി ബന്ധപ്പെട്ട് ഭീകരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥലമാണ്. ഈരാറ്റുപേട്ട നിരന്തരം വാർത്തകളിൽ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ മലപ്പുറം ജില്ല അങ്ങനെ ചിത്രീകരിക്കപ്പെട്ട സ്ഥലമാണ്. അതേപോലെ പാനായിക്കുളവും തീവ്രസ്വഭാവമുള്ള സ്ഥലമായി ഭീകരവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നത്. അല്ലാതെ പരിപാടിക്ക് അനുമതി നിഷേധിക്കാനുള്ള വാലിഡ് ആയ കാരണമൊന്നും കാണുന്നില്ല.
പാനായിക്കുളത്ത് നടത്തുന്നു എന്നതുകൊണ്ട് ആണെന്ന് തോന്നുന്നു, വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ അനുമതി നിഷേധിക്കപ്പെടാൻ സാധ്യതയില്ല എന്ന് എനിക്ക് തോന്നുന്നു. പൊലീസിനെതിരെയുള്ള വിമർശനം ഈ വിഷയത്തിൽ നമ്മൾ ഉന്നയിക്കുന്നുണ്ട്. സ്വാഭാവികമായും ഇങ്ങനെയുള്ള കെട്ടിച്ചമച്ച കേസുകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെ ചോദ്യം ചെയ്യുമ്പോൾ അത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ പൊലീസ് ആഗ്രഹിക്കുന്നുണ്ടാകും. നാളെ വെെകിട്ട് (മെയ് 2) ഇതൊരു പ്രതിഷേധ പരിപാടിയായാണ് നടക്കുക”. ഷംസീർ ഇബ്രാഹിം കീബോഡ് ജേണലിനോട് പറഞ്ഞു.
പാനായിക്കുളത്ത് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാറിനെ തീവ്രവാദ ക്യാംപാക്കി കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കപ്പെടുകയും തെളിവില്ലെന്ന് കണ്ടെത്തി ഹൈക്കോടതി വെറുതെ വിടുകയും ചെയ്തവർക്ക് വേദിയൊരുക്കിയ ഫ്രറ്റേണിറ്റിയുടെ പരിപാടിയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. ‘തീവ്രസ്വാഭാവമുണ്ടെന്ന്’ ആരോപിച്ചാണ് പരിപാടിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചത്.