മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡിന്‍റെ സമാന്തര പ്രദര്‍ശനം തടഞ്ഞ് പൊലീസ്
ലോകപ്രസിദ്ധ ചലച്ചിത്രകാരന്‍ മജീദ് മജീദിയുടെ മുഹമ്മദ് ദ മെസഞ്ജര്‍ ഓഫ് ഗോഡ് കേരള രാജ്യാന്തര ചലച്ചിത്രമേളയില് നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് ചിത്രം സമാന്തരമായി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇന്ന് വെെകുന്നേരം ആറുമണിക്ക് ടാഗോർ തീയേറ്റർ പരിസരത്ത് അതിജീവന കലാസംഘം സംഘടിപ്പിച്ച പ്രദര്ശനമാണ് പൊലീസ് തടഞ്ഞത്. പ്രദര്‍ശനം നടത്താൻ കൊണ്ടുവന്ന പ്രൊജക്ടറും പൊലീസ് പിടിച്ചെടുത്തു. 2015ൽ മജീദ് മജീദി സംവിധാനം ചെയ്ത ചിത്രത്തിന് ഇന്ത്യയില്‍ സെൻസർ അനുമതി നൽകിയിട്ടില്ല.
ഐഎഫ്എഫ്കെയില്‍ ചിത്രം ഉള്‍പ്പെടുത്തുകയും മേളയുടെയും സംസ്ഥാനത്തിന്‍റെയും അതിഥിയായി മജീദ് മജീദി തിരുവനന്തപുരത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സെൻസർ അനുമതി ലഭ്യമല്ലാത്തതിനാൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് ഡിസംബർ 10ന് രാത്രിയാണ് സംഘാടകർ പ്രേക്ഷകരെ അറിയിച്ചത്. അതേ ദിവസം തന്നെ നടന്ന ഒാപ്പൺ ഫോറത്തിൽ തന്‍റെ ചിത്രം എപ്പോഴാണ് പ്രദർശിപ്പിക്കുന്നത് എന്ന് മജീദ് മജീദി ചോദിച്ചിരുന്നെങ്കിലും മജീദിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടറായ ബീനാ പോളിന് കഴിഞ്ഞിരുന്നില്ല.
ഐഎഫ്എഫ്കെ വേദിയിൽ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതോടെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി സാംസ്കാരിക പ്രവർത്തകർ സിനിമയുടെ പ്രദർശനം നടത്തിയിരുന്നു.